Tuesday, March 5, 2013

മുഖ്യമന്ത്രിയുടെ ദൗത്യം പൊളിഞ്ഞു കെഎസ്ആര്‍ടിസിക്ക് സഹായമില്ല


കെഎസ്ആര്‍ടിസിക്ക് ഡീസല്‍ സബ്സിഡി പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സംശയാതീതമായി വ്യക്തമാക്കി. മന്ത്രിപ്പടയ്ക്കൊപ്പം ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് ആവശ്യപ്പെട്ടിട്ടും നേരത്തെ പ്രഖ്യാപിച്ച നിലപാടില്‍നിന്ന് ഒരടി പിന്നോട്ടില്ലെന്ന് പെട്രോളിയംമന്ത്രി വീരപ്പ മൊയ്ലി അറിയിച്ചു. ഡീസലിനു പകരം കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി) ഉപയോഗിക്കാനാണ് കേന്ദ്രമന്ത്രിയുടെ ഉപദേശം. കൊച്ചിയില്‍ സിഎന്‍ജി പ്ലാന്റ് സ്ഥാപിച്ച് പ്രശ്നം പരിഹരിക്കാന്‍ നിര്‍ദേശിച്ച മന്ത്രി, പദ്ധതിക്ക് സാമ്പത്തികസഹായം നല്‍കുന്നത് പരിഗണിക്കാമെന്ന് വാക്ക് നല്‍കി.

കേരളത്തിന്റെ പൊതുഗതാഗത സംവിധാനം തകര്‍ക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നടത്തുന്ന നാടകമാണ് ഡല്‍ഹിദൗത്യത്തില്‍ പുറത്തുവന്നത്. നിലവില്‍ കെഎസ്ആര്‍ടിസിയുടെ പ്രതിമാസ നഷ്ടം 130 കോടി രൂപയിലേറെയാണ്. ഇത് താങ്ങാന്‍ സ്ഥാപനത്തിന് നിവൃത്തിയില്ല. അടിയന്തരമായി സബ്സിഡി പുനഃസ്ഥാപിച്ചില്ലെങ്കില്‍ കോര്‍പറേഷന്‍ പൂട്ടേണ്ടിവരും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ആഗ്രഹിക്കുന്നതും ഇതുതന്നെ. പ്ലാന്റ് രൂപീകരണം ഉടന്‍ നടക്കുന്ന കാര്യമല്ല. നേരത്തെ കേന്ദ്രം പ്രഖ്യാപിച്ച പദ്ധതികള്‍തന്നെ കേരളത്തിന് ലഭിച്ചിട്ടില്ല. ദീര്‍ഘകാലംകൊണ്ട് പൂര്‍ത്തിയാക്കേണ്ട മറ്റൊരു പദ്ധതിയുടെ പേരില്‍ സംസ്ഥാനത്തിന്റെ ജനകീയ ആവശ്യം തള്ളുകയായിരുന്നു കേന്ദ്രമന്ത്രി. നഷ്ടം സഹിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് വീരപ്പ മൊയ്ലിയെ കാണാന്‍ ആര്യാടന്‍ ഡല്‍ഹിയില്‍ എത്തിയിരുന്നു. എന്നാല്‍, കൂടിക്കാഴ്ച അനുവദിക്കാതെ മൊയ്ലി അമേരിക്കയ്ക്ക് പറന്നു. ധനമന്ത്രി പി ചിദംബരത്തെ ഫോണില്‍ വിളിച്ച് കാര്യം അവതരിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. സോണിയ ഗാന്ധിയും കൈമലമര്‍ത്തി. തുടര്‍ന്നാണ് മുഖ്യമന്ത്രിതന്നെ "ദൗത്യം" ഏറ്റെടുത്തത്.

deshabhimani 050313

No comments:

Post a Comment