Friday, October 12, 2012

കോടതിമുമ്പാകെ നിരപരാധിത്വം തെളിയിച്ച് കാരായി രാജന്‍


കോടതിമുമ്പാകെ നിരപരാധിത്വം തെളിയിച്ച് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജന്‍. രാഷ്ട്രീയപ്രതിയോഗികളെ വേട്ടയാടന്‍ യുഡിഎഫ് ഭരണം കെട്ടിച്ചമച്ച കേസില്‍നിന്ന് കാരായി രാജനെ നീതിപീഠം മോചിപ്പിക്കുമ്പോള്‍ നാടാകെ ആഹ്ലാദത്തില്‍. നാടിനായി ജീവിതം സമര്‍പ്പിച്ച ഉത്തമനായ പൊതുപ്രവര്‍ത്തകനെ കേസില്‍ കുടുക്കി വേട്ടയാടുന്നവര്‍ക്കുള്ള മറുപടിയാണ് തലശേരി പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി വിധി. വധശ്രമഗൂഢാലോചനക്കേസില്‍ സിപിഐ എം നേതാക്കളെ കുടുക്കാന്‍ അണിയറയിലും അരങ്ങിലും കരുനീക്കിയവരെ നിരാശരാക്കുന്നതാണ് ഈ വിധി. ക്വട്ടേഷന്‍സംഘത്തിലെ ആഭ്യന്തരകലഹത്തെതുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റ സംഭവം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള പൊലീസിന്റെ ഹീനശ്രമത്തിനേറ്റ തിരിച്ചടിയുമാണിത്.

യുഡിഎഫ് ഭരണത്തില്‍ 2004ലാണ് സിപിഐ എം തലശേരി ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജനെ ഗൂഢാലോചനക്കേസില്‍ പ്രതിചേര്‍ക്കുന്നത്. ഉന്നതതല ആസൂത്രണത്തിന്റെ ഭാഗമായിരുന്നു ഈ നടപടി. സുഹൃത്തിനൊപ്പം വീട്ടിലേക്ക് സൈക്കിള്‍ ഉരുട്ടിപ്പോവുമ്പോള്‍ കൊളശേരി ടൗണിനടുത്ത ഇടത്തിലമ്പലം റോഡില്‍വച്ച് വിനേഷിനെ സിപിഐ എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. കൊളശേരിയില്‍നിന്ന് രണ്ടര കിലോമീറ്റര്‍ കിഴക്ക് എളയടത്തുമുക്കിലാണ് തന്റെ വീടെന്ന് കേസിലെ ഒന്നാംസാക്ഷികൂടിയായ വിനേഷ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കട്ടുകഥയില്‍ പൊലീസിന് പറ്റിയ അമളിയായിരുന്നു ഇടത്തിലമ്പലത്തെ വീടെന്ന പ്രയോഗം.

സംഭവദിവസം കൊളശേരിയില്‍ സിപിഐ എം പ്രവര്‍ത്തകനായ ടി എം സനൂപിനെ ആര്‍എസ്എസുകാര്‍ ആക്രമിച്ചിരുന്നു. രാത്രി ഏഴരമണിക്കുണ്ടായ അക്രമത്തില്‍ പരിക്കേറ്റ യുവാവിനെ എട്ടേകാലിന് തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. വിനേഷിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ ഒന്നാംപ്രതികൂടിയായ സനൂപിനെ പത്താംപ്രതിയായ ജിത്തുവാണ് ആശുപത്രിയിലെത്തിച്ചത്. വിചാരണക്കോടതിമുമ്പാകെ സനൂപിന്റെ ചികിത്സാരേഖ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ ആദ്യം തയാറായിരുന്നില്ല.

ഏതാനും മാസമായി പൊലീസും സിബിഐയും ചേര്‍ന്നുള്ള വേട്ടയാടലിന്റെ ഇരകൂടിയാണ് കാരായി രാജന്‍. പാര്‍ടിക്ക് ഒരു ബന്ധവുമില്ലാത്ത ഫസല്‍വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കാരായി രാജന്‍ നൂറ്റിപ്പത്ത് ദിവസത്തിലേറെയായി ജയിലില്‍ കഴിയുകയാണ്. കേസില്‍ കാരായി രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ നിരപരാധിയാണെന്നും യഥാര്‍ഥ പ്രതികള്‍ തിരശീലക്കുപിന്നില്‍ ഒളിച്ചിരിക്കുന്നുണ്ടെന്നും അന്വേഷകസംഘത്തിനടക്കം ബോധ്യമായിട്ടും നിരപരാധികള്‍ ക്രൂശിക്കപ്പെടുന്നു.

വിനേഷ് കേസില്‍ കോടതി കണ്ടെത്തിയതുപോലെ ഫസല്‍ കേസിലും കാരായി രാജന്‍ ഉള്‍പ്പെടെയുള്ളവരുടെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഭരണത്തെയും അന്വേഷണസംവിധാനത്തെയും ദുരുപയോഗിച്ച് കള്ളക്കേസിലൂടെ സിപിഐ എമ്മിനെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഒടുവില്‍ നിരാശരാകേണ്ടിവരുമെന്നാണ് ഇപ്പോത്തെ കോടതിവിധി തെളിയിക്കുന്നത.് കൊളശേരിക്കേസിലെ വിധി അറിയാനും കാരായി രാജനെ നേരില്‍ കാണാനും ജില്ലാ കോടതിയില്‍ ബുധനാഴ്ച നിരവധിപേരെത്തിയിരുന്നു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പുഞ്ചയില്‍ നാണു, ഇ നാരായണന്‍ തുടങ്ങിയവര്‍ കോടതിയിലെത്തി കാരായി രാജനെ കണ്ടു. ഫസല്‍ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണിപ്പോഴും കാരായി രാജന്‍. വിനേഷ് കേസില്‍ വെറുതെവിട്ടെങ്കിലും ഫസല്‍കേസില്‍ ഇനി ജാമ്യം ലഭിക്കേണ്ടതുണ്ട്.

deshabhimani 121012

1 comment:

  1. കോടതിമുമ്പാകെ നിരപരാധിത്വം തെളിയിച്ച് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജന്‍. രാഷ്ട്രീയപ്രതിയോഗികളെ വേട്ടയാടന്‍ യുഡിഎഫ് ഭരണം കെട്ടിച്ചമച്ച കേസില്‍നിന്ന് കാരായി രാജനെ നീതിപീഠം മോചിപ്പിക്കുമ്പോള്‍ നാടാകെ ആഹ്ലാദത്തില്‍. നാടിനായി ജീവിതം സമര്‍പ്പിച്ച ഉത്തമനായ പൊതുപ്രവര്‍ത്തകനെ കേസില്‍ കുടുക്കി വേട്ടയാടുന്നവര്‍ക്കുള്ള മറുപടിയാണ് തലശേരി പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി വിധി. വധശ്രമഗൂഢാലോചനക്കേസില്‍ സിപിഐ എം നേതാക്കളെ കുടുക്കാന്‍ അണിയറയിലും അരങ്ങിലും കരുനീക്കിയവരെ നിരാശരാക്കുന്നതാണ് ഈ വിധി. ക്വട്ടേഷന്‍സംഘത്തിലെ ആഭ്യന്തരകലഹത്തെതുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റ സംഭവം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള പൊലീസിന്റെ ഹീനശ്രമത്തിനേറ്റ തിരിച്ചടിയുമാണിത്.

    ReplyDelete