പാണക്കാട് തങ്ങള്‍കുടുംബം അഴിമതി കേസില്‍ അന്വേഷണം നേരിടുന്നത് ചരിത്രത്തില്‍ ആദ്യം. വിജിലന്‍സ് അന്വേഷണം പാണക്കാട് തറവാട്ടിലേക്ക് എത്തുമ്പോള്‍ അത് ലീഗിന് മായാകളങ്കമാകും. തങ്ങള്‍ ചെയര്‍മാനായ ഗ്രേസ് എജ്യുക്കേഷന്‍ സൊസൈറ്റിയാണ് സി എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫോര്‍ ഡെവലപ്പിങ് സൊസൈറ്റിക്കുവേണ്ടി ഭൂമി നേടാന്‍ അപേക്ഷ നല്‍കിയത്. ലീഗിലെ സമ്പന്ന പ്രമാണിമാരുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി പാണക്കാട് തങ്ങള്‍മാരെ ഉപയോഗിക്കുന്നുവെന്ന ആരോപണം പാര്‍ടിയില്‍ ശക്തമാണ്. വിജിലന്‍സ് അന്വേഷണംകൂടി പ്രഖ്യാപിച്ചതോടെ ലീഗിലെ സാധാരണ പ്രവര്‍ത്തകരോട് ഉത്തരം പറയാന്‍ പാര്‍ടി ഏറെ ബുദ്ധിമുട്ടേണ്ടിവരും.
ഗ്രേസ് എജ്യുക്കേഷന്‍ സൊസൈറ്റി ഭാരവാഹികള്‍ മിക്കവരും ലീഗ് ജില്ലാ നോതക്കളും ലീഗിന്റെ വിവിധ പോഷകസംഘടനാ ഭാരവാഹികളുമാണ്. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സയ്യിദ് അബുദുള്‍ അഷറഫ് ലീഗിന്റെ കീഴിലുള്ള കെഎംസിസി റിയാദ് ഘടകം ഭാരവാഹിയാണ്. സെക്രട്ടറി ഹനീഫ മൂന്നിയൂര്‍ പ്രവാസി ലീഗിന്റെയുംലീഗ് സഹകരണ യൂണിയന്റെയും ജില്ലാ സെക്രട്ടറിയും ലീഗ് മൂന്നിയൂര്‍ പഞ്ചായത്ത് സെക്രട്ടറിയുമാണ്. മറ്റൊരു സെക്രട്ടറി ടി മുജീബ് റഹ്മാന്‍ ലീഗിന്റെ ഹയര്‍സെക്കന്‍ഡറി അധ്യാപക സംഘടനയായ കെഎച്ച്എസ്ടിയു ഭാരവാഹിയാണ്. ട്രഷറര്‍ കുറുക്കോളി മൊയ്തീന്‍ ലീഗ് കര്‍ഷക സംഘടനയായ കേരള സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരൂരില്‍ ലീഗ് സ്ഥാനാര്‍ഥിയാക്കാന്‍ പരിഗണിച്ചിരുന്നു. വൈസ് ചെയര്‍മാന്‍ എ പി ഇബ്രാഹിം മുഹമ്മദ് ലീഗ് പ്രാദേശിക നേതാവും പ്രവാസിയുമാണ്.
മുസ്ലീംലീഗിന് ഒന്നുമറിയില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപിയും കെപിഎ മജീദും
മലപ്പുറം: കലിക്കറ്റ് സര്‍വകലാശാലയിലെ വിവാദ ഭൂമിദാന നീക്കം സംബന്ധിച്ച് മുസ്ലീംലീഗിന് ഒന്നുമറിയില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപിയും ജനറല്‍ സെക്രട്ടറി കെപിഎ മജീദും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിന്‍ഡിക്കേറ്റ് എടുത്ത തീരുമാനത്തില്‍ ലീഗിനോ നേതാക്കള്‍ക്കോ പങ്കില്ല. അതുതന്നെയാണ് ഇപ്പോഴും പറയുന്നത്. ഭൂമി ആവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അപേക്ഷ നല്‍കിയതിനെക്കുറിച്ച് അറിയില്ല. ഭൂമിക്ക് അപേക്ഷ നല്‍കിയ ട്രസ്റ്റുകളില്‍ ലീഗുകാരുണ്ടാവുക സ്വാഭാവികമാണ്. പാര്‍ടി ഒരുപാട് ട്രസ്റ്റുകള്‍ നടത്തുന്നുണ്ട്. അവരൊക്കെ അപേക്ഷ നല്‍കുന്നത് പാര്‍ടിയോട് ചോദിച്ചിട്ടല്ല. വിജിലന്‍സ് അന്വേഷണത്തെ നിയമപരമായി നേരിടുമെന്നും നേതാക്കള്‍ പറഞ്ഞു.
deshabhimani 121012
No comments:
Post a Comment