Friday, October 12, 2012

കൊച്ചി മെട്രോ: വീണ്ടും അഴിമതിനീക്കം- പി രാജീവ്


കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍നിന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെയും (ഡിഎംആര്‍സി)}ഇ ശ്രീധരനെയും ഒഴിവാക്കാനുള്ള നീക്കങ്ങള്‍ വീണ്ടും സജീവമാകുകയാണെന്ന് പി രാജീവ് എംപി പറഞ്ഞു. കൊച്ചി മെട്രോപദ്ധതി സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ച് പണം തട്ടാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍തന്നെയാണ് ഗൂഢപ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. ഉദ്യോഗസ്ഥരെ മുന്നില്‍ നിര്‍ത്തിയുള്ള കളിക്കുപിന്നില്‍ വമ്പന്‍മാരുണ്ടെന്ന് വ്യക്തം.

മെട്രോ പദ്ധതി സുതാര്യവും സമയബന്ധിതവുമായി പൂര്‍ത്തിയാക്കാന്‍ ശ്രീധരന്റെ നേതൃത്വവും ഡിഎംആര്‍സിയുടെ സഹകരണവും ആവശ്യമാണ്. ടെന്‍ഡര്‍ നിര്‍ബന്ധമാണെന്നും മറ്റും പ്രചരിപ്പിച്ച് ഡിഎംആര്‍സിയെ ഒഴിവാക്കാനാണ് നീക്കം. ഈ മാസം 19ന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ പിന്‍മാറുകയാണെന്ന് കാണിച്ച് ഡിഎംആര്‍സി കത്തു നല്‍കിയെന്നാണ് സൂചന. ആഗോള ടെന്‍ഡര്‍ വിളിച്ചില്ലെങ്കില്‍ ജൈക്ക വായ്പ ലഭിക്കില്ലെന്നും വിശദമായ പദ്ധതിറിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കിയ സ്ഥാപനത്തിനുതന്നെ പദ്ധതിയുടെ നിര്‍മാണച്ചുമതല നല്‍കരുതെന്ന് കേന്ദ്ര വിജിലന്‍സ് കമീഷണറുടെ ഉത്തരവുണ്ടെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. പല പദ്ധതികളുടെയും ഡിപിആറും നിര്‍മാണവും ഒരേ സ്ഥാപനം ഏറ്റെടുത്തതിന് ഉദാഹരണങ്ങളുമുണ്ട്.

കൊല്‍ക്കത്ത മെട്രോയുടെ 3,4,5 ലൈന്‍ സംബന്ധിച്ച് ഡിപിആര്‍ തയ്യാറാക്കിയത് റെയില്‍വേ മന്ത്രാലയത്തിന്റെ കീഴിലുള്ള ആര്‍വിഎന്‍എല്‍ ആണ്. ഈ പൊതുമേഖലാസ്ഥാപനത്തെതന്നെയാണ് നിര്‍മാണച്ചുമതലയും ഏല്‍പ്പിച്ചത്. ഇത് ടെന്‍ഡര്‍ വിളിച്ചായിരുന്നില്ല, നോമിനേഷന്‍ രീതിയിലായിരുന്നു. കേന്ദ്രസര്‍ക്കാരോ സിവിസിയോ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയില്ല. സര്‍വീസ് ചാര്‍ജായി ആര്‍വിഎന്‍എല്‍ ഈടാക്കുന്നത് 9.2 ശതമാനമാണ്. എന്നാല്‍, കൊച്ചി മെട്രോയ്ക്ക് ഡിഎംആര്‍സി ആവശ്യപ്പെട്ടിരിക്കുന്നത് 6 ശതമാനവും. ഡല്‍ഹി വിമാനത്താവള റണ്‍വേയ്ക്ക് അടിയില്‍ ടണല്‍റോഡ് നിര്‍മിക്കാനുള്ള ഡിപിആര്‍ തയ്യാറാക്കിയ ഡിഎംആര്‍സിക്ക് നിര്‍മാണച്ചുമതലയും നല്‍കിയത് ടെന്‍ഡര്‍ ഇല്ലാതെ നോമിനേഷന്‍ വഴിയാണ്. ഡല്‍ഹി ഹൈക്കോടതിയുടെ അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിങ്ങും 450 കോടി രൂപ വകയിരുത്തലുള്ള ലിവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ഹോസ്പിറ്റലിന്റെയും നിര്‍മാണവും ഡിഎംആര്‍സിയെ ഏല്‍പ്പിച്ചത് ഇപ്രകാരം. കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു മെട്രോകളുടെ ഇടക്കാല കണ്‍സള്‍ട്ടന്റായി ഡിഎംആര്‍സിയെ നിശ്ചയിച്ചതും ടെന്‍ഡര്‍ ഇല്ലാതെയാണ്.

കേന്ദ്രനഗരവികസന മന്ത്രാലയത്തിന് 50 ശതമാനത്തിലധികം പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലെ നിര്‍മാണച്ചുമതലയും ഡിഎംആര്‍സിയെ ഏല്‍പ്പിച്ചത് നോമിനേഷന്‍ രീതിയിലാണ്. രാജസ്ഥാന്‍ സര്‍ക്കാര്‍ ജയ്പുര്‍ മെട്രോയുടെ ഡിപിആര്‍ തയ്യാറാക്കിയ ഡിഎംആര്‍സിയെ ഒന്നാംഘട്ട നിര്‍മാണച്ചുമതല ഏല്‍പ്പിച്ചത് ടെന്‍ഡര്‍ ഇല്ലാതെ ഡിപ്പോസിറ്റ് വ്യവസ്ഥയിലാണ്. ഇതെല്ലാം കാണിക്കുന്നത് ഡിപിആര്‍ തയ്യാറാക്കിയ സ്ഥാപനത്തെ നിര്‍മാണച്ചുമതല ഏല്‍പ്പിക്കാന്‍ നിലവിലുള്ള വ്യവസ്ഥ തടസ്സമല്ലെന്നാണ്. ഈ പദ്ധതികളിലൊന്നും കാണാത്ത തടസ്സങ്ങള്‍ ഇപ്പോള്‍ ചിലര്‍ കണ്ടെത്തുന്നത് ഡിഎംആര്‍സിയെ ഒഴിവാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടുകൂടി മാത്രമാണ്. കേന്ദ്ര നഗരവികസനമന്ത്രാലയം 50 ശതമാനം ഫണ്ട് നല്‍കി ഡിപിആര്‍ തയ്യാറാക്കിയ രാജ്യത്തെ ഏഴ് മെട്രോകളില്‍ കണ്‍സള്‍ട്ടന്‍സി ചുമതല ഡിഎംആര്‍സിയെ ഏല്‍പ്പിച്ചത് നോമിനേഷന്‍ രീതിയിലാണ്-രാജീവ് പറഞ്ഞു.

deshabhimani 131012

No comments:

Post a Comment