Thursday, March 14, 2013
കഴിഞ്ഞ ബജറ്റ് പ്രഖ്യാപനം മിക്കതും പാഴ്വാക്ക്
സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിന് മണിക്കൂറുകള്‍മാത്രം ശേഷിക്കെ കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങളില്‍ ഏറിയപങ്കും ഇപ്പോഴും കടലാസില്‍. ധനമന്ത്രി കെ എം മാണി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച 253 പദ്ധതികളില്‍ നാമമാത്രമാണ് ഇതിനകം നടപ്പാക്കിയത്. 150ലേറെ പ്രഖ്യാപനങ്ങള്‍ക്ക് അടുത്ത ബജറ്റായിട്ടും ധനവകുപ്പ് ഭരണാനുമതി നല്‍കിയിട്ടില്ല. ചില വന്‍കിട പദ്ധതികളുടെ രൂപരേഖപോലും ഇതുവരെ തയ്യാറാക്കിയിട്ടില്ല. പൈനാപ്പിള്‍ മിഷന്‍ മുതല്‍ വയനാട്ടില്‍ വിമാനത്താവളം വരെ സ്ഥാപിക്കുമെന്നായിരുന്നു മാണിയുടെ പ്രഖ്യാപനം. 15ന് തന്റെ പതിനൊന്നാമത്തെ ബജറ്റ് അവതരിപ്പിക്കാന്‍ മാണി തയ്യാറെടുക്കുകയാണ്. കൃഷി, വ്യവസായം, അടിസ്ഥാനസൗകര്യവികസനം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുമെന്നായിരുന്നു മാണി കഴിഞ്ഞ മാര്‍ച്ച് 19ന് നടത്തിയ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. കാര്‍ഷികമേഖലയില്‍ പ്രഖ്യാപിച്ച റൈസ് ബയോ പാര്‍ക്ക്, നാളികേര ബയോ പാര്‍ക്ക്, ഗ്രീന്‍ ഹൗസ് എന്നിവ ഇപ്പോഴും കടലാസില്‍ത്തന്നെ. വ്യവസായം, വൈദ്യുതി, വിദ്യാഭ്യാസം എന്നീ രംഗങ്ങളിലും ബജറ്റ് പ്രഖ്യാപനം പാഴ്വാക്കായി.
53 മെഗാവാട്ട് ശേഷിയുള്ള അഞ്ച് ചെറുകിട ജലവൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കുമെന്ന് മാണി പ്രസംഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഒരു മെഗാവാട്ട് ശേഷിയുള്ള നിലയംപോലും യാഥാര്‍ഥ്യമായില്ല. പതിനായിരം വീടുകളുടെ മേല്‍ക്കൂരയില്‍ സൗരവൈദ്യുത പ്ലാന്റ് സ്ഥാപിക്കുമെന്നതും നടപ്പായിട്ടില്ല. പുതുവൈപ്പിനിലെ 1200 മെഗാവാട്ട് നിലയവും വെറും പ്രഖ്യാപനമായി. അപകടത്തില്‍പ്പെടുന്നവര്‍ക്കായി എല്ലാ മെഡിക്കല്‍ കോളേജിലും ട്രോമ കെയര്‍ യൂണിറ്റ് ആരംഭിക്കുമെന്ന് പറഞ്ഞതും വെറുതെയായി. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്ലാത്ത എട്ടു ജില്ലയില്‍ അവ തുടങ്ങുമെന്ന പ്രഖ്യാപനവും മറ്റൊരു തട്ടിപ്പായി. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള പ്രാരംഭ ചെലവുകള്‍ക്ക് 50 കോടി നീക്കിവച്ചെങ്കിലും ഒരു രൂപ പോലും നല്‍കിയിട്ടില്ല. പൈപ്പ് പൊട്ടലിന് ശാശ്വതപരിഹാരം കാണുമെന്ന പ്രഖ്യാപനം ഇപ്പോഴും നോക്കുകുത്തിയാണ്. പഴക്കംചെന്ന പൈപ്പ് മാറ്റിയിടാന്‍ 85 കോടി രൂപയാണ് വകയിരുത്തിയത്. എന്നാല്‍, തലസ്ഥാനത്തടക്കം പൈപ്പ് പൊട്ടല്‍ തുടരുകയാണ്.
