Monday, March 11, 2013

ജനപ്രതിനിധികള്‍ക്കും നേതാക്കള്‍ക്കും എതിരെ കള്ളക്കേസുമായി മണ്ണുമാഫിയ


പന്തളം: വിവാദമായ പുന്നക്കുളഞ്ഞി മണ്ണെടുപ്പില്‍ ശക്തമായ പ്രതിരോധം സംഘടിപ്പിച്ചവര്‍ക്കെതിരെ കള്ളക്കേസുമായി മണ്ണുമാഫിയ. മണ്ണെടുപ്പിനെ നേരിട്ട മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ കളളക്കേസില്‍ കുടുക്കി പുന്നക്കുളഞ്ഞിയെ വീണ്ടും തുരക്കാനുളള ശ്രമം തുടരുകയാണ് മണ്ണുമാഫിയകള്‍. കഴിഞ്ഞ മാസം 25ന് മണ്ണെടുപ്പ് തടഞ്ഞ് സമരം നടത്തിയ മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് എന്‍ സുലോചന, ഡിവൈഎഫ്ഐ കോഴഞ്ചേരി ഏരിയ വൈസ് പ്രസിഡന്റ് ബി എസ് അനീഷ്മോന്‍, മെഴുവേലി മേഖല വൈസ് പ്രസിഡന്റ് പി ആര്‍ സുരേഷ്, ഉളളന്നൂര്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് അജു ജോണ്‍സന്‍, പ്രദേശവാസികളായ സഹദേവന്‍, സി ഡി സജി എന്നിവരെ പ്രതി ചേര്‍ത്ത് മണ്ണു കരാറുകാര്‍ സ്ഥലം ഉടമയുടെ പേരില്‍ ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ നല്‍കി. മണ്ണെടുപ്പിന് സംരക്ഷണം നല്‍കിയില്ലെന്ന് ആരോപിച്ച് കലക്ടര്‍, ജിയോളജിസ്റ്റ്, പന്തളം എസ്ഐ എന്നിവരുടെ പേരിലും റിട്ട് നല്‍കിയിട്ടുണ്ട്.

പരിസ്ഥിതിയേയും പ്രകൃതിയേയും പ്രതികൂലമായി ബാധിക്കുകയും നാട്ടുകാരുടെ കുടിവെളളം മുട്ടിക്കുകയും ചെയ്യുന്ന മണ്ണെടുപ്പിനെതിരെ ജനകീയവികാരം ഉയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പുന്നക്കുളഞ്ഞിയിലെ ജനങ്ങളുടെ സമരം ശക്തമാകുമ്പോള്‍ മാത്രം അധികൃതര്‍ മണ്ണെടുപ്പ് നിര്‍ത്തിവെപ്പിക്കുകയും പിന്നീട്ഒളിഞ്ഞും തെളിഞ്ഞും ഭൂമി തുരക്കുന്നതിന് മൗനാനുവാദം നല്‍കുകയും ചെയ്യുന്ന പൊലീസ്-റെവന്യു-മൈനിങ് അധികൃതരുടെ ഇരട്ടത്താപ്പിനെതിരെ ജനരോഷം ശക്തമായത് കഴിഞ്ഞ ആഴ്ചയാണ്. ചെങ്ങന്നൂര്‍-ചിങ്ങവനം റെയില്‍ പാത ഇരട്ടിപ്പിക്കലിന്റെ കരാറുകാര്‍ക്കുവേണ്ടിയെന്ന പേരിലാണ് മണ്ണെടുപ്പിന്റെ അവകാശം നേടുന്നത്. എന്നാല്‍, മണ്ണെടുപ്പ് അനസ്യൂതം തുടരുന്നതിനെ നാട്ടുകാര്‍ ജനകീയ സമരസമിതി രൂപീകരിച്ച് എതിര്‍ക്കുകയായിരുന്നു. മാത്രമല്ല അടൂര്‍ ആര്‍ഡിഒ 2012 ഒക്ടോബര്‍ ഒന്നിന് നല്‍കിയ മണ്ണെടുപ്പ് പെര്‍മിറ്റിന്റെ വ്യാജ പെര്‍മിറ്റ് ഉണ്ടാക്കി മണ്ണടിച്ചതിന് പന്തളം പൊലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 1445/12ല്‍ കേസെടുത്തിട്ടുണ്ട്. ഈ കേസിന്റെ തുടരന്വേഷണം അടൂര്‍ ഡിവൈഎസ്പിക്കാണ്. വി 7 ബിഎ/272/13 എന്ന് നമ്പറില്‍ കരാറുകാരനെയും സ്ഥലം ഉടമയേയും പ്രതിയാക്കി ഹൈക്കോടതിയില്‍ വ്യാജരേഖ ചമച്ച സംഭവത്തില്‍ കേസ് നിലനില്‍ക്കുമ്പോഴാണ് വീണ്ടും മണ്ണെടുക്കുന്നതിന് കലക്ടറേറ്റും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പും അനുവാദം നല്‍കിയത്. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ മാസം 25ന് സിപിഐ എം, ഡിവൈഎഫ്ഐ, കെഎസ്കെടിയു നേതാക്കളും ജനപ്രതിനിധികളും ചേര്‍ന്ന് മണ്ണെടുക്കാനെത്തിയ ടിപ്പറുകള്‍ തടഞ്ഞിട്ട ശേഷം ജിയോളജിസ്റ്റിനെ ഉപരോധിച്ച് വീണ്ടും താല്‍ക്കാലികമായ മണ്ണെടുപ്പ് നിരോധനം നേടിയത്.

