Monday, March 11, 2013
ഇതാ, നിറംപിടിപ്പിക്കാത്ത ചരിത്രസ്മരണകള്‍
കണ്ണൂര്‍: കേരളത്തിന്റെ ചോരയിരമ്പുന്ന പോരാട്ടങ്ങള്‍ക്ക് സമര്‍പ്പിതമാണ് ഈ നിറങ്ങള്‍. നാടിന്റെ ചരിത്രം തിരുത്തിയെഴുതിയ മുന്നേറ്റങ്ങള്‍ ഖനീഭവിച്ചുകിടക്കുന്നുണ്ട് ഇതില്‍. മുതലാളിത്തത്തിന്റെ തുടലുകള്‍ പൊട്ടിച്ചെറിയാന്‍ വെമ്പല്‍കൊണ്ട കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ചെടുക്കാം ഈ വരകളില്‍. ആധുനിക കേരളത്തിന്റെ പിറവി കുറിക്കുന്ന നവോത്ഥാനത്തിന്റെ നാള്‍വഴികളിലൂടെയാണ് ഈ നിറങ്ങളുടെ സഞ്ചാരം. സിഐടിയു ദേശീയ സമ്മേളനത്തിന്റെ ഭാഗമായി പയ്യാമ്പലത്ത് നടന്ന ചിത്രകലാക്യാമ്പിലാണ് അമരസ്മരണകള്‍ക്ക് ചിത്രഭാഷ്യം ഒരുങ്ങിയത്.
കൂറ്റന്‍ ക്യാന്‍വാസുകളിലൊന്ന് നാല്‍പതുകളിലെ സാമൂഹ്യജീവിതം ഓര്‍മിപ്പിക്കുന്നുണ്ട്. മാറുമറയ്ക്കാത്ത സ്ത്രീയും മുട്ടറ്റം മറയാത്ത മുണ്ടുടുത്ത കര്‍ഷക തൊഴിലാളിയും മനുഷ്യന്‍ പുഴുക്കളെപ്പോലെ കഴിഞ്ഞിരുന്ന കാലത്തെ അടയാളപ്പെടുത്തുന്നു. അന്നത്തെ തൊഴിലിടങ്ങള്‍ ചിത്രീകരിക്കുന്ന ഈ വരകള്‍ക്കിടയില്‍ പ്രത്യാശാഭരിതമായ ഭാവിയിലേക്ക് ഉദിച്ചുയരുന്ന ചെങ്കൊടിയുണ്ട്. രാജേന്ദ്രന്‍ പുല്ലൂരിന്റേതാണ് ഈ ചിത്രം. "ജവഹര്‍ഘട്ടെ"ന്ന ചിത്രം കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് രക്തസാക്ഷികളായ അബുവിന്റെയും ചാത്തുക്കുട്ടിയുടെയും ജീവത്യാഗത്തിന്റെ വൈകാരികത ഏറ്റുവാങ്ങുന്നു. അബുവിനെയും ചാത്തുക്കുട്ടിയെയും ഒന്നിപ്പിക്കുന്ന രക്തസാക്ഷിത്വത്തിന്റെ മഹാസന്ദേശമാണ് പൊന്ന്യം ചന്ദ്രന്റെ ചിത്രം. തില്ലങ്കേരിയുടെ രക്തസാക്ഷിത്വമാണ് എ സത്യനാഥിന്റെ ചിത്രത്തില്‍. ഒഞ്ചിയത്തിന്റെ തീക്ഷ്ണമായ രാഷ്ട്രീയജീവിതവും മോറാഴ സംഭവവും സെല്‍വരാജ് കോഴിക്കോടിന്റെ രണ്ടു ചിത്രങ്ങളില്‍ നിറയുന്നു. ഓര്‍മകളിലെ വളപട്ടണമാണ് ടി ടി ഉണ്ണികൃഷ്ണന്റെ ക്യാന്‍വാസില്‍. വാണിജ്യനഗരത്തിലേക്കുള്ള വളപട്ടണത്തിന്റെ വളര്‍ച്ചയാണ് ചിത്രത്തിന്റെ പ്രമേയം. തടി വ്യവസായവും ഓട്ടുകമ്പനികളും കണ്ടലും തീവണ്ടിയും ജീവസ്സുറ്റ അന്തരീക്ഷം നിറക്കുന്നുണ്ട് ചിത്രത്തില്‍.
