കണ്ണൂര്‍: ഗ്യാസ് സ്റ്റൗവിന്റെ ചെറിയ ബര്‍ണര്‍ ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന ഊര്‍ജലാഭം എത്രയെന്ന് എത്രപേര്‍ക്ക് അറിയാം. ഏഴ് മുതല്‍ പത്ത് ശതമാനം വരെ ഊര്‍ജം ലാഭിക്കാമെന്ന വലിയ അറിവാണ് ഊര്‍ജ സംരക്ഷണ ശില്‍പ്പശാല നല്‍കിയത്. എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ സഹകരണത്തോടെ ലൈബ്രറി കൗണ്‍സിലും ശാസ്ത്രസാഹിത്യ പരിഷത്തും സംഘടിപ്പിച്ച ശില്‍പ്പശാലയാണ് കാലികമായ വിഷയത്തെ ഇഴകീറി പരിശോധിച്ചത്.
പയര്‍വര്‍ഗങ്ങള്‍ തലേന്ന് രാത്രി കുതിര്‍ത്തുവച്ച് പാചകം ചെയ്താല്‍ 10-12 ശതമാനം ഊര്‍ജം ലാഭിക്കാനാവും. വീട് നിര്‍മിക്കുമ്പോള്‍ മുതല്‍ മനസിലുണ്ടാവണം ഊര്‍ജലാഭത്തിനുള്ള കണക്കുകൂട്ടല്‍. ലാഭിക്കുന്ന വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയേക്കാള്‍ ലാഭമാണ്. ഓരോ യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന മാലിന്യം ഗുരുതരമായ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ഒരു യൂണിറ്റ് വൈദ്യുതി ഉപഭോക്താവിന്റെ പക്കലിലെത്തിക്കാന്‍ യഥാര്‍ഥത്തില്‍ 2 യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കേണ്ടതായി വരുന്നു. വീടുകളിലെ വൈദ്യുതി ഉപയോഗം കാര്യക്ഷമമാക്കിയാല്‍ നാലായിരം കോടി രൂപ ലാഭിക്കാന്‍ സാധിക്കുമെന്നാണ് അനുഭവം.
വൈകിട്ട് ആറുമുതല്‍ പത്തുവരെ മിക്സി, വാഷിങ് മെഷീന്‍, വാട്ടര്‍ പമ്പ്, ഇസ്തിരിപ്പെട്ടി എന്നിവ ഉപയോഗിച്ചാല്‍ വൈദ്യുതി കൂടുതല്‍ വേണ്ടി വരും. ഉപകരണങ്ങള്‍ പെട്ടെന്ന് കേടാവുകയും ചെയ്യും. വീടുകളില്‍ വൈദ്യുതി കാര്യക്ഷമതയോടെ ഉപയോഗിക്കുന്നതാണെങ്കില്‍ 400 മെഗാവാട്ട് വൈദ്യുതി ലാഭിക്കാനാവും. സാധാരണ ബള്‍ബുകള്‍ മാറ്റി സിഎഫ്എല്‍ ഉപയോഗിക്കുക, ബള്‍ബുകളും ട്യൂബുകളും ഷെയ്ഡുകളും ഇടക്കിടെ തുടച്ച് വൃത്തിയാക്കി ഉപയോഗിക്കുക, വീടിനകത്തെ ചുമരുകള്‍ ഇളം നിറത്തിലുള്ളതോ വെളുത്തതോ ആയ പെയിന്റുപയോഗിക്കുക, വൈദ്യുത ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ഐഎസ്ഐ മുദ്രയുള്ളവ തെരഞ്ഞെടുക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ശില്‍പശാല ഉപഭോക്താക്കള്‍ക്ക് നല്‍കിയത്.
ശില്‍പ്പശാല കെ കെ നാരായണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രകാശിനി, പഞ്ചായത്ത് പ്രസിഡന്റുമാരായ ചന്ദ്രന്‍ കല്ലാട്ട്, എന്‍ വി പുരുഷോത്തമന്‍, സി ശ്യാമള, ടി തങ്കമണി എന്നിവര്‍ സംസാരിച്ചു. പ്രൊഫ. എന്‍ കെ ഗോവിന്ദന്‍, പി പി ഗംഗാധരന്‍, പട്ടന്‍ ഭാസ്കരന്‍, പി പി ബാബു, പി കെ ബൈജു എന്നിവര്‍ ക്ലാസെടുത്തു. സി ചന്ദ്രന്‍ സ്വാഗതവും സി ബിഗേഷ് നന്ദിയും പറഞ്ഞു.
പരിഷത്ത് 10000 സോപ്പ് വിതരണം ചെയ്യും
കണ്ണൂര്‍: ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരായ പ്രതിരോധത്തിന്റെ ഭാഗമായി ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലയില്‍ പതിനായിരം സോപ്പ് വിതരണം ചെയ്യും. കൂടാളിയില്‍ നടക്കുന്ന സുവര്‍ണ ജൂബിലി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് സോപ്പ് പ്രചരണം നടക്കുന്നത്. വെളിച്ചെണ്ണയില്‍ നിര്‍മിച്ച സോപ്പാണ് വിപണിയിലെത്തിക്കുക. സമ്മേളനത്തിനാവശ്യമായ പണത്തിന്റെ ഒരു ഭാഗം സോപ്പ് വില്‍പ്പനയിലൂടെയാണ് കണ്ടെത്തുന്നത്.വിവിധ കേന്ദ്രങ്ങളില്‍ അടുത്ത ദിവസം മുതല്‍ ഉല്‍പാദനം തുടങ്ങും. നിര്‍മാണത്തിന്റെ ഉദ്ഘാടനം മുട്ടന്നൂര്‍ ഗ്രാമദീപം വായനശാലയില്‍ പി കെ ബൈജു നിര്‍വഹിച്ചു. സി ബിഗേഷ് സംസാരിച്ചു. ടി വി സജീഷ് അധ്യക്ഷനായി. കെ സജീഷ് സ്വാഗതവും കെ കെ ഉമേഷ് നന്ദിയും പറഞ്ഞു.
deshabhimani 110313
No comments:
Post a Comment