Monday, April 1, 2013
'ബെഡ്റൂം നികുതി' ക്കെതിരെ ബ്രിട്ടനില്‍ ജനരോഷം പടരുന്നു
ലണ്ടന്‍ : 'ബെഡ്റൂം നികുതി' ക്കെതിരെ ബ്രിട്ടനില്‍ ജനരോഷമുയരുന്നു. രാജ്യത്തെ 50 ല്‍പ്പരം നഗരങ്ങളിലും പട്ടണങ്ങളിലും ഗവണ്മെന്റിന്റെ ജനദ്രോഹപരമായ തീരുമാനത്തിനെതിരെ പതിനായിരങ്ങള്‍ പങ്കെടുത്ത പ്രകടനങ്ങള്‍ നടന്നു.
ട്രേഡ് യൂണിയനുകള്‍ക്കും സാമൂഹ്യ സംഘടനകള്‍ക്കുമൊപ്പം വിവിധ ക്രൈസ്തവ സഭകളും ഗവണ്മെന്റിനെതിരെ രംഗത്തുവന്നു. ബാപ്റ്റിസ്റ്റ് യൂണിയന് ഓഫ് ഗ്രേറ്റ് ബ്രിട്ടന്, മെതഡിസ്റ്റ് ചര്‍ച്ച്, യുണൈറ്റഡ് റിഫോംസ് ചര്‍ച്ചസ്, ചര്‍ച്ച് ഓഫ് സ്കോട്ട്ലാന്റ് എന്നിവ സംയുക്തമായി ഗവണ്മെന്റിനെ വിമര്‍ശിച്ചു. ആംഗ്ലിക്കന്‍ സഭയുടെ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന് വെല്‍ബിയും ഗവണ്മെന്റിനെ തിരെ തിരിഞ്ഞു.
താമസിക്കുന്ന വീടിന് ഒരുമുറി അധികമുണ്ടെങ്കില്‍ വാടകയിനത്തില്‍ നല്കുന്ന സബ്സിഡി പിന്‍വലിക്കുന്നതാണ് ഗവണ്മെന്റ് തീരുമാനം. ചെറിയ വീട്ടിലേക്ക് മാറിയില്ലെങ്കില്‍ കുടിയൊഴിപ്പിക്കപ്പെടുമെന്ന ഭീഷണിയുമുണ്ട്. ബ്രിട്ടനിലെ ദരിദ്രവിഭാഗത്തില്‍പ്പെട്ട ആറരലക്ഷത്തിലധികം പേരെ ഇത് പ്രതികൂലമായി ബാധിക്കും. രാജ്യത്തെ ക്ഷേമപരിപാടികളുടെ പരിഷ്ക്കരണം എന്ന പേരില്‍ പ്രഖ്യാപിച്ചിട്ടുള്ള തീരുമാനങ്ങളുടെ കൂട്ടത്തിലാണ് 'ബെഡ്റൂം നികുതി' എന്നറിയപ്പെടുന്ന വിവാദപരമായ നടപടിയും ഉള്‍പ്പെട്ടിട്ടുള്ളത്. വികലാംഗര്‍ക്കുള്ള സഹായം, രക്ഷിതാക്കള്‍ക്കുള്ള സഹായം എന്നിവയെല്ലാം ഗണ്യമായി വെട്ടിക്കുറച്ചിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് ഇവ പ്രാബല്യത്തിലായി.
ബ്രിട്ടന്റെ തകരുന്ന സമ്പദ്ഘടനയെ രക്ഷിക്കാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ നടപടികള്‍ എന്നാണ് ഗവണ്മെന്റിന്റെ വിശദീകരണം. 2015 ആകുമ്പോഴേക്കും 5000 കോടി പൗണ്ട് (7600 കോടി ഡോളര്‍)ഈയിനത്തില്‍ ലഭിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഒരു ബെഡ്റൂം അധികമുള്ള വീടുകള്‍ 14 ശതമാനവും രണ്ട് ബെഡ്റൂം അധികമുള്ള വീടുകള്‍ 25 ശതമാനവും ലെവി നല്‍കണം.
1990 ല്‍ മാര്‍ഗററ്റ് താച്ചര്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 'വോട്ട് നികുതി' എന്ന പേരില്‍ പ്രായപൂര്‍ത്തിയായ ഓരോ വ്യക്തിക്കും നികുതി ഏര്‍പ്പെടുത്തിയ നടപടിക്ക് സമാനമാണ് ഇപ്പോഴത്തെ തീരുമാനമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. താച്ചര്‍ ഗവണ്മെന്റിന്റെ തീരുമാനം ബ്രിട്ടനില്‍ വന്പ്രതിഷേധമുയര്ത്തിയതിനെത്തുടര്ന്ന് പ്രധാനമന്ത്രിയായ ജോണ്‍ മേജര്‍ അത് റദ്ദാക്കി. സമ്പന്നരുടെ മണിമാളികകള്‍ക്ക് നികുതിയേര്‍പ്പെടുത്താന്‍ വിമുഖത കാട്ടുന്ന സര്‍ക്കാര്‍ പാവപ്പെട്ടവനു നേരെ തിരിഞ്ഞിരിക്കുകയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രി ഡേവിഡ് കമറൂണിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി ഗവണ്മെന്റ് നടപ്പാക്കിയ തീരുമാനത്തിനെതിരെ ഭരണകക്ഷിയില്‍പ്പെട്ട പാര്‍ലമെന്റംഗങ്ങളും രംഗത്തുവന്നിട്ടുണ്ട്. ഗവണ്മെന്റിന്റെ തീരുമാനത്തില്‍ പല പ്രാദേശിക കൗണ്‍സിലുകളും പ്രതിഷേധിച്ചു. വാടകക്കാരെ കുടിയൊഴിപ്പിക്കില്ലെന്ന് ഇതിനകം 11 പ്രാദേശിക കൗണ്‍സിലുകള്‍ തീരുമാനിച്ചിട്ടുണ്ട്. തങ്ങളുടെ പ്രദേശത്തെ ഫഌറ്റുകളെ ഒറ്റ ബെഡ്റൂമുള്ള വസതികളായി നോട്ടിംഗ് ഹാം കൗണ്‍സില്‍ പ്രഖ്യാപിച്ചു.
janayugom news
Labels:
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment