Wednesday, March 13, 2013

മുന്നേറ്റത്തിന് ഊര്‍ജം പകരുന്ന പര്യടനം :പ്രകാശ് കാരാട്ട്

പത്തുദിവസം പൂര്‍ത്തിയാക്കിയാണ് കിഴക്കന്‍ മേഖലാ ജാഥ ബിഹാര്‍, ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ബക്സറില്‍ ഞായറാഴ്ചത്തെ പര്യടനം അവസാനിപ്പിച്ചത്. കൊല്‍ക്കത്തയില്‍നിന്ന് മാര്‍ച്ച് ഒന്നിന് തുടങ്ങിയ ജാഥ പശ്ചിമബംഗാളില്‍ രണ്ടു ദിവസവും }ഝാര്‍ഖണ്ഡില്‍ രണ്ടുദിവസവും ബിഹാറില്‍ ആറുദിവസവും ചെലവിട്ടു. ഈ സംസ്ഥാനങ്ങളില്‍ എന്തായിരുന്നു ജാഥയുടെ അനുഭവം?

പശ്ചിമബംഗാളില്‍ ഹൗറ, ഹുഗ്ലി, ബര്‍ധമാന്‍, പുരുലിയ ജില്ലകളിലെല്ലാം പതിനായിരങ്ങളാണ് ജാഥയെ എതിരേല്‍ക്കാനെത്തിയത്. ബര്‍ധമാനിലായിരുന്നു ശ്രദ്ധേയമായ സ്വീകരണം. തൃണമൂല്‍ ഗുണ്ടകളില്‍നിന്ന് സിപിഐ എം പ്രവര്‍ത്തകര്‍ ആക്രമണം നേരിടുന്ന ഗോല്‍ഷിയിലായിരുന്നു ഏറ്റവും വലിയ ജനക്കൂട്ടങ്ങളിലൊന്ന്. പരീക്ഷാക്കാലമായതിനാല്‍ ഉച്ചഭാഷിണികള്‍ അനുവദിച്ചിരുന്നില്ല. ഹാളുകളിലും വഴിയോരത്തും ചേര്‍ന്ന യോഗങ്ങളില്‍ ജനങ്ങള്‍ കൂട്ടമായെത്തി ജാഥയെ സ്വീകരിക്കുകയും ജാഥയില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ജാഥയില്‍ ഉയര്‍ത്തുന്ന ആറ് ആവശ്യങ്ങളുടെ പ്രസക്തി വ്യക്തമാക്കുന്ന അനുഭവങ്ങളാണ് ബിഹാറിലും ഝാര്‍ഖണ്ഡിലും പര്യടനവേളയില്‍ ഉണ്ടായത്. ജനങ്ങള്‍ അവരുടെ സ്വന്തം ജീവിതങ്ങളോടും അനുഭവങ്ങളോടും ബന്ധപ്പെടുത്തിയാണ് ആ ആവശ്യങ്ങളെ കണ്ടത്. സ്വന്തം ഭൂമിക്ക് വനാവകാശനിയമപ്രകാരം കിട്ടേണ്ട പട്ടയം നിഷേധിക്കുന്നതിനെതിരെ പരാതിപ്പെടുന്ന ആദിവാസികളെ ഞങ്ങള്‍ യാത്രയ്ക്കിടയില്‍ കണ്ടു. ഭൂമി ബലമായി ഏറ്റെടുക്കുന്നതിനാല്‍ ഒഴിഞ്ഞുപോകേണ്ടിവരുന്ന ഗിരിവര്‍ഗ വിഭാഗങ്ങള്‍ നടത്തുന്ന പോരാട്ടങ്ങളെപ്പറ്റി ഝാര്‍ഖണ്ഡില്‍ ഞങ്ങള്‍ കേട്ടു. ബിഹാറില്‍ ആശ അടക്കമുള്ള പ്രോജക്ടുകളില്‍ തുച്ഛമായ വേതനത്തിന് ജോലി ചെയ്യേണ്ടിവരുന്ന നൂറുകണക്കിന് തൊഴിലാളികളെ കണ്ടു. സ്വയം സംഘടിച്ച് അവകാശങ്ങള്‍ക്കായി അവര്‍ പോരാടുകയാണ്. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ സമരത്തിലാണ്. ബിഹാറില്‍ അവര്‍ക്കുനേരെ ലാത്തിച്ചാര്‍ജുണ്ടായി.

