തൃശൂര്‍: സംഭവബഹുലമായ രാഷ്ട്രീയ ജീവിതത്തിനാണ് സി ഒ പൗലോസിന്റെ വിയോഗത്തോടെ തിരശ്ശീല വീണത്. പത്തു ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അവസ്ഥ ഇത്രയും ഗുരുതരമാണെന്ന് ആരും കരുതിയിരുന്നില്ല. ആശുപത്രിയില്‍ കാണാനെത്തുന്നവരോടെല്ലാം പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളടക്കം അദ്ദേഹം സംസാരിച്ചു. പിന്നീട് വിവിധ പരിശോധനകള്‍ക്കുശേഷമാണ് രോഗത്തിന്റെ ഗുരുതരാവസ്ഥ അറിയുന്നത്. ഹൃദയം, വൃക്ക, കരള്‍ തുടങ്ങിയവക്കെല്ലാം സാരമായ പ്രശ്നങ്ങളുണ്ടായിരുന്നു. ഡയാലിസിസിനു വിധേയനായി ഐസിയുവില്‍ കഴിയുമ്പോഴും പ്രതീക്ഷ കൈവിടാത്ത മനസ്സുമായാണ് അദ്ദേഹം പെരുമാറിയതും സംസാരിച്ചതും. മരുന്നുകളോടും ആകുലതകളോടും പൊരുതി ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ആ വിലപ്പെട്ട ജീവന്‍ നഷ്ടമായത്.
പ്രൈമറി സ്കൂള്‍ അധ്യാപകനായിരുന്ന കയ്പമംഗലം ചാലിശേരി ഔസേപ്പിന്റെയും മറിയയുടെയും മകനായ പൗലോസ് 1960ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. കോഴിക്കോട്ട് ടിടിസി പഠനം പൂര്‍ത്തിയാക്കി, കയ്പമംഗലം സ്കൂളില്‍ അധ്യാപകനായെങ്കിലും അധികം വൈകാതെ ജോലി വിട്ടു. ടിടിസി പഠനകാലത്താണ് കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായത്. 1964ല്‍ പാര്‍ടി പിളര്‍പ്പിനുശേഷം നാട്ടിക ഫര്‍ക്കയില്‍ എസ്എന്‍ പുരം മുതല്‍ ചേറ്റുവവരെ രൂപീകരിച്ച ഓര്‍ഗനൈസിങ് കമ്മിറ്റിയില്‍ അംഗമായിരുന്നു. തുടര്‍ന്ന് ചാവക്കാട് താലൂക്ക് കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഏഴാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി 1964ല്‍ കയ്പമംഗലത്ത് പുത്തൂര്‍ ബാഹുലേയന്‍ മാസ്റ്ററുടെ വീട്ടില്‍ ചേര്‍ന്ന മണ്ഡലം സമ്മേളനത്തില്‍ നാട്ടിക മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1965ലും 1967ലും 1970ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നാട്ടിക മണ്ഡലത്തിലെ ഇടതുപക്ഷ വിജയത്തിന്റെ മുഖ്യസൂത്രധാരന്‍ പൗലോസായിരുന്നു. "65ല്‍ പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകന്‍ രാമു കാര്യാട്ടാണ് നാട്ടികയില്‍നിന്ന് വിജയിച്ചത്.
1970ല്‍ സിഐടിയു രൂപീകരിച്ചപ്പോള്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയായി. ചകിരിത്തൊഴിലാളി യൂണിയന്‍, ചെത്തുതൊഴിലാളി യൂണിയന്‍, ട്രിച്ചൂര്‍ കോട്ടണ്‍മില്‍ ലേബര്‍ യൂണിയന്‍, കേരള ബസ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്‍ എന്നിവയുടെ ഭാരവാഹിയായിരുന്നു. നാട്ടിക, കൊടുങ്ങല്ലൂര്‍ മേഖലകളില്‍ ചെത്ത്തൊഴിലാളി യൂണിയന്‍ രൂപീകരിക്കുന്നതിലും തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും മുഖ്യ പങ്കുവഹിച്ചു. പിന്നീട് സിഐടിയു ജില്ലാ സെക്രട്ടറിയായി. 1991ല്‍ ആദ്യ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കയ്പമംഗലം ഡിവിഷനില്‍നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച അദ്ദേഹം മൂന്നുവര്‍ഷം പ്രസിഡന്റായും പ്രവര്‍ത്തിച്ചു. മുകുന്ദപുരം മണ്ഡലത്തില്‍നിന്ന് 1991ല്‍ ലോക്സഭയിലേക്ക് മത്സരിച്ചു. 1998ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഔഷധി ചെയര്‍മാനായും ജില്ലാ സഹ. ബാങ്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ടെക്സ്റ്റൈല്‍ ഫെഡറേഷന്‍, ആഭരണ നിര്‍മാണത്തൊഴിലാളിയൂണിയന്‍ എന്നിവയുടെ സംസ്ഥാന പ്രസിഡന്റാണ്.
മരണം വരെയും യാഥാസ്ഥിതികത്വത്തിന് കീഴടങ്ങാതെ...