അതിവേഗ റെയില്‍ കോറിഡോര്‍, ഇടുക്കി, വയനാട് ജില്ലകളിലെ വിമാനത്താവളം, വിമാനത്താവളം ഇല്ലാത്ത ജില്ലകളില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച എയര്‍ സ്ട്രിപ്പ് പദ്ധതി എന്നിവയും ബജറ്റ് പ്രസംഗത്തില്‍ ഒതുങ്ങി. അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവച്ച 50 കോടി സര്‍ക്കാരിന് മിച്ചം. തിരുവനന്തപുരത്തെ മോണോ റെയില്‍ പദ്ധതിയും അനിശ്ചിതത്വത്തിലാണ്. തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ പേഴ്സണല്‍ റാപ്പിഡ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം എന്തായെന്ന് ആര്‍ക്കുമറിയില്ല. നെല്‍ക്കൃഷിക്കാരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ കുട്ടനാട്ടും പാലക്കാട്ടും റൈസ് ബയോ പാര്‍ക്ക് സ്ഥാപിക്കുമെന്നായിരുന്നു വാഗ്ദാനം. പത്ത് കോടി രൂപ വകയിരുത്തിയെങ്കിലും രൂപരേഖപോലും തയ്യാറാക്കിയിട്ടില്ല. നാളികേര ബയോ പാര്‍ക്കിന്റെ സ്ഥിതിയും മറിച്ചല്ല. മൂന്ന് പാര്‍ക്കുകള്‍ക്കുമായി ബജറ്റില്‍ വകയിരുത്തിയ 15 കോടിയുടെ കാര്യം കൃഷിവകുപ്പ് തന്നെ മറന്നു. മൂല്യവര്‍ധിത പച്ചക്കറി വര്‍ഷത്തിലുടനീളം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിനായി പ്രഖ്യാപിച്ച ഗ്രീന്‍ഹൗസ് പദ്ധതിയും എങ്ങും എത്തിയിട്ടില്ല. ഇതിനുള്ള 45 കോടിയില്‍ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. പദ്ധതിയിലേക്കു ലഭിച്ച 1500 അപേക്ഷകള്‍ കൃഷി ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നു.
തൊഴില്‍ വൈദഗ്ധ്യ വികസന പദ്ധതി, ഉറവിട മാലിന്യസംസ്കരണം, കേരള ഇന്നോവേഷന്‍ മിഷന്‍, ആയുര്‍വേദ സര്‍വകലാശാല, എല്ലാ ജില്ലയിലും മെഡിക്കല്‍ കോളേജ്, തീരമൈത്രി, ഗാര്‍ഹിക കോഴിവളര്‍ത്തല്‍, 2000 സഹകരണ വിപണന കേന്ദ്രങ്ങള്‍, സീപ്ലെയിന്‍, എഡ്യൂസിറ്റി, ബഹുനില വ്യവസായ എസ്റ്റേറ്റ്, എയ്റോ സ്പേസ് സെന്റര്‍, കശുവണ്ടി ബാങ്ക്, 50 പുതിയ ടൂറിസ്റ്റ് കേന്ദ്രം, ടൂറിസം പ്രൊമോഷന്‍ ബോര്‍ഡ്, ഈസ്റ്റേണ്‍ എക്കോ സര്‍ക്യൂട്ട്...... ഒരു വര്‍ഷം തികഞ്ഞിട്ടും കടലാസ് പണിപോലും തുടങ്ങാത്ത പ്രഖ്യാപനങ്ങളുടെ പട്ടിക ഇനിയും നീളും.
(കെ ശ്രീകണ്ഠന്‍)
deshabhimani 140313
Labels:
ബജറ്റ്,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment