Thursday, March 14, 2013
കെഎസ്ആര്‍ടിസിക്ക് സപ്ലൈകോ ഡീസല്‍ അപ്രായോഗികം
സിവില്‍ സപ്ലൈസ് പമ്പുകള്‍ക്ക് എണ്ണക്കമ്പനികള്‍ നല്കുന്ന ഡീസല്‍ കെഎസ്ആര്‍ടിസി ഡിപ്പോകളിലെ പമ്പുകളിലേക്കു മാറ്റാനുള്ള നിര്‍ദേശം അപ്രായോഗികം. കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി സമര്‍പ്പിച്ച ഈ നിര്‍ദേശം നടപ്പാക്കുമ്പോള്‍, എണ്ണക്കമ്പനികളില്‍നിന്ന് പമ്പുകളിലേക്കുള്ള ഇന്ധനനീക്കം നിയന്ത്രിക്കുന്ന രണ്ട് കേന്ദ്രനിയമങ്ങളും എക്സ്പ്ലോസീവ് നിയമവും തടസ്സമാകും. പമ്പുകളില്‍ പോയി ഇന്ധനം നിറയ്ക്കാതെ ഡിപ്പോകളില്‍ ഇന്ധനമെത്തിച്ച് ഉപയോഗിക്കാനുള്ള നിര്‍ദേശം വന്‍തട്ടിപ്പിന് വഴിവയ്ക്കുമെന്നും ആക്ഷേപമുണ്ട്. സപ്ലൈകോക്കു കീഴിലുള്ള 17 പമ്പുകളില്‍നിന്ന് സംസ്ഥാനത്താകെയുള്ള കെഎസ്ആര്‍ടിസി ഡിപ്പോകളിലെ 67 പമ്പുകളിലേക്ക് ഡീസല്‍ എത്തിക്കാനാണ് സമിതിയുടെ നിര്‍ദേശം. കേന്ദ്രത്തിന്റെ മോട്ടോര്‍ സ്പിരിറ്റ് ആന്‍ഡ് ഹൈസ്പീഡ് ഡീസല്‍ കണ്ട്രോള് ആക്ട് (എംഎസ്എച്ച്എസ്സി), ഓയില്‍ മാര്‍ക്കറ്റിങ് ഡിസിപ്ലിന്‍ ഗൈഡ്ലൈന്‍സ്, എക്സ്പ്ലോസീവ് നിയമം എന്നിവ ഈ നിര്‍ദേശം നടപ്പാക്കാന്‍ തടസ്സമാകും. എണ്ണക്കമ്പനികള്‍ ബില്ലു ചെയ്യുന്ന വന്‍ അളവിലുള്ള ഡീസല്‍ അതേപടി മറ്റൊരിടത്തേക്കു കൊണ്ടുപോകാനാകില്ലെന്നതാണ് പ്രധാന തടസ്സം. അങ്ങനെ കൊണ്ടുപോകാന്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ടാകില്ല. പമ്പില്‍ ഇറക്കുന്ന ഡീസല്‍ പിന്നീട് മൊത്തത്തില്‍ വാങ്ങിക്കൊണ്ടുപോകാനും പറ്റില്ല. ഒന്നിച്ച് 2500 ലിറ്ററില്‍ കൂടുതല്‍ വില്‍പ്പന പാടില്ലെന്നും കേന്ദ്രനിയമത്തില്‍ പറയുന്നു. ഏതെങ്കിലും പമ്പിലേക്ക് കമ്പനി നല്കുന്ന ഇന്ധനം ലീഗല്‍ മെട്രോളജി സീല്‍ ചെയ്ത അവിടത്തെ മീറ്ററിലൂടെ മാത്രമെ വില്‍ക്കാവൂ എന്നുമുണ്ട്. മൂന്നുമാസത്തിലൊരിക്കല്‍ ഇതിന്റെ പരിശോധന നടക്കും. ഈ സാഹചര്യത്തില്‍ അധികബാധ്യതയും അപകടസാധ്യതയും ഏറ്റെടുക്കാന്‍ സിവില്‍ സപ്ലൈസ് തയ്യാറാകുമോ എന്ന് കണ്ടറിയണം.
സിവില്‍ സപ്ലൈസ് പമ്പുകളില്‍ ബസുകള്‍ എത്തിച്ച് ഇന്ധനം നിറയ്ക്കുന്നത് അപ്രായോഗികമാണെന്ന വാദമുന്നയിച്ചാണ് ഡിപ്പോകളിലേക്ക് ഇന്ധനമെത്തിക്കാന്‍ ശ്രമിക്കുന്നത്. സിവില്‍ സപ്ലൈസ് പമ്പുകളില്‍ ആവശ്യത്തിന് സ്ഥലസൗകര്യമില്ലെന്നും യാത്രക്കാരെക്കയറ്റി ഇന്ധനം നിറയ്ക്കാനാകില്ലെന്നുമാണ് കെഎസ്ആര്‍ടിസിയുടെ വാദം. കേന്ദ്രം ഡീസല്‍ സബ്സിഡി റദ്ദാക്കിയപ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ ചെയ്തത്, ബസുകളിലെ ആവശ്യമനുസരിച്ച് സ്വകാര്യ പമ്പുകളില്നിന്നുള്പ്പെടെ ഇന്ധനം നിറയ്ക്കുകയാണ്. ഇതിനായി ബില്ലും വാങ്ങുന്ന ഇന്ധനത്തിന്റെ അളവും വിലയും രേഖപ്പെടുത്താനുള്ള ലോഗ്ബുക്കും ബസില്‍ സൂക്ഷിക്കുന്നു. കേരളത്തില്‍ ഇന്ധനം മൊത്തമായി വാങ്ങി ഡിപ്പോകളില്‍ ശേഖരിച്ചശേഷം ഉപയോഗിക്കാനുള്ള നീക്കം, വാങ്ങുന്നതും ഉപയോഗിക്കുന്നതുമായ ഡീസലിന്റെ കണക്കിലും അളവിലും ക്രമക്കേടു കാണിക്കാനാണെന്ന ആക്ഷേപവുമുണ്ട്. കൂടിയ വിലയ്ക്ക് ഇന്ധനം ചില്ലറവില്‍പ്പന നടത്തുന്ന റിലയന്‍സ് പോലുള്ള സ്വകാര്യ കമ്പനികള്‍ ഈ സംവിധാനം ദുരുപയോഗിക്കാനും സാധ്യതയേറെ. നിലവില്‍ പൊതുമേഖലാ പമ്പുകളിലേതിനേക്കാള് 14 രൂപ ഉയര്‍ത്തിയാണ് റിലയന്‍സ് പമ്പുകളില്‍ വില്‍ക്കുന്നത്. പൊതുമേഖലാ പമ്പുകളിലേക്കു നല്കുന്ന സബ്സിഡിനിരക്കിലുള്ള ഡീസല്‍ മൊത്തമായി വാങ്ങാമെന്നു വന്നാല്‍, ആ സൗകര്യം അവര്‍ ദുരുപയോഗിക്കും. വന്‍കിട ഉപഭോക്താവെന്ന പേരില്‍ ഡീസല്‍ സബ്സിഡി നീക്കിയശേഷം നിലവില്‍ ലിറ്ററിന് 63.32 രൂപയ്ക്കാണ് കെഎസ്ആര്‍ടിസി ഡീസല്‍ വാങ്ങുന്നത്. പമ്പുകളില്‍ 50.84 രൂപയാണ് വില. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനങ്ങളെക്കുറിച്ച് ഓയില്‍ കമ്പനികളുടെ മേല്‍നോട്ട ചുമതലയുള്ള ഡിവിഷണല്‍ ഉദ്യോഗസ്ഥര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
deshabhimani 140313
Labels:
പൊതുഗതാഗതം,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment