Wednesday, March 13, 2013
ഇറാന്‍ വാതകക്കുഴല്‍: നഷ്ടം ഇന്ത്യക്ക്
ഇറാനില്‍നിന്ന് പാകിസ്ഥാനിലേക്ക് പ്രകൃതിവാതകം എത്തിക്കാനുള്ള പദ്ധതി ഇരുരാജ്യവും ചേര്‍ന്ന് നടപ്പാക്കുമ്പോള്‍ നഷ്ടം ഇന്ത്യക്ക്. ഇന്ത്യകൂടി ഉള്‍പ്പെട്ട ഇറാന്‍-പാകിസ്ഥാന്‍-ഇന്ത്യ പൈപ്പ് ലൈന്‍ പദ്ധതിയില്‍നിന്ന് അമേരിക്കന്‍ സമ്മര്‍ദത്തെതുടര്‍ന്ന് ഇന്ത്യ പിന്മാറിയ സാഹചര്യത്തിലാണ് ഇറാനും പാകിസ്ഥാനും തിങ്കളാഴ്ച പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇന്ത്യയുടെ വാതകക്ഷാമം പരിഹരിക്കാനുതകുന്ന അവസരമാണ് ഇന്ത്യയ്ക്ക് ഇതുവഴി നഷ്ടമായത്.
1989ല്‍ രാജേന്ദ്ര പച്ചൗരിയാണ് പദ്ധതിയുടെ ആദ്യ രൂപരേഖ തയ്യാറാക്കിയത്. തുടര്‍ന്ന് ഇറാന്‍-ഇന്ത്യ സര്‍ക്കാരുകളുടെ പരിഗണനയ്ക്കു വച്ചു. തുടക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏറെ താല്‍പ്പര്യത്തോടെയാണ് പദ്ധതിയെ സമീപിച്ചത്. ഒരു എംബിടിയു (മില്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റ്) വാതകത്തിന് 4.93 ഡോളറെന്ന വിലയാണ് ഇറാന്‍ തുടക്കത്തില്‍ നിര്‍ദേശിച്ചത്. ഈ വിലയോട് ആദ്യം യോജിപ്പ് പ്രകടിപ്പിച്ചെങ്കിലും 2007 മുതല്‍ സമീപനത്തില്‍ മാറ്റം തുടങ്ങി. ഇന്തോ- യുഎസ് ആണവകരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന ഘട്ടമായിരുന്നു ഇത്. 2008ല്‍ ആണവകരാറില്‍ ഒപ്പിട്ടതിനു പിന്നാലെ ഇറാനില്‍നിന്നുള്ള വാതകക്കുഴല്‍ പദ്ധതിയില്‍നിന്ന് പിന്‍വാങ്ങുന്നതായി ഇന്ത്യ ഏകപക്ഷീയമായി പ്രഖ്യാപിച്ചു. ഇറാന്‍ ഉയര്‍ന്ന വില ആവശ്യപ്പെടുന്നു, സുരക്ഷാപ്രശ്നം എന്നിവയാണ് ഇന്ത്യ മുന്നോട്ടുവച്ചത്. അതേസമയം, ഏറെ സുരക്ഷാപ്രശ്നം ഉയരാവുന്ന തുര്‍ക്മെനിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍- പാകിസ്ഥാന്‍- ഇന്ത്യ വാതകക്കുഴല്‍ പദ്ധതിക്കായി ഇന്ത്യ നീക്കമാരംഭിച്ചു. ഗോദാവരി തടത്തില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വാതകത്തിന് 14.20 ഡോളര്‍ ഒരു എംബിടിയുവിന് വില ലഭിക്കണമെന്ന് റിലയന്‍സ് നിരന്തരം ആവശ്യപ്പെടുമ്പോഴാണ് ഇറാന്‍ ഉയര്‍ന്ന വിലയാണ് ആവശ്യപ്പെട്ടതെന്ന ന്യായം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചത്. ഇറാന്‍ പദ്ധതി അട്ടിമറിക്കപ്പെട്ടത് റിലയന്‍സിനും സഹായകമാകും. 2010ല്‍ ഇന്ത്യ വീണ്ടും പേരിന് ഇറാനുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിച്ചു. ഈ ഘട്ടത്തില്‍ ഇറാന്‍ ഒരു എംബിടിയു വാതകത്തിന് 7.2 ഡോളര്‍ വില ആവശ്യപ്പെട്ടു. റിലയന്‍സ് ആവശ്യപ്പെടുന്ന വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറെ കുറവാണിതെങ്കിലും ഇന്ത്യ വീണ്ടും ചര്‍ച്ചകളില്‍നിന്ന് പിന്‍വാങ്ങുകയാണുണ്ടായത്.
deshabhimani 130313
Labels:
ഇറാന്‍ വാതകപദ്ധതി
Subscribe to:
Post Comments (Atom)
No comments:
Post a Comment