ഗ്രാമീണ ദരിദ്രരില്‍നിന്ന് നല്ല പ്രതികരണമാണ് ജാഥയ്ക്ക് ലഭിച്ചത്; പ്രത്യേകിച്ച് ബിഹാറിലെ സ്ത്രീകളില്‍നിന്ന്. ഭക്ഷണവും തൊഴിലുമാണ് അവരുടെ മുഖ്യപ്രശ്നം. ഈ രണ്ടു സംസ്ഥാനങ്ങളിലും ജാഥ പാര്‍ടി ഘടകങ്ങളെ സജീവമാക്കുകയും പാര്‍ടിയെ പിന്തുണയ്ക്കുന്നവരെ ആവേശഭരിതമാക്കുകയും ചെയ്തു. അതേസമയം തന്നെ എത്ര പ്രദേശങ്ങളും ജനവിഭാഗങ്ങളും പാര്‍ടിയുടെയും സംഘടിത ഇടതുപക്ഷത്തിന്റെയും സ്വാധീനത്തിന് പുറത്താണെന്ന് മനസ്സിലാക്കാനും ഞങ്ങള്‍ക്കായി. പ്രസ്ഥാനം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടാനും പുതിയ വിഭാഗങ്ങളെ വര്‍ഗബഹുജന സംഘടനകളിലേക്കെത്തിക്കാനും ജാഥയ്ക്കു കഴിയുമെന്ന് പ്രത്യാശിക്കാം.
(പ്രകാശ് കാരാട്ട്)

ജാഥാസംഗമം ഭോപാലില്‍ സമരപ്രതിജ്ഞയെടുത്ത് പതിനായിരങ്ങള്‍

ഭോപാല്‍/ ലഖ്നൗ: ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് പുത്തന്‍ സമരാവേശം പകര്‍ന്ന് സിപിഐ എം സംഘടിപ്പിക്കുന്ന സമരസന്ദേശ യാത്രകള്‍. തെക്കന്‍, പടിഞ്ഞാറന്‍ ജാഥകള്‍ അത്യാവേശകരമായ അന്തരീക്ഷത്തില്‍ ഭോപാലില്‍ സംഗമിച്ചു. കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സന്ധിയില്ലാപോരാട്ടത്തിന് ആഹ്വാനം ചെയ്താണ് ജാഥ പ്രയാണം തുടരുന്നത്. പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന ജാഥ കന്യാകുമാരിയില്‍നിന്നാരംഭിച്ച് കേരളം, തമിഴ്നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സഞ്ചരിച്ചാണ് ഭോപാലില്‍ എത്തിയത്. പടിഞ്ഞാറന്‍ ജാഥ നീലോല്‍പ്പല്‍ബസുവാണ് ചൊവ്വാഴ്ച നയിച്ചത്. ഇരുജാഥകളും ഭോപാലിന്റെ സിരാകേന്ദ്രമായ നീലംപാര്‍ക്കില്‍ സംഗമിച്ചു. ഇവിടെ ചേര്‍ന്ന പൊതുയോഗത്തില്‍ പതിനായിരങ്ങള്‍ അണിചേര്‍ന്നു. ഇരുജാഥകളും ശേഷം ഡല്‍ഹിയിലേക്ക് പ്രയാണം ആരംഭിച്ചു. വിവിധ കേന്ദ്രങ്ങളിലും സമാപന പൊതുയോഗത്തിലും ജാഥാലീഡര്‍മാരായ എസ് രാമചന്ദ്രന്‍പിള്ള, നീലോല്‍പ്പല്‍ബസു, പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, ജാഥാംഗങ്ങളായ വി ശ്രീനിവാസറാവു, മുഹമ്മദ് സലിം, സുധാ സുന്ദരരാമന്‍, മറിയം ധാവ്ളെ, അശോക് ധാവ്ളെ, ബാദല്‍ സരോജ്, ഹനുമന്തലാല്‍ എന്നിവര്‍ സംസാരിച്ചു.

പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നയിക്കുന്ന ജാഥ ഉത്തര്‍പ്രദേശിന്റെ ഗ്രാമമേഖലകളില്‍ പര്യടനം നടത്തിയശേഷം ലക്നൗവിലേക്ക് പ്രവേശിച്ചു. വാരാണസിയില്‍നിന്ന് ആരംഭിച്ച ജാഥയെ സ്വീകരിക്കാന്‍ നെയ്ത്തുതൊഴിലാളികള്‍ കൂട്ടത്തോടെ എത്തി. കാച്ചിബാഗില്‍ നടന്ന സ്വീകരണയോഗത്തിലും നിരവധിപേര്‍ സംബന്ധിച്ചു. വിവിധ സ്വീകരണയോഗങ്ങളില്‍ ജാഥാലീഡറും സിപിഐ എം ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട്, സുഭാഷിണി അലി, ബിമന്‍ബസു എന്നിവര്‍ സംസാരിച്ചു. പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് നയിക്കുന്ന വടക്കന്‍ജാഥ സദാസര്‍, ചുരു, ഫത്തേപുര്‍, ഗദ്സാന എന്നിവിടങ്ങളില്‍ പര്യടനം നടത്തി. ആയിരങ്ങള്‍ സ്വീകരണത്തില്‍ സംബന്ധിച്ചു. സര്‍ക്കാരിന്റെ നയങ്ങള്‍മൂലം ഭൂരഹിതരായ കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും ആത്മവിശ്വാസം പകരുന്നതായി സ്വീകരണയോഗം. വിവിധ കേന്ദ്രങ്ങളില്‍ ജാഥാലീഡര്‍ വൃന്ദ കാരാട്ട്, ഹനന്‍മുള്ള, ബസുദേവ്, അമ്രാറാം എംഎല്‍എ, പേമറാം, മൈമൂന മുള്ള എന്നിവര്‍ സംസാരിച്ചു.

ബനാറസി സാരികളുടെ നാട്ടില്‍

തിങ്കളാഴ്ച (മാര്‍ച്ച് 11) രാത്രിയിലെ വന്‍പൊതുയോഗത്തോടെയാണ് വാരണാസി സിപിഐ എം സമരസന്ദേശയാത്രയെ സ്വീകരിച്ചത്. മധ്യ ഉത്തര്‍പ്രപ്രദേശിലൂടെ 275 കിലോമീറ്റര്‍ യാത്രചെയ്താണ് പ്രകാശ് കാരാട്ട് നയിക്കുന്ന ജാഥ വാരണാസിയിലെത്തിയത്. ബനാറസി സാരികളുടെ ഉറവിടമായ കാച്ചിബാഗ് പ്രദേശത്തായിരുന്നു യോഗം.

ഇവിടെ എല്ലാ വീട്ടിലും തന്നെ കൈത്തറിയോ യന്ത്രത്തറിയോ ഉണ്ട്. വാരണാസിയിലെ നെയ്ത്തുകാര്‍ അമ്പതിനായിരത്തിലേറെ വരും. കുറേ വര്‍ഷമായി പലവിധ ദുരിതങ്ങളിലാണവര്‍. കൈത്തറിക്കാരാണ് ഏറെ കുഴപ്പത്തിലായത്. തലമുറകളിലൂടെ കൈമാറികിട്ടിയ കരവിരുത് സ്വന്തമായുള്ളവരാണവര്‍. ബനാറസി സാരികളുടെ നിര്‍മാണം പണിപ്പെട്ട ജോലിയാണ്. ഒരു സാരി നെയ്തെടുക്കാന്‍ മണിക്കൂറുകള്‍ വേണം. കൈത്തറിക്കാര്‍ യന്ത്രത്തറിയുടെ വെല്ലുവിളി നേരിടുമ്പോള്‍ യന്ത്രത്തറിയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കും നെയ്ത്തുകാര്‍ക്കും വേണ്ടത്ര കൂലിയില്ല.

സ്വന്തം സംഘടനയുണ്ടാക്കി നിലനില്‍പ്പിനായി പൊരുതുകയാണ് നെയ്ത്തുകാര്‍. ഇവര്‍ക്കിടയില്‍ സിപിഐഎമ്മിന് ശക്തമായ സ്വാധീനമുണ്ട്. തിങ്കളാഴ്ച രാത്രി ചേര്‍ന്ന യോഗത്തില്‍ ഇത് പ്രകടമായിരുന്നു. മണിക്കൂറുകള്‍ നീണ്ട യോഗത്തില്‍ അവര്‍ സജീവമായി പങ്കെടുത്തു. ഏറെയും ന്യൂനപക്ഷ വിഭാഗകാരായ ഈ നെയ്ത്തുകാര്‍ കേന്ദ്രനയങ്ങള്‍ ജനജീവിതം എങ്ങനെ തകര്‍ത്തെറിയുന്നു എന്ന് വിശദീകരിച്ച നേതാക്കളുടെ പ്രസംഗങ്ങള്‍ക്ക് കാതോര്‍ത്തിരുന്നു.

തിങ്കളാഴ്ച ജാന്‍പൂര്‍ ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായിരുന്നു സ്വീകരണം. ജില്ലാ കവാടത്തില്‍ തെരുവ് യോഗത്തോടെ തുടങ്ങി. ഇവിടെ പ്രകാശ്കാരാട്ട് പ്രസംഗിച്ചു. ജാന്‍പൂര്‍ പട്ടണത്തില്‍ യോഗം നിശ്ചയിച്ചിരുന്നില്ല. പക്ഷേ കാത്തുനിന്ന ജനക്കൂട്ടം അവിടെയും ജാഥയ്ക്ക് സ്വീകരണം നല്‍കി. സുല്‍ത്താന്‍പൂരിലെ യോഗം വലിയ പങ്കാളിത്തമുള്ളതായിരുന്നു. ഏറെ ആവേശകരവുമായിരുന്നു. സമീപഗ്രാമങ്ങളില്‍ നിന്നുള്ള കര്‍ഷകരും കര്‍ഷകതൊഴിലാളികളും അണിചേര്‍ന്നു. യുവാക്കളും വിദ്യാര്‍ഥികളും ഏറെയുണ്ടായിരുന്നു. വിദ്യാര്‍ഥി പ്രസ്ഥാനം സുല്‍ത്താന്‍പൂരില്‍ ശക്തമാണ്. ചെങ്കൊടികളുമായി സ്വീകരണസമ്മേളനത്തിനെത്തിയവരില്‍ നിരവധി കൗമാരക്കാരുമുണ്ടായിരുന്നു. സ്വീകരണവേളയിലുടനീളം അവര്‍ ആവേശകരായി മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നു. ദളിതരും ജനപക്ഷക്കാരും വലിയതോതില്‍ തന്നെ പങ്കെടുത്തു.

വൈകിട്ട് ജാഥ ലഖ് നൗവിലെത്തി. വിധാന്‍സഭ മാര്‍ഗിലെ സിപിഐഎം ഓഫീസിനരികില്‍ ചേര്‍ന്ന യോഗത്തില്‍ നല്ല ജനപങ്കാളിത്തമുണ്ടായി. ലഖ്നൗ നഗരത്തിന്റെ അതിര്‍ത്തിയിലെത്തിയ ജാഥാവാഹനത്തെ വന്‍ജനക്കൂട്ടം തടഞ്ഞുനിര്‍ത്തി വരവേറ്റു. ഒട്ടേറെ ദരിദ്രസ്ത്രീകളടങ്ങിയ സംഘമായിരുന്നു ഇത്. മുദ്രാവാക്യങ്ങളും പാട്ടുകളുമായി ആവേശകരമായിരുന്നു ഈ വരവേല്‍പ്പ്.

മോഡി പറയുന്ന "ഇന്ത്യ" വമ്പന്‍മാരുടേത്

ജാട്ബസാര്‍ (സിക്കാര്‍): "എന്താണ് മോഡിയുടെ ഇന്ത്യ? ആരുടെ ഇന്ത്യയുടെ കാര്യമാണ് മോഡി പറയുന്നത്"" - നരേന്ദ്രമോഡിയുടെ "ഇന്ത്യ ഒന്നാമത്" എന്ന മുദ്രാവാക്യത്തെപ്പറ്റി വൃന്ദാകാരാട്ടിന്റെതാണ് ചോദ്യം. "അദാനിയുടെയും അതുപോലെയുള്ള വമ്പന്‍ കോര്‍പ്പറേറ്റുകളുടെയും ഇന്ത്യയെപ്പറ്റിയാണ് മോഡി സംസാരിക്കുന്നത്. അവരെ ലോകത്തില്‍ ഒന്നാമതെത്തിക്കാനാണ് ഗുജറാത്ത് മുഖ്യമന്ത്രി ശ്രമിക്കുന്നത്"" - സിക്കാറിലെ ജാട്ട്നഗറില്‍ ചേര്‍ന്ന യോഗത്തില്‍ വൃന്ദ പറഞ്ഞു.

സിപിഐ എം സംഘര്‍ഷജാഥ നയിച്ച് രാജസ്ഥാനിലെത്തിയ വൃന്ദ നരേന്ദ്രമോഡിയുടെ ഗുജറാത്ത് വികസനത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി

പോഷകാഹാരക്കുറവും കൂലിക്കുറവും അസമത്വവും വര്‍ധിച്ചുവരുന്ന ഗുജറാത്ത് എങ്ങനെ വികസനത്തിന്റെ മാതൃകയാകും എന്ന് വൃന്ദ ചോദിച്ചു. വിഭജനത്തിന്റെയും വര്‍ഗീയതയുടെയും ആശയഗതികളില്‍ അടിയുറച്ച മോഡിക്ക് എങ്ങനെ ഇന്ത്യയെ ഒന്നാമാതാക്കാനാകും. പണിയെടുക്കുന്നവരുടെ ഐക്യത്തെപ്പറ്റി ചിന്തിക്കാത്ത ഒരാള്‍ക്ക് എങ്ങനെ ഇന്ത്യയെ നയിക്കാനാകും? - വൃന്ദ ചോദിച്ചു. കോണ്‍ഗ്രസിന് ഒരു തരത്തിലും ബദലാകാന്‍ ബിജെപിക്ക് കഴിയില്ല. അവര്‍ ഒരു വ്യാജ പ്രതിപക്ഷമാണ്. അവര്‍ പിന്തുടരുന്നത് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തന്നെ - വൃന്ദ ചൂണ്ടിക്കാട്ടി.

ഇഷ്ടികചൂളയില്‍ പണിയെടുക്കുന്ന നൂറുകണക്കിന് തൊഴിലാളികള്‍ ജാഥയെ സ്വീകരിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് കലക്ടറുടെ ഓഫീസിനുമുന്നിലേക്ക് മാര്‍ച്ച് നടത്തി മടങ്ങുകയായിരുന്ന ഈ തൊഴിലാളികള്‍ ജാഥയെ കാത്തുനിന്ന് സ്വീകരിക്കുകയായിരുന്നു. സ്ത്രീകളും കര്‍ഷകരും ന്യൂനപക്ഷവിഭാഗങ്ങളില്‍പ്പെട്ട ഒട്ടേറെപ്പേരും ജാഥയെ സ്വീകരിക്കാനെത്തി. സിക്കാറിലേക്ക് ജാഥയെ വരവേല്‍ക്കാന്‍ ഒരു കിലോമീറ്റര്‍ നീളത്തില്‍ ബൈക്കില്‍ യുവാക്കള്‍ അണിനിരന്നു. അര്‍ധരാത്രിയോടെ ഫത്തേപൂരിലെത്തിയ ജാഥയ്ക്ക് ഉജ്വലവരവേല്‍പ്പാണ് അവിടെയും ലഭിച്ചത്.

