Friday, April 12, 2013

വിഷുവിപണിയില്‍ തീവില


തൃശൂര്‍: വിഷുക്കണി കാണാന്‍ പച്ചക്കറിയും പഴങ്ങളും വാങ്ങിയാല്‍ ഇത്തവണ കീശ കാലിയാകും. പൊതുവിപണിയില്‍ നിത്യോപയോഗവസ്തുക്കള്‍ക്ക് വന്‍ വിലക്കയറ്റമാണ്. പച്ചക്കറികള്‍ക്കാണ് വില കുത്തനെ ഉയര്‍ന്നത്. അഞ്ചുമുതല്‍ 30 രൂപ വരെ ഓരോ ഇനത്തിനും വര്‍ധിച്ചു. വിലപിടിച്ചുനിര്‍ത്താനായി വിഷുവിപണികള്‍ സജീവമല്ലാത്തതും ഇത്തവണ പൊതുവിപണിയില്‍ വില വര്‍ധനക്കിടയാക്കി. ബീന്‍സിനും പയറിനുമാണ് വന്‍ വര്‍ധന. കഴിഞ്ഞ ആഴ്ച 50 രൂപയുണ്ടായിരുന്ന പയറിന് 80 രൂപ ആയി. 60 രൂപയുണ്ടായിരുന്ന ബീന്‍സിനും 80 രൂപയാണ്. കണിവെള്ളരി വെള്ളിയാഴ്ച വിറ്റുപോയത് 30 രൂപയ്ക്കാണ്. ശനിയാഴ്ച വില എത്രയാകുമെന്ന് കണ്ടറിയണം. കണികാണാന്‍ ചന്തമുള്ള വെള്ളരി വേണമെങ്കില്‍ കാശും കൂടുതല്‍ വേണം. വൈകിട്ടോടെ ദൗര്‍ലഭ്യമുണ്ടായാല്‍ പൊന്നുംവില കൊടുത്ത് കണികാണേണ്ടി വരും.

കഴിഞ്ഞാഴ്ച 35 രൂപയ്ക്ക് വാങ്ങിയ വെണ്ടക്കായ വെള്ളിയാഴ്ച വിറ്റുപോയത് 60 രൂപയ്ക്ക്. കിലോയ്ക്ക് 20 രൂപ നിരക്കില്‍ കിട്ടിയിരുന്ന മത്തന് 40 രൂപയായി. തക്കാളിക്കും പാവയ്ക്കക്കും പത്തു രൂപ കൂടി 30ഉം 50ഉം രൂപയായി. ഉരുളക്കിഴങ്ങ് - 30, സബോള - 24, കാബേജ് - 26, കുമ്പളങ്ങ - 20, ചേന - 26, മുരിങ്ങക്കായ - 40 എന്നിങ്ങനെയാണ് വില. വിഷുത്തലേന്ന് വില ഇനിയും ഉയരുമെന്നാണ് വിപണിയുടെ കണക്കുകൂട്ടല്‍. ശനിയാഴ്ച കൊന്നപ്പൂക്കളും വില്‍പ്പനയ്ക്കെത്തും. 10 മുതല്‍ 20 രൂപ വരെയാകും ഓരോ കെട്ടിന് വില. കണിയൊരുക്കാന്‍ പൂവന്‍പഴവും മാമ്പഴവും ചക്കയും വിപണിയില്‍ സുലഭം. വിലയാണ് പ്രശ്നം. മൂവാണ്ടന്‍ മാമ്പഴത്തിന് 25 മുതല്‍ 30 വരെയും പൂവന്‍പഴത്തിന് 40-45ഉം ആണ് വില. നേന്ത്രപ്പഴത്തിന് 35 മുതല്‍ 50 രൂപവരെ വിലയുണ്ട്. ചക്ക കിലോയ്ക്ക് 12 മുതല്‍ 15 വരെയും തണ്ണിമത്തന് കിലോയ്ക്ക് 10 മുതല്‍ 12 വരെയുമാണ് വില. ജൈവകൃഷിയില്‍ ഉല്‍പ്പാദിപ്പിച്ച പഴങ്ങള്‍ക്ക് വില കൂടും. പലചരക്ക് സാധനങ്ങള്‍ക്കും വില കയറി. അരിക്ക് 33.50ഉം പഞ്ചസാരയ്ക്ക് 35ഉം വെളിച്ചെണ്ണയ്ക്ക് 71ഉം ആണ് വില. മല്ലി- 90, മുളക്- 77, തുവരപ്പരിപ്പ്- 66, ചെറുപയര്‍- 74 എന്നിങ്ങനെയാണ് വില വര്‍ധിച്ചത്. കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ, സഹകരണസംഘങ്ങള്‍ തുടങ്ങിയവയുടെ വിഷുച്ചന്തകള്‍ സജീവമല്ലാത്തതും ഇക്കുറി വിലക്കയറ്റത്തിന് കാരണമായി. ഉത്സവവിപണിയുടെ 40 ശതമാനം കണ്‍സ്യൂമര്‍ഫെഡ് വഴിയാണ് നടന്നിരുന്നത്. ശക്തമായ സാന്നിധ്യമായതിനാല്‍ പൊതുവിപണി വിലപിടിച്ചു നിര്‍ത്താന്‍ നിര്‍ബന്ധിതരായിരുന്നു. വിഷുവിപണിയില്‍ ഇവയുടെ അസാന്നിധ്യം സാധാരണക്കാരന്റെ കൈപൊള്ളിക്കും.

