Wednesday, March 13, 2013
ഷാവേസിന്റെ പോരാട്ടം തുടരുക: ഫിദല്‍ കാസ്ട്രോ
ചൂഷണത്തിനിരയായ മുഴുവന്‍ രാജ്യങ്ങള്‍ക്കും വേണ്ടി ഹ്യൂഗോ ഷാവേസ് നടത്തിയ പോരാട്ടം തുടരണമെന്ന് ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദെല്‍ കാസ്ട്രോ. അന്തരിച്ച വെനസ്വേല പ്രസിഡന്റിനെ അനുസ്മരിച്ച് ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടി മുഖപത്രം ഗ്രാന്മയില്‍ എഴുതിയ കുറിപ്പിലാണ് ഈ ആഹ്വാനം. ക്യൂബയുടെ ചരിത്രത്തിലെ എക്കാലത്തെയും ഉറ്റ സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്ന് അനുസ്മരിച്ച കാസ്ട്രോ താനും ഷാവേസും പങ്കുവച്ച വിപ്ലവചിന്തകള്‍ സൂചിപ്പിച്ചു. ആവര്‍ത്തിച്ചുവന്ന അര്‍ബുദത്താല്‍ ഷാവേസിന്റെ ജീവന്‍ അപകടത്തിലാണെന്ന് അറിയാമായിരുന്നെങ്കിലും മരണവാര്‍ത്ത വലിയ ആഘാതമായി. തങ്ങള്‍ ഇരുവരുടെയും വിപ്ലവദൗത്യങ്ങള്‍ പൂര്‍ത്തീകരിച്ചശേഷം വെനസ്വേലയിലെ അറോക്ക നദീതീരത്തുകൂടി നടക്കാന്‍തന്നെ ക്ഷണിക്കുന്നുണ്ടെന്ന് ഷാവേസ് തമാശ പറയുമായിരുന്നെന്ന് കാസ്ട്രോ അനുസ്മരിച്ചു.
ഒരിക്കലും വിശ്രമിക്കാതിരുന്ന ഷാവേസ് അപ്പോഴാണ് വിശ്രമത്തെക്കുറിച്ച് ചിന്തിച്ചിരുന്നത്. സാമൂഹ്യനീതിയെക്കുറിച്ചും ചൂഷിതരെ സഹായിക്കുന്നതിനെക്കുറിച്ചും ഷാവേസിനുണ്ടായിരുന്ന ആശയങ്ങള്‍ പങ്കിടാന്‍ കഴിഞ്ഞത് ബഹുമതിയാണെന്ന് കാസ്ട്രോ പറഞ്ഞു. ക്യൂബന്‍ വിപ്ലവവിജയം കഴിഞ്ഞ് 22 ദിവസത്തിന് ശേഷം താന്‍ വേനസ്വേലന്‍ ജനതയുടെ സഹായത്തിന് നന്ദിപറയാന്‍ എത്തിയപ്പോള്‍ നടത്തിയ പ്രസംഗം കാസ്ട്രോ ഓര്‍മിപ്പിച്ചു. വെനസ്വേലയുടെ പുത്രനായ ലാറ്റിനമേരിക്കയുടെ വിമോചകനായകന്‍ സൈമണ്‍ ബൊളിവറും ക്യൂബയുടെ സ്വാതന്ത്ര്യനായകന്‍ ഹോസെ മാര്‍ടിയും അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെയും ലാറ്റിനമേരിക്കന്‍ ഐക്യത്തെക്കുറിച്ചും പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു ആ പ്രസംഗം. അതിലെ വരികള്‍ ആവര്‍ത്തിച്ച കാസ്ട്രോ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കൊപ്പം കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി ചൂഷണത്തിനും കൊള്ളയ്ക്കും ഇരകളായ ലോകത്തെ മറ്റ് രാജ്യങ്ങളെക്കൂടി ആ പട്ടികയില്‍ ചേര്‍ക്കണമെന്ന് കൂട്ടിച്ചേര്‍ത്തു. അതായിരുന്നു ഷാവേസിന്റെ പോരാട്ടം. അദ്ദേഹം എത്ര മഹാനായിരുന്നു എന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ചിരസ്മരണീയനായ സുഹൃത്തേ, ശാശ്വത വിജയംവരെ പോരാട്ടം എന്ന പ്രതിജ്ഞയോടെയാണ് കാസ്ട്രോ കുറിപ്പ് അവസാനിച്ചത്.
deshabhimani 130313
Subscribe to:
Post Comments (Atom)
No comments:
Post a Comment