വര്‍ളിയിലെ ഗിരിവര്‍ഗ സമര ഭൂമിയില്‍

എന്‍ എസ് അര്‍ജുന്‍

ദഹാനു: വര്‍ളിയിലെ ഗിരിവര്‍ഗ മേഖലയില്‍ സിപിഐ(എം) സമരസന്ദേശ ജാഥയ്ക്ക് ലഭിച്ചത് വീരോചിത വരവേല്‍പ്പ്. മഹാരാഷ്ട്രിയിലെ താനെ ജില്ലയിലെ ദഹാനു, ജവഹര്‍, തലാശ്ശേരി മേഖലകള്‍ ഉള്‍പ്പെട്ട ഇവിടം 1945 ലെ ഗിരിവര്‍ഗ കലാപത്തിന്റെ പോര്‍ഭൂമിയിരുന്നു. ഗോദാവരിപരുലേക്കറും, ശ്യാംറാവു പരുലേക്കറും അടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ക്കൊപ്പം ഗിരിവര്‍ഗക്കാര്‍ വന്‍കിട ഭൂഉടമകള്‍ക്കും ബ്രിട്ടീഷുകാര്‍ക്കുമെതിരെ പോരാടിയ സ്ഥലം. ആയിരക്കണക്കിനേക്കര്‍ കൈവശംവെച്ചിരുന്ന ഭൂസ്വാമിമാര്‍ക്ക് സായുധകലാപത്തെ തുടര്‍ന്ന് നാടുവിട്ടോടേണ്ടിവന്നു. ഈ ഭൂമിയില്‍ പിന്നീട് ഭൂരഹിതരായ ഗിരിവര്‍ഗക്കാര്‍ താമസമാക്കി.

സമരകാലത്തിനുശേഷം ഈ മേഖല കമ്യൂണിസ്റ്റ് പാര്‍ടിയുടെ ശക്തികേന്ദ്രമായി നിലനിന്നു. ഭൂമിയ്ക്കായുള്ള പോരാട്ടം പാര്‍ടിയുടെ നേതൃത്വത്തില്‍ ഇന്നും തുടരുന്നു. 1945ല്‍ ഭൂമി വിട്ടോടേണ്ടിവന്ന വന്‍കിടക്കാരുടെ പിന്‍ഗാമികള്‍ ഭൂമി തിരിച്ചുപിടിക്കാന്‍ ശ്രമം തുടരുന്നു. മുബൈയോട് അടുത്തുകിടക്കുന്ന പ്രദേശമായതിനാല്‍ ഭൂമിക്ക് ഇവിടെ വില കുതിച്ചുയര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭൂമി തിരികെ പിടിക്കാനുള്ള മുന്‍ ഉമടകളുടെ ശ്രമങ്ങള്‍ക്ക് ആക്കംകൂടുന്നു. സിപിഐ(എം) ഉശിരന്‍ സമരങ്ങള്‍തന്നെ ഇവിടെ നടത്തുന്നു. ഗിരിവര്‍ഗക്കാരുടെ ഭൂമിയില്‍ പഴയ ഉടമകളുടെ ആള്‍ക്കാര്‍ കെട്ടിയ നിര്‍മിതികള്‍ പാര്‍ടിയുടെ നേതൃത്വത്തില്‍ പലവട്ടം തകര്‍ത്തു. സമരം തുടരുകയാണ്.

ദഹാനുവില്‍ ഉച്ചയോടെയെത്തിയ സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള ജാഥയെ "ഇങ്ക്വിലാബ് സിന്ദാബാദ്" വിളികളോടെ ആയിരങ്ങളാണ് എതിരേറ്റത്. ഏറെയും ദരിദ്രരായ ഗിരിവര്‍ഗ സ്ത്രീകള്‍. ജാഥാംഗവും സിപിഐ എം മഹാരാഷ്ട്ര സെക്രട്ടറിയറ്റ് അംഗവുമായ മറിയം ധാവളെയാണ് ആദ്യം പ്രസംഗിച്ചത്. ഗിരിവര്‍ഗക്കാരുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കുന്ന കോണ്‍ഗ്രസ് - എന്‍ സി പി സര്‍ക്കാരിനെ അവര്‍ രൂക്ഷമായി വിമര്‍ശിച്ചു. പൊതുവിതരണം തകര്‍ക്കുന്നതടക്കമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ദുര്‍നയങ്ങള്‍ തുറന്നുകാട്ടി സീതാറാം യെച്ചൂരിയും ജാഥാംഗങ്ങളായ മുഹമ്മദ് സലിം, നീലോല്‍പ്പലബസു എന്നിവരും സംസാരിച്ചു.

deshabhimani

സമരസന്ദേശജാഥ വെബ് സൈറ്റ്

No comments:

Post a Comment