കല്‍പ്പറ്റ: ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡോ. കസ്തൂരിരംഗന്റെ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചാല്‍ വയനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്ക് കനത്തതിരിച്ചടിയാകും. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ജനദ്രോഹനിലപാടുകള്‍ സംബന്ധിച്ച് പഠിക്കാനും ജനങ്ങളുടെ ആശങ്കയും അഭിപ്രായങ്ങളും മനസിലാക്കാനുമാണ് സര്‍ക്കാര്‍ കസ്തൂരിരംഗന്‍ കമ്മിറ്റിയെ നിയമിച്ചത്. കസ്തൂരി രംഗന്‍ കഴിഞ്ഞദിവസം വയനാട്ടിലുമെത്തി പരാതികള്‍ സ്വീകരിക്കുകയും വിവിധരാഷ്ട്രിയ പാര്‍ടികളോടും സംഘടനകളോടും അഭിപ്രായം തേടുകയും ചെയ്തിരുന്നു. വയനാട്ടുകാര്‍ക്ക് സുഖനിദ്ര ആശംസിച്ച് കസ്തൂരി രംഗന്‍ ചുരമിറങ്ങിയതിന്റെ തൊട്ടുപിറകെയാണ് ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്.
മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടാണോ ഡോ. കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടാണോ നടപ്പാക്കുകയെന്ന് മൂന്നാഴ്ച്ചക്കുള്ളില്‍ വ്യക്തമാക്കണമെന്നാണ് ട്രിബ്യൂണല്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ജില്ലയിലെ മൂന്ന് താലൂക്കുകളും പാരിസ്ഥിതിക അതീവ ലോലമേഖലയിലാണ്. ഈ മേഖലയിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉള്ളത്. നിര്‍മ്മാണപ്രവര്‍ത്തികള്‍, ഭൂവിനിയോഗം, ഖനനം, റോഡ് വികസനം എന്നിവയിലെല്ലാം ഗാഡ്ഗില്‍ കമ്മിറ്റി നിയന്ത്രണം നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അശാസ്ത്രിയ കാഴ്ച്ചപ്പാടുകളാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ ജനവിരുദ്ധയ്ക്ക് ഇടയാക്കിയത്.
പരിസ്ഥിതിയുടെ നാശം വിവിധ ജനവിഭാഗങ്ങളിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഗാഡ്ഗില്ലിനോട് ആവശ്യപ്പെട്ടിരുന്നില്ല. ജനങ്ങളുടെ മൗലീകാവകാശവും ഉപജീവനോപാധികളും സംരക്ഷിക്കുന്നത് സംബന്ധിച്ച് പഠിക്കാനും നിര്‍ദേശിച്ചിരുന്നില്ല. സര്‍ക്കാരിന്റെ ഈ അശാസ്ത്രീയ കാഴ്ച്ചപ്പാടാണ് ഗാഡ്ഗില്ലിന്റെ ജനവിരുദ്ധതയ്ക്ക് ഇടയാക്കിയത്. റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് ഇതുസംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ കസ്തൂരിരംഗന്‍ കമ്മിറ്റിയെ നിയമിച്ചത്. കസ്തൂരിരംഗന്റെ സന്ദര്‍ശനം പ്രതീക്ഷ നല്‍കുന്നതായിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ജനദ്രോഹനടപടികള്‍ തിരുത്താന്‍ ഉപകരിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ രണ്ടിലേതെങ്കിലും ഒരുറിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ഹരിതട്രിബ്യൂണലിന്റെ ഉത്തരവോടെ കുരുക്ക് വീണ്ടും മുറുകി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിയാല്‍ വയനാട്, ഇടുക്കി ജില്ലകള്‍ക്കളുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കടുത്തനിയന്ത്രണം വരും.
deshabhimani
No comments:
Post a Comment