Wednesday, March 13, 2013

നഗരസഭായോഗത്തില്‍ യുഡിഎഫ് പരാക്രമം


കൗണ്‍സിലര്‍മാര്‍ക്കെതിരെ ചെരിപ്പേറും കുപ്പിയേറും

തിരു: നഗരസഭാ ബജറ്റ് ചര്‍ച്ച വനിതകളടക്കമുള്ള യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അലങ്കോലപ്പെടുത്തി. കൗണ്‍സില്‍ ഹാളില്‍ ചെരിപ്പേറും കുപ്പിയേറും കൈയേറ്റവും. ചൊവ്വാഴ്ച രാവിലെയാണ് ബജറ്റ് ചര്‍ച്ച ആരംഭിച്ചത്. ചര്‍ച്ചയ്ക്ക് തുടക്കംകുറിച്ചത് എല്‍ഡിഎഫിലെ പ്രൊഫ. ജെ ചന്ദ്രയാണ്. മാലിന്യസംസ്കരണമടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നഗരസഭയോടു കാണിക്കുന്ന അവഗണനയ്ക്കെതിരെ അവര്‍ ശക്തമായി പ്രതികരിച്ചു. തുടക്കംമുതല്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ ചര്‍ച്ചയ്ക്കു വിളിക്കുമ്പോള്‍ പ്രസംഗം അലങ്കോലപ്പെടുത്താന്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഇത് മേയര്‍ കെ ചന്ദ്രിക വിലക്കി. വൈകിട്ട് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ് പുഷ്പലത ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ സംഘടിതമായി പ്രസംഗം തടസ്സപ്പെടുത്തിയത്. വനിതകളടക്കമുള്ള യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മേയറുടെ ചേംബറില്‍ തള്ളിക്കയറുകയും മൈക്ക് വലിച്ചൊടിക്കുകയും ചെയ്തു. ഇരിപ്പിടങ്ങളിലേക്ക് തിരികെപ്പോകണമെന്ന് മേയര്‍ പലപ്രാവശ്യം അഭ്യര്‍ഥിച്ചെങ്കിലും സംഘം വഴങ്ങിയില്ല. പ്രകോപനം ഉണ്ടാക്കാന്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരോട് ആക്രോശിച്ച് സംസാരിക്കുകയും ചെയ്തു. യോഗം തടസ്സപ്പെട്ടതിനേത്തുടര്‍ന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും രംഗത്തുവന്നു.

ഇതിനിടയിലാണ് വനിതകള്‍ അടക്കമുള്ളവരുടെ അപമാനകരമായ പെരുമാറ്റം അരങ്ങേറിയത്. ഒരു യുഡിഎഫ് കൗണ്‍സിലര്‍ നഗരസഭാ നടപടിക്രമങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടിരുന്ന ജീവനക്കാരിയുടെ ചെരിപ്പ് എടുത്ത് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കുനേരെ എറിഞ്ഞു. മറ്റൊരു വനിത കുടിവെള്ളംനിറച്ച കുപ്പികൊണ്ടാണ് എറിഞ്ഞത്. കൗണ്‍സില്‍ യോഗത്തില്‍ ചായക്കൊപ്പം കൊണ്ടുവന്ന പലഹാരം, മീഡിയാ ഡയറി എന്നിവയായിരുന്നു മറ്റൊരു വനിതാ കൗണ്‍സിലര്‍ ആയുധമാക്കിയത്. ബജറ്റ് രേഖകളും വലിച്ചുകീറിയെറിഞ്ഞു. ഇതിനിടെ യുഡിഎഫിലെ പുരുഷ കൗണ്‍സിലര്‍മാരും എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതോടെ വാക്കേറ്റവും കൈയാങ്കളിയും രൂക്ഷമായി.

deshabhimani 130313

No comments:

Post a Comment