Saturday, April 13, 2013

തൊഴിലുറപ്പ്: കാര്‍ഷികമേഖലയെ ഒഴിവാക്കി


കാര്‍ഷിക മേഖലയെയും ഭൂവികസന പദ്ധതികളെയും തൊഴിലുറപ്പ് പദ്ധതി പരിധിയില്‍നിന്ന് ഒഴിവാക്കുകയും രണ്ടുമാസത്തെ കൂലി നിഷേധിക്കുകയും ചെയ്തതോടെ സംസ്ഥാനത്തെ 27 ലക്ഷം കുടുംബങ്ങള്‍ പട്ടിണിയിലേക്ക്. അര്‍ധപട്ടിണിക്കാരായ തൊഴിലാളികള്‍ക്ക് 62.85 കോടി രൂപയാണ് കൂലിയിനത്തില്‍ സര്‍ക്കാര്‍ നല്‍കാനുള്ളത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഈ സാമ്പത്തിക വര്‍ഷം കാര്‍ഷിക മേഖലയെയും നീര്‍ത്തടാധിഷ്ഠിത പ്രവര്‍ത്തനങ്ങളെയും നെഗറ്റീവ് പട്ടികയില്‍ പെടുത്തിയതോടെ സംസ്ഥാനത്ത് വര്‍ഷം 10 ദിവസം പോലും തൊഴില്‍ കിട്ടാത്ത സാഹചര്യമായി. ഓട വൃത്തിയാക്കലല്ലാതെ മറ്റൊന്നും ഇനി ചെയ്യിക്കാന്‍ കഴിയാത്തവിധമുള്ള നിര്‍ദേശങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗരേഖയിലുള്ളത്. പദ്ധതിയുടെ വെബ് സൈറ്റില്‍ കേരളത്തിന് എതിരായ നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടും വിയോജിപ്പ് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയ്യാറായില്ല.

കഴിഞ്ഞ വര്‍ഷം നീര്‍ത്തടസംരക്ഷണവും ചെറുകിട കര്‍ഷകരുടെ കൃഷി പരിപാലനവും അടക്കം 16 വിഭാഗങ്ങളിലായി രണ്ട് ലക്ഷം പ്രവൃത്തിയാണ് സംസ്ഥാനത്ത് നടത്തിയത്. ഇതില്‍ 1.25 ലക്ഷം പ്രവൃത്തിയും നീര്‍ത്തട മേഖലയിലായിരുന്നു. 1500 കോടിയോളം രൂപ വിനിയോഗിച്ചതില്‍ 1200 കോടിയും കാര്‍ഷിക മേഖലയിലായിരുന്നു. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം ഇതൊന്നും ചെയ്യാനാകില്ല. ഇനി മുതല്‍ ഭൂമി കിളയ്ക്കാനോ, കയ്യാലകള്‍ നിര്‍മിക്കാനോ, ജലം സംഭരിച്ചു നിര്‍ത്തുന്ന പ്രവൃത്തികള്‍ ഏറ്റെടുക്കാനോ പദ്ധതിയിലൂടെ കഴിയില്ല. ഇവയെല്ലാം നെഗറ്റീവ് ലിസ്റ്റില്‍ പെടുത്തി. കൃഷി ഭൂമിയിലെ കാട് തെളിക്കാന്‍ പോലും ഇനി കഴിയില്ല. കുറ്റിച്ചെടി നശീകരണ പ്രവൃത്തിയായിട്ടാണ് കൃഷിയിടത്തിലെ കാട് തെളിക്കലിനെ വ്യാഖ്യാനിച്ചിട്ടുള്ളത്. പുഴയോരത്ത് ചെടി വച്ചുപിടിപ്പിക്കുന്ന പ്രവൃത്തി മാത്രമാണ് പുതുതായി ഉള്‍പ്പെടുത്തിയത്.

പൊതുഭൂമി കുറവുള്ള കേരളത്തില്‍ കാര്‍ഷിക മേഖലയ്ക്ക് എതിരായ മാര്‍ഗനിര്‍ദേശങ്ങള്‍ വന്നതോടെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ക്ക് മാസം ഒരു ദിവസം പോലും തൊഴില്‍ നല്‍കാനാകില്ല. കഴിഞ്ഞവര്‍ഷം കാര്‍ഷിക ജോലികള്‍ ചെയ്യിച്ചിട്ടും 10 ശതമാനം തൊഴിലാളികള്‍ക്കുപോലും 100 ദിവസം ജോലി നല്‍കാനായില്ല. ഫെബ്രുവരിയിലും മാര്‍ച്ചിലും ജോലി ചെയ്ത തൊഴിലാളികള്‍ക്ക് ഇതുവരെ പണം നല്‍കിയിട്ടില്ല. പാര്‍ലമെന്റ് അംഗീകരിച്ച രേഖയില്‍ ഈ പദ്ധതിയില്‍ പണിയെടുക്കുന്നവര്‍ക്ക് 14 ദിവസത്തിനകം കൂലി കൊടുക്കണമെന്നത് നിര്‍ബന്ധമാണ്്. രണ്ടുമാസം കേന്ദ്രം തുക അനുവദിച്ചില്ലെന്നാണ് സംസ്ഥാനത്തിന്റെ ന്യായം. എന്നാല്‍ അത്യാവശ്യഘട്ടങ്ങളില്‍ സംസ്ഥാനത്തിന് പണം അനുവദിക്കാമെന്നും കേന്ദ്രം അനുവദിക്കുമ്പോള്‍ തിരിച്ചെടുക്കാമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതൊന്നും ചെയ്യാന്‍ സംസ്ഥാനത്തിന് താല്‍പര്യമില്ല. പദ്ധതിയില്‍ 27 ലക്ഷം കുടുംബങ്ങളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏപ്രിലില്‍ ഇതുവരെ പണി ലഭിച്ചിട്ടില്ല. വിഷുവിനുമുമ്പ് തുക ലഭിക്കുമെന്ന് പ്രതീക്ഷിച്ച കുടുംബങ്ങളെയാണ് സര്‍ക്കാര്‍ പട്ടിണിക്കിടുന്നത്. കൂലിയിനത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള തുക ജില്ലതിരിച്ച്: കാസര്‍കോട്- 3.5 കോടി, കണ്ണൂര്‍- 4.43 കോടി,വയനാട്- 2.21 കോടി, കോഴിക്കോട്- 4.5 കോടി, മലപ്പുറം-8.43 കോടി, തൃശൂര്‍-6.56 കോടി, പാലക്കാട്-12.85 കോടി, എറണാകുളം-1.96 കോടി, ഇടുക്കി-5.9 കോടി, കോട്ടയം-6.56 കോടി, പത്തനംതിട്ട-3.34 കോടി, ആലപ്പുഴ-2.23 കോടി, കൊല്ലം-6.79 കോടി, തിരുവനന്തപുരം-2.03 കോടി.
(എം വി പ്രദീപ്)

deshabhimani 130413

No comments:

Post a Comment