Thursday, March 14, 2013
സാക്ഷികളെ വിശ്വാസമില്ല; പ്രോസിക്യൂഷന്‍ പിന്മാറി
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷികളില്‍ വിശ്വാസമില്ലാത്തതിനെത്തുടര്‍ന്ന് രണ്ടുപേരെ വിസ്തരിക്കുന്നതില്‍നിന്ന് പ്രോസിക്യൂഷന്‍ പിന്മാറി. പ്രോസിക്യൂഷന്റെ 27, 28 സാക്ഷികളായ അഴിയൂര്‍ തെരുവിങ്കല്‍ വീട്ടില്‍ അന്‍ഷിത്ത് നാരായണന്‍, അഴിയൂര്‍ കക്കട്ടില്‍ വീട്ടില്‍ കെ കെ സുബിന്‍ എന്നിവരെയാണ് വിസ്തരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചത്. തുടര്‍ന്ന് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍നിന്ന് സാക്ഷികളെ തിരിച്ചയച്ചു. സിപിഐ എമ്മിനെതിരെ മൊഴി നല്‍കണമെന്നുപറഞ്ഞ് പൊലീസ് കസ്റ്റഡിയില്‍ മര്‍ദിച്ചെന്ന വസ്തുത പുറത്തുവരുന്നത് ഒഴിവാക്കാനാണ് ഇരുവരെയും വിസ്തരിക്കേണ്ടെന്ന് പ്രോസിക്യൂഷന്‍ തീരുമാനിച്ചതെന്നാണ് സൂചന. പൊലീസ് തങ്ങളെ കസ്റ്റഡിയില്‍ പീഡിപ്പിച്ചതായി ഇരുവരും നാദാപുരം മജിസ്ട്രേട്ട് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഇവരെ വിസ്തരിച്ചാല്‍ വിചാരണക്കോടതിയിലും പൊലീസ് പീഡന വിവരം പുറത്തുവരുമെന്ന് പ്രോസിക്യൂഷന്‍ ഭയപ്പെട്ടു. സ്വന്തം സാക്ഷികളെ ഭയന്ന് പ്രോസിക്യൂഷന്‍ വിസ്താരം ഒഴിവാക്കുന്നത് ചന്ദ്രശേഖരന്‍ കേസില്‍ ആദ്യമാണ്.
കേസിലെ ആദ്യ ഏഴുപ്രതികളെ കൊല നടന്നതിന്റെ രണ്ടുദിവസംമുമ്പ് രാത്രി കണ്ടുവെന്ന് സ്ഥാപിക്കാനാണ് അന്‍ഷിത് നാരായണനെയും സുബിനെയും പ്രോസിക്യൂഷന്‍ സാക്ഷികളാക്കിയിരുന്നത്. സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ പൊലീസ് ഭീഷണിയില്‍ സാക്ഷിമൊഴികള്‍ മജിസ്ട്രേട്ട് കോടതികളില്‍ രേഖപ്പെടുത്തുകയായിരുന്നുവെന്ന ആക്ഷേപത്തില്‍ കഴമ്പുണ്ടെന്ന് തെളിയുകയാണ്. പ്രോസിക്യൂഷന്‍ രചിച്ച തിരക്കഥയനുസരിച്ച് മൊഴി നല്‍കുന്നതില്‍നിന്ന് നേരത്തെ രണ്ടുസാക്ഷികള്‍ പിന്മാറിയിരുന്നു. 16-ാംസാക്ഷി ടി കെ സുമേഷ്, 14-ാം സാക്ഷി മാഹി പുതിയപറമ്പത്ത് പി പി വിജേഷ് എന്നിവരാണിവര്‍. പൊലീസ് ഭീഷണിയെത്തുടര്‍ന്നാണ് നേരത്തെ മജിസ്ട്രേട്ട് കോടതികളില്‍ മൊഴി നല്‍കിയതെന്ന് ഇവര്‍ കോടതിയില്‍ വ്യക്തമാക്കി. തുടര്‍ന്ന് ഇവരെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. കേസ് വിചാരണ പുരോഗമിക്കവെ പ്രോസിക്യൂഷന്‍ ഹാജരാക്കുന്ന പ്രധാനസാക്ഷികള്‍ സത്യം പുറത്തുപറഞ്ഞ് രംഗത്തുവരുന്നത് ഇതിന് തെളിവാണ്. ഇതൊഴിവാക്കാനാണ് രണ്ട് പ്രധാന സാക്ഷികളെ വിസ്തരിക്കുന്നതില്‍നിന്ന് പ്രോസിക്യൂഷന്‍ ബുധനാഴ്ച പിന്‍വാങ്ങിയത്.
കേസ് രജിസ്റ്ററിലെ 32-ാംസാക്ഷി അഴിയൂര്‍ കല്ലാമലയിലെ കെ കെ റെനീഷിനെ ബുധനാഴ്ച പ്രോസിക്യൂഷനും പ്രതിഭാഗവും വിസ്തരിച്ചു. 2012 ഏപ്രില്‍ 27ന് ചോമ്പാല ഹാര്‍ബറില്‍ മീന്‍ വാങ്ങാന്‍ പോയപ്പോള്‍ കൊലക്കുപയോഗിച്ച ഇന്നോവ കാര്‍ അവിടെ കണ്ടുവെന്ന് സ്ഥാപിക്കാനാണ് റെനീഷിനെ പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. 16, 17 പ്രതികളായ ഷിബു, ശ്രീജിത് എന്നിവരെ കാറിനടുത്ത് കണ്ടുവെന്ന് അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടിയുടെ പ്രഥമ വിസ്താരത്തില്‍ ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ റെനീഷ് മൊഴി നല്‍കി. പ്രതികള്‍ക്കെതിരെ കള്ളത്തെളിവ് കൊടുക്കാനാണ് പ്രോസിക്യൂഷനുവേണ്ടി ഇത്തരത്തില്‍ പറയുന്നതെന്ന് പ്രതിഭാഗം വാദിച്ചു. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ സി ശ്രീധരന്‍ നായര്‍, എം അശോകന്‍, കെ പി ദാമോദരന്‍ നമ്പ്യാര്‍, കെ വിശ്വന്‍, വിനോദ്കുമാര്‍ ചമ്പളോന്‍, കെ എം രാമദാസ്, വി വി ശിവദാസന്‍ എന്നിവര്‍ വിസ്തരിച്ചു. കേസ് ഡയറിയിലെ 36, 37 സാക്ഷികളായ അഴിയൂര്‍ കോറോത്ത് റോഡ് സ്വദേശികളായ കൈവയല്‍ കുനിയില്‍ സുബോദ്, ശ്രീജേഷ്കുമാര്‍ എന്നിവരെ വ്യാഴാഴ്ച വിസ്തരിക്കും.
deshabhimani 140313
Labels:
ഓഞ്ചിയം
Subscribe to:
Post Comments (Atom)
No comments:
Post a Comment