കഴിഞ്ഞ ദിവസം സബ്കലക്ടര്‍ അബ്ദുള്‍ സമദ്, മൈനിങ് ആന്‍ഡ് ജിയോളജി ജില്ലാ ഓഫീസര്‍ മനുലാല്‍, സതേണ്‍ റെയില്‍വെ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം കെ മോഹന്‍, കുളനട വില്ലേജ് ഓഫീസര്‍ ഹരിലാല്‍ എന്നിവര്‍ പുന്നക്കുളഞ്ഞിയില്‍ എത്തി സ്ഥലം സന്ദര്‍ശിച്ച ശേഷം പന്തളം ബ്ലോക്ക് വൈസ് പ്രസിഡന്റ് സുജാത പ്രസന്നകുമാര്‍, മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് എന്‍ സുലോചന, സിപിഐ എം ലോക്കല്‍ സെക്രട്ടറി ടി കെ ജനാര്‍ദനന്‍, ഡിവൈഎഫ്ഐ ഏരിയാ വൈസ് പ്രസിഡന്റ് ബി എസ് അനീഷ്മോന്‍, സമരസമിതി കണ്‍വീനര്‍ കെ പി വിശ്വംഭരന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. അധികൃതര്‍ പ്രദേശവാസികളുടെ പരാതി കേട്ടു. ജനരോഷം ശക്തമായപ്പോള്‍ സംഘം മടങ്ങുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ജനപ്രതിനിധികളും നേതാക്കളുമടങ്ങിയ സമരക്കാര്‍ക്കെതിരെ കളളക്കേസ് നല്‍കിയിരിക്കുന്നത്. മെഴുവേലി പഞ്ചായത്ത് ഭരണസമിതി മണ്ണെടുപ്പിനെതിരെ പ്രമേയം പാസാക്കിയിരുന്നു. ടിപ്പറുകളുടെ നിരന്തര ഓട്ടം കാരണം നെടിയാനിക്കുഴി-വെട്ടിക്കുന്ന് റോഡ് തകര്‍ന്നതിനാല്‍ ഇതു വഴിയുളള ടിപ്പറുകളുടെ ഓട്ടം പഞ്ചായത്ത് നിരോധിച്ചിരുന്നു. ഈ പ്രതിരോധങ്ങള്‍ എല്ലാം മറികടക്കാനാണ് മണ്ണുമാഫിയ ഭരണവര്‍ഗത്തിന്റെ കൂട്ടുപിടിച്ച് കളളക്കേസ് ചമച്ചിരിക്കുന്നതെന്നും നാടിനുവേണ്ടിയുളള സമരത്തില്‍ നാട്ടുകാര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ജനകീയ സമരസമിതി ചെയര്‍പേഴ്സണ്‍ എന്‍ സുലോചന, കണ്‍വീനര്‍ കെ പി വിശ്വംഭരന്‍ എന്നിവര്‍ ആവശ്യപ്പെടുന്നു.

ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കരുത്: ഡിവൈഎഫ്ഐ

കോഴഞ്ചേരി (അനീഷ് രാജന്‍ നഗര്‍): ആയിരക്കണക്കിന് ഏക്കര്‍ പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തി ആറന്മുളയില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച വിമാനത്താവളത്തിന് അനുമതി നല്‍കരുതെന്ന് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ഭൂമാഫിയയെ സംരക്ഷിക്കാനും സഹായിക്കാനും യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ആറന്മുള, മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂര്‍ വില്ലേജുകളിലെ നൂറുകണക്കിന് കുടുംബങ്ങളെ ബാധിക്കുന്നതാണ്. യാഥാര്‍ഥ്യ ബോധമില്ലാത്ത അനുമതികള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനം പുനഃപരിശോധിച്ച് ആറന്മുളയിലെ ബഹുജനങ്ങള്‍ നടത്തിവരുന്ന പ്രക്ഷോഭങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഇന്‍ഷുറന്‍സ്, പുത്തന്‍ തലമുറ ബാങ്കുകള്‍, ഐടി, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഐടി അധിഷ്ഠിത തൊഴിലിടങ്ങളിലെ ചൂഷണം അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. രണ്ടാം ദിവസമായ ഞായറാഴ്ച പ്രതിനിധി സമ്മേളനം തുടര്‍ന്നു. ചര്‍ച്ചയ്ക്ക് ജി കൃഷ്ണകുമാറും, കെ എസ് സുനില്‍കുമാറും മറുപടി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എം സ്വരാജ്, ജോയിന്റ് സെക്രട്ടറി എ എം ഷംഷീര്‍ എന്നിവരും സംസാരിച്ചു.

deshabhimani

No comments:

Post a Comment