ബീന്‍സിന് 90, ക്യാരറ്റിന് 45 പച്ചക്കറിക്ക് തീവില; വിഷുവിപണി പൊള്ളും

പാലക്കാട്: വിഷു അടുത്തതോടെ വിപണിയില്‍ പച്ചക്കറിയുടെയും പഴങ്ങളുടെയും വില കുതിച്ചുയര്‍ന്നു. മറ്റ് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തോടൊപ്പം പഴം-പച്ചക്കറി വിലയും ഉയര്‍ന്നത് സാധാരണക്കാര്‍ക്ക് തിരിച്ചടിയായി. വിലക്കയറ്റം പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഇടപെടല്‍ പരാജയപ്പെട്ടതോടെയാണ് നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നത്. വിഷു ആഘോഷിക്കാനൊരുങ്ങുന്ന മലയാളികളെ വിലക്കയറ്റം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ബീന്‍സിന്റെയും ക്യാരറ്റിന്റെയും കണിവെള്ളരിയുടെയും വിലയാണ് സാധാരണക്കാരനെ ഞെട്ടിക്കുന്നത്. ബീന്‍സിന് കിലോയ്ക്ക് 90രൂപയാണ് വെള്ളിയാഴ്ചത്തെ വില. കഴിഞ്ഞയാഴ്ച ഇത് 60 രൂപയായിരുന്നു. ഒറ്റയടിക്ക് 30രൂപ കൂടി. കണികാണാന്‍ വയ്ക്കുന്നവയില്‍ പ്രധാനപ്പെട്ട വെള്ളരിയുടെ വില കിലോയ്ക്ക് 20 മുതല്‍ 30 രൂപവരെയാണ്. ക്യാരറ്റ്വില 38ല്‍നിന്ന് 45ആയി വര്‍ധിച്ചു. വെണ്ടയ്ക്ക വിലയിലും കാര്യമായ വര്‍ധനയുണ്ടായി. 26ല്‍നിന്ന് 45 രൂപയായാണ് ഉയര്‍ന്നത്. 15മുതല്‍ 18രൂപയില്‍നിന്നാണ് ഈ വര്‍ധന. 30രൂപയുണ്ടായിരുന്ന പയറിന് വെള്ളിയാഴ്ച 45ആണ് വില. ചെറിയ ഉള്ളിയുടെ വില വീട്ടമ്മമാരെ കരയിക്കും. ഒരാഴ്ചയ്ക്കിടെ അഞ്ചുരൂപ കൂടി 40 രൂപയായി. പച്ചമുളക് വില 40ലും പാവയ്ക്കവില 30ലും എത്തി. സവാള വിലയില്‍ മാറ്റമില്ല. 15രൂപ. കാബേജ് 12, പടവലം 16, തക്കാളി 18, വഴുതിന 16, മാങ്ങ 10, മുരിങ്ങ 15, ഉരുളക്കിഴങ്ങ് 18 എന്നിങ്ങനെയാണ് മറ്റ് പച്ചക്കറികളുടെ വില. പഴങ്ങളുടെ വിലയും ഉയര്‍ന്നുതന്നെയാണ്. ഒരു കിലോ ആപ്പിളിന് 120 മുതല്‍ 150രൂപവരെയും മുന്തിരിക്ക് 60മുതല്‍ 70രൂപവരെയുമാണ് വില. ഓറഞ്ചിന് 60 ഉം മാതളത്തിന് 120 ഉം മാമ്പഴത്തിന് തരമനുസരിച്ച് 40 മുതല്‍ 50 രൂപവരെയും വിലയുണ്ട്.