മഹാരഥന്മാര്‍ അന്ത്യവിശ്രമംകൊള്ളുന്ന പയ്യാമ്പലത്തിനാണ് ജഗേഷ് എടക്കാട് നിറം നല്‍കിയത്. നായനാരും ചടയനും അഴിക്കോടും സ്വദേശാഭിമാനിയും പയ്യാമ്പലത്തിലെ അസ്തമയ ചോപ്പില്‍ മരണമില്ലാത്ത വിപ്ലവകാരികളായി ഉണര്‍ന്നിരിക്കുന്നുണ്ടിതില്‍. പാറപ്രത്തെ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരണ സമ്മേളനവും സാമൂഹ്യപശ്ചാത്തലവുമാണ് സെല്‍വന്‍ മേലൂരിന്റെ ചിത്രം. കെ കെ ആര്‍ വെങ്ങരയുടെ ചിത്രം കോറോം സമരത്തിലെ രക്തസാക്ഷിത്വത്തിന്റെ മുഹൂര്‍ത്തമാണ്. സാമാജ്ര്യത്വവിരുദ്ധ പോരാട്ടത്തിലെ സവിശേഷമായ സമരമുറയാണ് ഷമില്‍കുമാറിന്റെ ചിത്രം. വിദേശവസ്ത്രങ്ങള്‍ തീയിലിട്ടെരിക്കുന്ന ദൃശ്യം ഇന്ത്യയാകെ കത്തിപ്പടര്‍ന്ന സമരമുറയെ വീണ്ടും ഓര്‍മപ്പെടുത്തുന്നു. അമരാവതിയിലെ എ കെ ജിയാണ് ഗോവിന്ദന്‍ കണ്ണപുരത്തിന്റെ രചന. കീഴ്ജാതിക്കാര്‍ക്ക് പ്രവേശനം വിളംബരം ചെയ്ത് കൃഷ്ണപിള്ള ഗുരുവായൂര്‍ ക്ഷേത്രത്തിലെ മണിമുഴക്കുന്നതാണ് വാസവന്‍ പയ്യട്ടം ചിത്രീകരിച്ചത്. ഹരീന്ദ്രന്‍ ചാലാടിന്റെ ചിത്രത്തില്‍ചോരപടര്‍ത്തിയ ചരിത്രമുണ്ട്. വാഗണ്‍ ട്രാജഡിയാണ് ഈ ചിത്രത്തിന്റെ പ്രമേയം. പൊന്ന്യം പ്രേമന്റെ ചിത്രം കൊല്ലന്റെ ആലയുടെ ദൃശ്യമാണ്. ചരിത്രത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിച്ച തൊഴിലാളിയെ ഈ ചിത്രം പ്രതീകവല്‍ക്കരിക്കുന്നു.പുന്നപ്ര വയലാറിന്റെ സ്മരണകളുടെ ഊര്‍ജമാണ് വര്‍ഗീസ് കളത്തിലിന്റെ ചിത്രം. പാലിയം സമരത്തിന്റെ സംഘര്‍ഷനിര്‍ഭരമായ ഓര്‍മകളുണ്ട് വിനോദ് പയ്യന്നൂരിന്റെ ചിത്രത്തില്‍.
പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ രണ്ടുദിവസത്തെ ക്യാമ്പില്‍ തയ്യാറാക്കിയ ചിത്രങ്ങള്‍ സമ്മേളനത്തിന്റെ ഭാഗമായി മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ എട്ടു വരെ പൊലീസ് മൈതാനിയില്‍ നടക്കുന്ന എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കും.
deshabhimani 110313
Labels:
കല,
സി.ഐ.ടി.യു
Subscribe to:
Post Comments (Atom)
No comments:
Post a Comment