Thursday, March 14, 2013
16 കഴിഞ്ഞാല്‍ ലൈംഗികബന്ധം കുറ്റമല്ലാതാക്കാന്‍ ശുപാര്‍ശ
സമ്മതത്തോടെ ലൈംഗിക ബന്ധത്തിനുള്ള കുറഞ്ഞ പ്രായം 16 ആയി നിലനിര്‍ത്തണമെന്ന് പ്രത്യേക മന്ത്രി സമിതി. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാനുള്ള നിര്‍ദ്ദിഷ്ട നിയമവുമായി ബന്ധപ്പെട്ട് മന്ത്രിസഭയില്‍ ഉയര്‍ന്ന തര്‍ക്കം പരിഹരിക്കാന്‍ നിയോഗിച്ച സമിതിയാണ് കുറഞ്ഞ പ്രായപരിധി 16 ആയി നിലനിര്‍ത്തണമെന്ന് ശുപാര്‍ശ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള കുറഞ്ഞ പ്രായപരിധി 16 ആണ്. എന്നാല്‍ ഡല്‍ഹി കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഇത് 18 ആക്കി ഉയര്‍ത്തി. വനിത ശിശുക്ഷേമ മന്ത്രാലയം ഇതേ വ്യവസ്ഥ തന്നെ നിയമത്തിലും ഉള്‍പ്പെടുത്തണമെന്ന് വാദിച്ചു. കുട്ടികള്‍ക്കെതിരായ അക്രമം തടയാനുള്ള നിയമം അനുസരിച്ച് 18 വയസില്‍ താഴെയുള്ളവരെല്ലാം പ്രായപൂര്‍ത്തിയാവാത്തവര്‍ എന്ന വിഭാഗത്തിലാണെന്നും വാദമുണ്ടായി. പ്രായപൂര്‍ത്തിയാവാത്തവരുമായി നടത്തുന്ന ലൈംഗിക ബന്ധത്തെ ബലാത്സംഗമായി പരിഗണിക്കണമെന്ന വാദത്തില്‍ വനിത ശിശു ക്ഷേമ മന്ത്രി കൃഷ്ണ തീരഥ് ഉറച്ചുനിന്നു.
എന്നാല്‍ കൗമാരക്കാര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെ പുലര്‍ത്തുന്ന ശാരീരിക ബന്ധത്തിന്റെ പേരില്‍ വ്യാജപരാതികള്‍ ഉയരാന്‍ ഉയര്‍ന്ന പ്രായപരിധി ഇടയാക്കുമെന്നായിരുന്നു മറ്റ് മന്ത്രിമാരുടെ നിലപാട്. സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് വിധിക്കാന്‍ ഹൈക്കോടതി ആധാരമാക്കിയത് പ്രായപരിധിയായിരുന്നു. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടി 16 വയസ് പിന്നിട്ടിരുന്നു. പരസ്പര ബന്ധത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് വിധി കല്‍പ്പിച്ച കോടതി 16 വയസ് പിന്നിട്ടതിനാല്‍ ബലാത്സംഗമായി അതിനെ കാണാനാവില്ലെന്നും വ്യക്തമാക്കി.
സൂര്യനെല്ലി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പി ജെ കുര്യനെതിരെ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മന്ത്രിസമിതിയുടെ തീരുമാനമെന്നത് ശ്രദ്ധേയമാണ്. നിര്‍ദ്ദിഷ്ട നിയത്തിലെ വ്യവസ്ഥകളെ സംബന്ധിച്ച് മന്ത്രിസഭയ്ക്ക് സമവായത്തില്‍ എത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പി ചിദംബരത്തിന്റെ അധ്യക്ഷതയില്‍ പ്രത്യേക സമിതി രൂപീകരിച്ചത്. മന്ത്രിസഭ ബില്‍ വ്യാഴാഴ്ച പരിഗണനക്കെടുക്കും. ബില്ലിനെ കുറിച്ച് തിങ്കളാഴ്ച സര്‍വകക്ഷി യോഗത്തിലും ചര്‍ച്ച നടക്കും.
deshabhimani 140313
Labels:
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment