ചെലവുചുരുക്കാന്‍ നടപടി സ്വീകരിക്കാതെ, വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കണമെന്നു ആവശ്യപ്പെട്ട കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമീഷന്റെ രൂക്ഷവിമര്‍ശം. ചെലവുചുരുക്കാന്‍ എന്താണ് ചെയ്തതെന്ന് രണ്ടാഴ്ചക്കകം രേഖാമൂലം അറിയിക്കണമെന്ന് കെഎസ്ഇബിയോട് കമീഷന്‍ നിര്‍ദേശിച്ചു. മറുപടി നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കമീഷന്‍ ചെയര്‍മാന്‍ ടി എം മനോഹരന്‍ പറഞ്ഞു. സംസ്ഥാന റെഗുലേറ്ററി കമീഷന്‍ കൊച്ചിയില്‍ നടത്തിയ പൊതു ഹിയറിങ്ങിലാണ് ബോര്‍ഡിനെതിരെ രൂക്ഷവിമര്‍ശം ഉയര്‍ന്നത്.
അടുത്ത സാമ്പത്തിക വര്‍ഷം ഉണ്ടാകാനിരിക്കുന്ന വൈദ്യുതി ചെലവും അതുവഴി ഉണ്ടാകുന്ന നഷ്ടവും നികത്താന്‍ നിരക്കുവര്‍ധനയാണ് മാര്‍ഗമെന്ന കെഎസ്ഇബി നിര്‍ദേശമാണ് കമീഷന്‍ തള്ളിയത്. കാലകാലങ്ങളായി നിരക്കുവര്‍ധനയിലൂടെമാത്രം പ്രശ്നങ്ങള്‍ മറികടക്കാനാണ് കെഎസ്ഇബി ശ്രമിക്കുന്നത്. ഇത് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കലാണ്. ചെലവുകുറച്ച് ഉല്‍പ്പാദനം കൂട്ടി ഉപയോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കെഎസ്ഇബി ശ്രമിക്കണം. പദ്ധതി നടത്തിപ്പിനെക്കുറിച്ച് കൃത്യമായ ലക്ഷ്യവും സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടിയും ബോര്‍ഡ് സ്വീകരിക്കണം. പല സ്ഥലത്തും ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കലും ലൈന്‍ വലിക്കലും പൂര്‍ത്തിയായിട്ടില്ല. പദ്ധതികള്‍ സമയപരിധി നിശ്ചയിച്ച് നടപ്പാക്കണം. കംപ്യൂട്ടര്‍വല്‍ക്കരണം പൂര്‍ണമാക്കാന്‍ ശ്രമിക്കുന്നില്ല.
വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കുന്ന കെഎസ്ഇബിക്കെതിരെ ശക്തമായ വിമര്‍ശമാണ് ഹിയറിങ്ങില്‍ ഉയര്‍ന്നത്. ഉപയോഗത്തിന് അനുസരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കേന്ദ്ര താപനിലയങ്ങളില്‍നിന്നും സ്വകാര്യ താപനിലയങ്ങളില്‍നിന്നും അധികനിരക്കില്‍ വൈദ്യുതി വാങ്ങേണ്ടിവരുന്നതുകൊണ്ട് നിരക്ക് വര്‍ധിപ്പിക്കാതെ മറ്റ് മാര്‍ഗമില്ലെന്നാണ് കെഎസ്ഇബി അറിയിച്ചത്. കെഎസ്ഇബിയുടെ മൊത്തവരുമാനത്തിന്റെ 60 ശതമാനം ഇതിന് ചെലവഴിക്കേണ്ടിവരുന്നുവെന്നും അവര്‍ പറഞ്ഞു. വ്യവസായിക ആവശ്യത്തിനുള്ള വൈദ്യുതിനിരക്ക് 19 ശതമാനവും വാണിജ്യ ആവശ്യങ്ങള്‍ക്ക് ഏഴുമുതല്‍ 15 വരെയും വര്‍ധിപ്പിക്കണം. റെയില്‍വേക്ക് 20 ശതമാനവും തെരുവിളക്കുകള്‍ക്ക് 25 ശതമാനവും കാര്‍ഷിക ആവശ്യങ്ങള്‍ക്ക് 20 മുതല്‍ 33 ശതമാനം വരെയും നിരക്ക് വര്‍ധിപ്പിച്ചാല്‍മാത്രമെ കെഎസ്ഇബിയുടെ നഷ്ടം പരിഹരിക്കാന്‍ കഴിയൂവെന്ന് ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
വ്യവസായിക ഇനത്തില്‍ ഉള്‍പ്പെടുത്തി അലങ്കാര മത്സ്യകൃഷിക്കുള്ള വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ചത് പിന്‍വലിക്കുമെന്ന് കമീഷന്‍ ഉറപ്പുനല്‍കി. തെരുവിളക്ക് പകല്‍ തെളിഞ്ഞുകിടക്കുന്നതുമുതല്‍ റെയില്‍വേയുടെ വൈദ്യുതി ഉപയോഗംവരെയുള്ള വിവിധ പ്രശ്നങ്ങള്‍ ഹിയറിങ്ങില്‍ ഉയര്‍ന്നുവന്നു. ഹിയറിങ്ങില്‍ റെഗുലേറ്ററി കമീഷന്‍ ചെയര്‍മാന്‍ ടി എം മനോഹരനെക്കൂടാതെ അംഗങ്ങളായ പി പരമേശ്വരന്‍, മാത്യു ജോര്‍ജ് എന്നിവരും പങ്കെടുത്തു. ബുധനാഴ്ച കോഴിക്കോട് ടൗണ്‍ ഹാളിലും 12ന് തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയേഴ്സ് ഹാളിലും കമീഷന്റെ പൊതു ഹിയറിങ് നടക്കും.
deshabhimani 050313
No comments:
Post a Comment