കണ്‍സ്യൂമര്‍ഫെഡും കൈയൊഴിഞ്ഞു

തൃശൂര്‍: വിഷു വിപണിയില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഇക്കുറി കണ്‍സ്യൂമര്‍ഫെഡിന്റെ സഹായമില്ല. ജില്ലയില്‍ ഇത്തവണ ആകെ ആരംഭിച്ചത് 148 വിഷുവിപണന കേന്ദ്രങ്ങള്‍ മാത്രം. എല്‍ഡിഎഫ് സര്‍ക്കാര്‍ 650 മുതല്‍ 700 വരെ കേന്ദ്രങ്ങള്‍ നടത്തിയിരുന്ന സ്ഥാനത്താണിത്. തുടങ്ങിയ കേന്ദ്രങ്ങളില്‍ ആവശ്യമായ സാധനങ്ങള്‍ ലഭിക്കാനുമില്ല. ഉത്സവസീസണില്‍ പൊതുവിപണിയില്‍ വില പിടിച്ചുനിര്‍ത്താനായിട്ടാണ് കണ്‍സ്യൂമര്‍ഫെഡ് വിപണനകേന്ദ്രങ്ങള്‍ നടത്തുന്നത്. പൊതുവിപണിയേക്കാള്‍ 20 മുതല്‍ 60 ശതമാനം വരെ വില ക്കുറവിലാണ് വില്‍പ്പന.

21 സാധനങ്ങള്‍ വിറ്റിരുന്ന സ്ഥാനത്ത് ഇക്കൊല്ലം 13 ഇനങ്ങളേ വില്‍പ്പനയ്ക്കുള്ളൂ. വിഷുവിന് മുമ്പ് പത്തു ദിവസത്തേക്കാണ് വിപണമേള നടത്തുന്നത്. നാലിന് ആരംഭിച്ച് 13ന് സമാപിക്കുമെന്നാണ് പ്രഖ്യാപനം. സാധനങ്ങള്‍ സ്റ്റോക്കെത്തിയത് ആറിനാണ്. മിക്കയിടത്തും വില്‍പ്പന ആരംഭിച്ചത് ഏഴിനും. 2.5 മുതല്‍ അഞ്ച് ലക്ഷം വരെ ചെലവിട്ടാണ് ഓരോ സൊസൈറ്റിയും സാധനങ്ങള്‍ വാങ്ങിയിരുന്നത്. ഇക്കൊല്ലം ഇത് 1.5 മുതല്‍ രണ്ട് ലക്ഷം വരെയായി താഴ്ന്നു. സര്‍ക്കാര്‍ സബ്സിഡി ലഭിക്കാത്തതിനാലാണിത്. ബജറ്റില്‍ കണ്‍സ്യൂമര്‍ഫെഡിനായി ഇത്തവണ തുക നീക്കിവച്ചില്ല. ഈ വര്‍ഷം ക്രിസ്മസിന് 450 വിപണ കേന്ദ്രങ്ങളാണ് നടത്തിയത്. വിഷു ആയപ്പോഴേക്കും 148 ആയി കുറഞ്ഞു.

deshabhimani

No comments:

Post a Comment