Wednesday, March 14, 2012

സെല്‍വരാജിന്റെ മരുമകന്റെ നിയമനം വിജ്ഞാപനം ചെയ്യാത്ത തസ്തികയില്‍

ആര്‍ സെല്‍വരാജിന്റെ മരുമകന്‍ ഡേവിഡ് സാമുവലിനെ കുടുംബശ്രീയിലെ ഉന്നത തസ്തികയില്‍ നിയമിച്ചത് സകല നിയമങ്ങളും കാറ്റില്‍പ്പറത്തി. കുടുംബശ്രീക്കു കീഴിലെ രാജീവ് ആവാസ് യോജന പദ്ധതിയുടെ കപ്പാസിറ്റി ബില്‍ഡിങ് ഓര്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലാണ് 40,000 രൂപ ശമ്പളത്തില്‍ ഡേവിഡിനെ 13 ദിവസം മുമ്പ് തിരുകിക്കയറ്റിയത്. ചട്ടലംഘനത്തിനു പുറമെ പ്രവൃത്തിപരിചയത്തില്‍ ഇളവ് നല്‍കുന്നതിന് നിബന്ധനയിലും അധികൃതര്‍ ഭേദഗതി വരുത്തി. ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവന്നു.

തൃശൂര്‍ കോര്‍പറേഷന്‍ അതിര്‍ത്തിയിലെ ഒരു ഒഴിവിലേക്കുള്ള നിയമനത്തിനായാണ് കുടുംബശ്രീ വിജ്ഞാപനം ഇറക്കിയത്. ഈ ഒഴിവില്‍ ഒന്നാംറാങ്കുകാരനായ ടോണി തോമസിനെ നിയമിക്കുകയുംചെയ്തു. എന്നാല്‍ , ഈ പട്ടികയില്‍ മൂന്നാംറാങ്കുകാരനായ ഡേവിഡിനെ ഒരു വിജ്ഞാപനവുംകൂടാതെ ഇതേ തസ്തികയില്‍ കൊച്ചി കോര്‍പറേഷനില്‍ അനധികൃതമായി നിയമിക്കുകയായിരുന്നു. കൊച്ചി കോര്‍പറേഷന്‍ അതിര്‍ത്തിയിലെ ഒഴിവില്‍ നിയമനത്തിന് ഇതുവരെ കുടുംബശ്രീ വിജ്ഞാപനംപോലും നടത്തിയിട്ടില്ലെന്നിരിക്കെയാണ് ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുക പോലുംചെയ്യാതെ ഭരണത്തിന്റെ മറവില്‍ തിരുകിക്കയറ്റിയത്.

ഇതേ തസ്തികയില്‍ കഴിഞ്ഞ മേയില്‍ ഇറക്കിയ ആദ്യ വിജ്ഞാപനത്തില്‍ ഉദ്യോഗാര്‍ഥിക്ക് നഗരമേഖലയില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ,രണ്ടാം വിജ്ഞാപനത്തില്‍ ഇത് മൂന്നു വര്‍ഷമായി ചുരുക്കി. ഇത് ഡേവിഡിന് നിയമനം ഉറപ്പാക്കുന്നതിനായിരുന്നു. തസ്തികയില്‍ പരീക്ഷയ്ക്കുശേഷം ഇറക്കിയ പട്ടികയില്‍ പത്താം സ്ഥാനക്കാരനായിരുന്നു ഡേവിഡ്. എന്നാല്‍ , പിന്നീടു നടത്തിയ ഇന്റര്‍വ്യൂവിനുശേഷം മൂന്നാം റാങ്കുകാരനായി മാറി. ഇതും ദുരൂഹമാണ്. ഫെബ്രുവരി 29നാണ് സര്‍ക്കാര്‍ നിയമന ഉത്തരവ് ഇറക്കിയത്. ഇതര ഉദ്യോഗാര്‍ഥികളില്‍നിന്നു വിഭിന്നമായി നിയമനഉത്തരവ് ഡേവിഡ് കോര്‍പറേഷനില്‍ നേരിട്ട് ഹാജരാക്കുകയായിരുന്നു. നിയമനഉത്തരവിന്റെ അസ്സലുമായി ഉദ്യോഗാര്‍ഥി എത്തുന്നത് നഗരസഭയില്‍ ആദ്യ സംഭവമാണെന്ന് നഗരസഭയിലെ ജീവനക്കാര്‍ വ്യക്തമാക്കുന്നു.

സെല്‍വരാജ് രഹസ്യചര്‍ച്ചയ്ക്ക് മലപ്പുറത്തുമെത്തി

കഴിഞ്ഞമാസം അവസാനം മലപ്പുറത്തെത്തിയ ആര്‍ സെല്‍വരാജ് മുസ്ലിംലീഗ് നേതാക്കളുമായി രഹസ്യചര്‍ച്ച നടത്തി. ലീഗ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുമായായിരുന്നു കൂടിക്കാഴ്ച. രാജിക്കാര്യത്തില്‍ ലീഗിന്റെ എല്ലാവിധ പിന്തുണയും ഉറപ്പിക്കാനാണ് സെല്‍വരാജ് മലപ്പുറത്തെത്തിയതെന്നാണ് വിവരം. ഗസ്റ്റ് ഹൗസില്‍ സ്വന്തം പേരിലാണ് സെല്‍വരാജ് മുറി ബുക്ക്ചെയ്തത്. ലീഗ് എംഎല്‍എയുടെ കാറില്‍ സഞ്ചരിച്ച സെല്‍വരാജ് ഇദ്ദേഹത്തിനൊപ്പം ഭക്ഷണവും കഴിച്ചു. പിന്നീട് ഈ കാറിലാണ് രഹസ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചക്ക് പോയത്. മലപ്പുറത്ത് വരുന്നതിന് മുമ്പുതന്നെ കൂടിക്കാഴ്ചയുടെ തിരക്കഥ തയാറായിരുന്നു. ലീഗ് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷമാണ് സെല്‍വരാജ് രാജിതീരുമാനം ഉറപ്പിച്ചത്. സെല്‍വരാജിന്റെ മരുമകന് കൊച്ചി കോര്‍പറേഷനില്‍ 40,000 രൂപ ശമ്പളത്തില്‍ ജോലിലഭിച്ചത് പി കെ കുഞ്ഞാലിക്കുട്ടിയുടെ കീഴിലുള്ള നഗരവികസന വകുപ്പിന് കീഴിലാണ്.

deshabhimani 140312

1 comment:

  1. ആര്‍ സെല്‍വരാജിന്റെ മരുമകന്‍ ഡേവിഡ് സാമുവലിനെ കുടുംബശ്രീയിലെ ഉന്നത തസ്തികയില്‍ നിയമിച്ചത് സകല നിയമങ്ങളും കാറ്റില്‍പ്പറത്തി. കുടുംബശ്രീക്കു കീഴിലെ രാജീവ് ആവാസ് യോജന പദ്ധതിയുടെ കപ്പാസിറ്റി ബില്‍ഡിങ് ഓര്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലാണ് 40,000 രൂപ ശമ്പളത്തില്‍ ഡേവിഡിനെ 13 ദിവസം മുമ്പ് തിരുകിക്കയറ്റിയത്. ചട്ടലംഘനത്തിനു പുറമെ പ്രവൃത്തിപരിചയത്തില്‍ ഇളവ് നല്‍കുന്നതിന് നിബന്ധനയിലും അധികൃതര്‍ ഭേദഗതി വരുത്തി. ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവന്നു.

    ReplyDelete