തൃശൂര്‍: മരണം വരെ യാഥാസ്ഥിതികത്വത്തിന് കീഴടങ്ങാത്ത മനസ്സിന്റെയും ശരീരത്തിന്റെയും ഉടമയായി സി ഒ പൗലോസ് എന്ന രാഷ്ട്രീയ നേതാവ് പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായി. യാഥാസ്ഥിതികത്വത്തെയും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ചെറുപ്പത്തില്‍ത്തന്നെ ആശയപരമായി എതിര്‍ത്ത അദ്ദേഹം നിലപാടുകള്‍ ജീവിതത്തിലുടനീളം അഭിമാനകരമായി മുറുകെപ്പിടിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തു. വൈരുധ്യാത്മക ഭൗതികവാദത്തിലും മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ആശയങ്ങളിലും അടിയുറച്ച മനസ്സ് ആചാരങ്ങള്‍ക്കായും കീഴ്വഴക്കങ്ങള്‍ക്കായും ഒരിക്കലും ദേവാലയങ്ങളെ ആശ്രയിച്ചില്ല; മരണശേഷവും. മക്കളുടെ വിവാഹംപോലും അത്തരത്തില്‍ സമൂഹത്തിന് മാതൃക കാട്ടുന്നതായിരുന്നു.
താന്‍ മരിച്ചശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കു പഠിക്കാന്‍ നല്‍കണമെന്നായിരുന്നു പൗലോസ് മാസ്റ്റര്‍ ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാല്‍ ചികിത്സയുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങള്‍മൂലം അതിന് കഴിഞ്ഞില്ല. ഇക്കാര്യം മനസ്സിലാകുംമുമ്പേ അദ്ദേഹം അബോധാവസ്ഥയിലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മനസ്സറിയുന്ന കുടുംബം സംസ്കാരം പൊതുശ്മശാനത്തിലാക്കാമെന്ന് നിര്‍ദേശിക്കുകയായിരുന്നു. സിപിഐ എം ജില്ലാ കമ്മിറ്റിയാണ് ലാലൂര്‍ ഗ്യാസ് ക്രിമിറ്റോറിയം ഇതിനായി തെരഞ്ഞെടുത്തത്
ഇനി ജനഹൃദയങ്ങളില്‍...
തൃശൂര്‍: മുതിര്‍ന്ന സിപിഐ എം-ട്രേഡ്യൂണിന്‍ നേതാവും മുന്‍ എം പിയുമായ സി ഒ പൗലോസിന് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ ജനസഹസ്രം. ചൊവ്വാഴ്ച പുലര്‍ച്ചെ തൃശൂര്‍ എലൈറ്റ് മിഷന്‍ ആശുപത്രിയില്‍ അന്തരിച്ച ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തിന്റെ അമരക്കാരനെ അവസാനമായി ഒരു നോക്കുകാണാനും ആദരാഞ്ജലി അര്‍പ്പിക്കാനുമായി ജില്ലയുടെ നാനാഭാഗത്തു നിന്നും ആയിരക്കണക്കിനു തൊഴിലാളികളും പാര്‍ടി പ്രവര്‍ത്തകരും സഹൃത്തുക്കളുമാണ് വിവിധ കേന്ദ്രങ്ങളിലെത്തിയത്. ആശുപത്രിയില്‍ നിന്ന് മൃതദേഹം ജന്മനാടായ കയ്പമംഗലത്തെ വസതിയില്‍ എത്തിച്ചപ്പോഴും തുടര്‍ന്ന് സിപിഐ എം നാട്ടിക ഏരിയ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോഴും പൗലോസ് മാസറ്റുടെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ച മണപ്പുറം- ചാവക്കാട് മേഖലയിലെ ജനാവലി വികാരനിര്‍ഭരമായ യാത്രാമൊഴിയേകി.
ഉച്ചതിരിഞ്ഞ് മൂന്നോടെ സിപിഐ എം ജില്ലാ ആസ്ഥാനമായ തൃശൂര്‍ അഴീക്കോടന്‍ സ്മാരക മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ രാഷ്ട്രീയ, സാമൂഹ്യ, ട്രേഡ്യൂണിയന്‍, സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം വന്‍ ജനാവലിയാണ് അന്ത്യാഭിവാദ്യങ്ങളര്‍പ്പിച്ചത്. കരുത്തുറ്റ ട്രേഡ് യൂണിയന്‍ സംഘാടകനും പ്രക്ഷോഭകനുമായ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ രാഷ്ട്രീയമായി എതിര്‍ക്കുന്ന പ്രസ്ഥാനങ്ങളുടെ വന്‍ നേതൃനിര തന്നെ എത്തി. നാട്ടികയില്‍ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് മൃതദേഹം തൃശൂരില്‍ കൊണ്ടുവന്നത്. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ സെക്രട്ടറി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. ജനപ്രതിനിധികളും സംഘടനാനേതാക്കളും പൗരമുഖ്യരും സര്‍വീസ് സംഘടനാ ഭാരവാഹികളുമടക്കം നൂറുകണക്കിനു പേരാണ് മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചത്. ആയിരങ്ങളുടെ അന്ത്യോപചാരത്തിനു ശേഷം വിലാപയാത്രയായാണ് ലാലൂരിലെ പൊതു ശ്മശാനത്തിലേക്ക് സംസ്കാരത്തിനായി കൊണ്ടുപോയത്. നൂറുകണക്കിനു കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന ഇങ്ക്വിലാബ് വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പ്രിയപ്പെട്ട തൊഴിലാളി നേതാവിനെ ലാലൂരിലെ ഗ്യാസ് ശ്മാനത്തില്‍ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. മുന്‍ എംപിക്ക് സര്‍ക്കാര്‍ ഗാര്‍ഡ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. പൗലോസ് മാസ്റ്റര്‍ ഇനി ജനഹൃദയങ്ങളില്‍....
deshabhimani 130313
No comments:
Post a Comment