Saturday, April 13, 2013

ചെറുകിടവ്യവസായംമുതല്‍ പെട്ടിക്കടവരെ അടച്ചുപൂട്ടുന്നു


ഒരു വ്യവസ്ഥയുമില്ലാതെ വൈദ്യുതി നിലയ്ക്കുന്നത് സംസ്ഥാനത്തെ ചെറുകിട- ഇടത്തരം വ്യവസായികള്‍മുതല്‍ പെട്ടിക്കടക്കാര്‍വരെയുള്ളവരെ അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിക്കുന്നു. പകല്‍നിയന്ത്രണം എന്ന പേരില്‍ നാലും അഞ്ചും തവണ തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നത് ഇക്കൂട്ടരുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കിയിരിക്കുകയാണ്. ബാങ്ക്വായ്പ എടുത്തും ഭാര്യയുടെ കെട്ടുതാലിവരെ പണയംവച്ചും സ്വന്തം സ്ഥാപനം ആരംഭിച്ചവരില്‍ ഭൂരിപക്ഷവും കനത്തനഷ്ടത്തെതുടര്‍ന്ന് അടച്ചുപൂട്ടല്‍ഭീഷണിയിലാണ്. ഇത്തരം സ്ഥാപനങ്ങളില്‍ ചെറിയ ശമ്പളത്തിന് ജോലിചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളും അവരുടെ കുടുംബങ്ങളും ദുരിതത്തിലാകും. വേനലിന്റെയും വൈദ്യുതോല്‍പ്പാദനക്കുറവിന്റെയും പേരു പറഞ്ഞ് വൈദ്യുതി മുടക്കുന്ന സര്‍ക്കാര്‍, ഇവര്‍ നേരിടുന്ന പ്രതിസന്ധിക്കുനേരെ തിരിഞ്ഞുനോക്കുന്നില്ല.

പകല്‍ വൈദ്യുതിനിയന്ത്രണം എന്ന പേരില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നതാണ് കൂടുതല്‍ പ്രശ്നം സൃഷ്ടിക്കുന്നത്. ഗ്രാമങ്ങളിലും നഗരങ്ങളിലും ഇടയ്ക്കിടെ വൈദ്യുതി മുടങ്ങുന്നത് വൈദ്യുതി ആശ്രയിക്കുന്ന ചെറുകിടസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താറുമാറാക്കുന്നു. തുടര്‍ച്ചയായി വൈദ്യുതി വേണ്ട സ്ഥാപനങ്ങള്‍ വന്‍ ഉല്‍പ്പാദനനഷ്ടം നേരിടുകയാണ്. ചെറുകിട പ്രിന്റിങ് പ്രസുകള്‍, ഫോട്ടോസ്റ്റാറ്റ് കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, പെട്ടിക്കടകള്‍, ധാന്യമില്ലുകള്‍, കംപ്യൂട്ടര്‍ സെന്ററുകള്‍ എന്നുവേണ്ട ബഹുഭൂരിപക്ഷം ചെറുകിടസ്ഥാപനങ്ങളും പ്രതിസന്ധി നേരിടുകയാണ്. ഉല്‍പ്പാദനമേഖലയിലെ സംസ്ഥാനത്തെ ഒന്നരലക്ഷത്തോളം ചെറുകിടവ്യവസായ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍നടപടിയെതുടര്‍ന്ന് രൂക്ഷമായ പ്രതിസന്ധിയിലാണെന്ന് ചെറുകിടവ്യവസായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ പി രാമചന്ദ്രന്‍നായര്‍ പറഞ്ഞു. പലപ്പോഴും ജീവനക്കാരെ വെറുതെ ഇരുത്തി ശമ്പളം നല്‍കേണ്ടി വരുന്നു. മുന്നറിയിപ്പില്ലാതെ നാലും അഞ്ചും തവണ പകല്‍ വൈദ്യുതി നിലയ്ക്കുന്നു. നൂറുകണക്കിന് തൊഴിലാളികള്‍ പണിയെടുക്കുന്ന യൂണിറ്റുകള്‍ക്ക് വന്‍ സാമ്പത്തികബാധ്യതയാണിത്. ഭീമമായ മുതല്‍മുടക്കില്‍ ജനറേറ്റര്‍ സ്ഥാപിക്കാന്‍ ഭൂരിപക്ഷം സ്ഥാപനങ്ങള്‍ക്കും നിവൃത്തിയില്ല. ജനറേറ്റര്‍ സബ്സിഡി ഇപ്പോഴില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. എങ്ങനെ മുന്നോട്ടുപോകുമെന്നുപോലും അറിയാത്ത സ്ഥിതിയാണെന്ന് രാമചന്ദ്രന്‍നായര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ കാപട്യമാണ് കൂടുതല്‍ കുഴപ്പം സൃഷ്ടിക്കുന്നതെന്ന് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് വി കെ സി മമ്മദുകോയ പറഞ്ഞു.

""മുന്‍കൂട്ടി പ്രഖ്യാപിച്ച് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം വൈദ്യുതി കളഞ്ഞോട്ടെ, ഇതിനനുസരിച്ച് ജോലി ക്രമീകരിക്കാനായാല്‍ വലിയ കുഴപ്പമില്ലാതെ മുന്നോട്ടുപോകാം. എന്നാല്‍, അറിയിച്ച് മുടക്കുന്നതിനേക്കാള്‍ കൂടുതല്‍ തവണ അറിയിക്കാതെ വൈദ്യുതി നിലയ്ക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്""- വി കെ സി പറഞ്ഞു. വൈദ്യുതിമുടക്കം ചെറുകിട ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പുകളുടെ നട്ടെല്ല് തകര്‍ത്തുവെന്ന് അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ഷോപ് അസോസിയേഷന്‍ കേരള പ്രസിഡന്റ് എം കെ വിജയന്‍ പറഞ്ഞു. അഞ്ചുമുതല്‍ 20 പേര്‍വരെ പണിയെടുക്കുന്ന 28,000 ചെറുകിട വാഹന വര്‍ക്ഷോപ്പുകള്‍ സംസ്ഥാനത്തുണ്ട്. പലപ്പോഴായി വൈദ്യുതി നിലയ്ക്കുന്നത് ഈ സ്ഥാപനങ്ങളുടെ താളംതെറ്റിക്കുന്നു. തൊഴിലാളികളുടെ ജോലിസമയമായ ഒമ്പതുമുതല്‍ ആറുവരെ പലപ്പോഴും അഞ്ചും ആറും തവണയാണ് വൈദ്യുതി നിലയ്ക്കുക. പണി നടന്നില്ലെങ്കിലും വേതനം കൊടുക്കണം. സമയത്തിന് പണി തീരാതെവരുമ്പോള്‍ കൂടുതല്‍ കൂലി നല്‍കി ഓവര്‍ടൈം പണിയെടുപ്പിക്കേണ്ടിയും വരുന്നു- വിജയന്‍ പറഞ്ഞു.

deshabhimani 130413

No comments:

Post a Comment