Saturday, April 13, 2013

തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സോഷ്യല്‍ മീഡിയ


ഇന്ത്യയിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ എണ്ണം തെരഞ്ഞെടുപ്പോടെ 62 മില്യണ്‍ എന്നതില്‍ നിന്ന് 80 മില്യണ്‍ ആയി ഉയരുമെന്ന് പഠന റിപ്പോര്‍ട്ട്. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ രാജ്യത്തെ 160 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ സോഷ്യല്‍ മീഡിയ ശക്തമായ സ്വാധീനം ചെലുത്തുമെന്നാണ്  'സോഷ്യല്‍ മീഡിയയും ലോകസഭാതിരെഞ്ഞെടുപ്പും' എന്ന വിഷയത്തില്‍ റിസ് ഫൗണ്ടേഷനും ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആകെ ഉപയോക്താക്കളില്‍ 97 ശതമാനവും ഫേസ് ബുക്ക് ഉപയോഗിക്കുന്നവരാണ്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരില്‍ മൂന്നില്‍ ഒന്ന് വിഭാഗവും മെട്രോ നഗരങ്ങളില്‍ ജീവിക്കുന്നവരാണ്. രാജ്യത്തെ ആകെയുള്ള 543 ലോകസഭാ സീറ്റുകളില്‍ 160 സീറ്റുകളിലെ വോട്ടര്‍മാര്‍ക്കിടയില്‍ ആര്‍ക്ക് വോട്ട് ചെയ്യണം എന്ന വിഷയത്തില്‍ ഫേസ് ബുക്ക് സ്വാധീനം ചെലുത്തുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത കാലത്തായി ഫേസ് ബുക്കിലൂടെ നടന്ന പ്രതിഷേധങ്ങളെയും വളര്‍ന്നുവരുന്ന നാഗരികതയെയും അടിസ്ഥാനമാക്കിയാണ് ഇങ്ങനെ ഒരു പഠനം നടന്നത്.

ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും വരുന്ന ലൈക്കുകളോ ട്വീറ്റുകളോ ആയിരിക്കില്ല സ്ഥാനാര്‍ഥിയുടെ വിജയ സാധ്യതയെ നിശ്ചയിക്കുന്നത്. മറിച്ച് ഇവയായിരിക്കും സ്ഥാനാര്‍ഥിക്ക് സമ്മദിദായകരെ നേരിടാനുള്ള കഴിവ് എത്രത്തോളമുണ്ട് എന്ന് കണ്ടെത്തുക. കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ആളുടെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ ഉള്ള ലോകസാഭാ സീറ്റുകളെയാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ സ്വാധീനിച്ചേക്കാവുന്നവയായി കണക്കാക്കിയിരിക്കുന്നത്. ഡല്‍ഹിയിലെ ആകെയുള്ള ഏഴു സീറ്റുകളും ഇത്തരത്തിലുള്ളവായാണ്. അതേ സമയം ബീഹാറിലെ 40 സീറ്റുകളില്‍ നാലെണ്ണം മാത്രമാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. ഉത്തര്‍പ്രദേശില്‍ പതിനാലും കര്‍ണ്ണാടകയില്‍ 12ഉം ആന്ധ്രയില്‍ 11ഉം കേരളത്തില്‍ 10ഉം സീറ്റുകളിലെ വിജയികളെ നിശ്ചയിക്കുന്നതില്‍ േസാഷ്യല്‍ മീഡിയ സ്വാധീനം ചെലുത്തുമെന്നാണ് പഠനം കാണിക്കുന്നത്.

അതേസമയം സോഷ്യല്‍ മീഡിയക്ക് തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താനാകും എന്നത് സംബന്ധിച്ച്  രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. സോഷ്യല്‍ മീഡിയകളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത് നന്നേ കുറവാണെന്നാണ് ട്വിറ്ററിലൂടെ ശദ്ധനേടിയ ശശി തരൂര്‍, ഒമര്‍ അബ്ദുള്ള എന്നീ നേതാക്കള്‍ പറയുന്നത്. എന്നാല്‍ ബാല്‍ താക്കറെയുടെ മരണത്തെത്തുടര്‍ന്ന് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളും ഇതേത്തുടര്‍ന്നുണ്ടായ സംഭവങ്ങളും കുറച്ച് വര്‍ഷം മുന്‍പ് വരെ സ്വാധീനമില്ലാതിരുന്ന സോഷ്യല്‍ മീഡിയക്ക് സമൂഹത്തില്‍ ഉണ്ടായ സ്വാധീനം വിളിച്ചറിയിക്കുന്നുവെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.

janayugom

No comments:

Post a Comment