Saturday, April 13, 2013

ആര്‍.എം.പി ബന്ധം മറച്ചുവയ്കാന്‍ ക്രൈംബ്രാഞ്ചിന്റെ ഒളിച്ചുകളി

deshabhimani 130413

ആര്‍എംപി ബന്ധം മറച്ചുവയ്ക്കാന്‍ ക്രൈംബ്രാഞ്ചിന്റെ ഒളിച്ചുകളി

പി എം മനോജ്

വടകര: പിണറായി വധശ്രമക്കേസിലെ ആര്‍എംപി ബന്ധം മറച്ചുവയ്ക്കാന്‍ ക്രൈംബ്രാഞ്ച് ഒളിച്ചുകളിക്കുന്നു. പ്രതി കുഞ്ഞികൃഷ്ണന്‍നമ്പ്യാര്‍ വടകരയില്‍ താമസിച്ച ഹോട്ടലിലെ ക്യാമറദൃശ്യങ്ങള്‍ ഇതുവരെ പരിശോധിച്ചിട്ടില്ല. ഓര്‍ക്കാട്ടേരിക്കടുത്തെ ബന്ധുവീട് കേന്ദ്രീകരിച്ച് നമ്പ്യാര്‍ ആര്‍എംപി നേതൃത്വവുമായി ബന്ധപ്പെട്ടതിന്റെ തെളിവ് ശേഖരിക്കാനും ക്രൈംബ്രാഞ്ച് മുതിര്‍ന്നിട്ടില്ല. വളയം സ്വദേശിയായ കുഞ്ഞികൃഷ്ണന്‍നമ്പ്യാരുടെ സഹോദരന്‍ അരവിന്ദാക്ഷന്‍നമ്പ്യാരുടെ വീട് ഓര്‍ക്കാട്ടേരിക്കടുത്ത് കുന്നുമ്മക്കര ചെമ്പ്രയിലാണ്. അരവിന്ദാക്ഷന്‍നമ്പ്യാരുടെ മകന്‍ വിശാല്‍ ആ മേഖലയിലെ ആര്‍എംപി പ്രവര്‍ത്തകനാണ്. നേരത്തെ എബിവിപി പ്രവര്‍ത്തകനായിരുന്നു വിശാല്‍. ഇവരുടെ അടുത്ത ബന്ധു രാജന്‍ ഓര്‍ക്കാട്ടേരിയിലെ ആര്‍എംപിയുടെ പ്രധാന പ്രവര്‍ത്തകനാണ്. ഇവര്‍ മുഖേനയാണ് കുഞ്ഞികൃഷ്ണന്‍നമ്പ്യാര്‍ ആര്‍എംപി നേതൃത്വവുമായി ബന്ധം പുലര്‍ത്തിയതെന്നാണ് സൂചന. ഈ വിവരം പൊലീസിന് ലഭിച്ചിട്ടും അന്വേഷകര്‍ ആ വഴിക്ക് പോയിട്ടില്ല.

പിണറായിയെ വധിക്കാനായി തോക്കും വെടിമരുന്നും സംഘടിപ്പിക്കാന്‍ ഒന്നിലേറെ വീടുകളില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ ചെന്നിരുന്നു. ആ വീടുകളിലും സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പൊലീസ് അന്വേഷിച്ചിട്ടില്ല. വടകര പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത് ആലയ്ക്കല്‍ റെസിഡന്‍സി എന്ന ഹോട്ടലിലാണ് നമ്പ്യാര്‍ മുറിയെടുത്തത്. നാലു ദിവസം അവിടെ തങ്ങിയശേഷം ആയുധങ്ങളുമായി പിണറായിയിലേക്ക് പുറപ്പെട്ടു. ആ ഹോട്ടലിലെ രജിസ്റ്റര്‍ എടുത്തുപോയതൊഴിച്ചാല്‍ പ്രധാന തെളിവുകളിലേക്ക് പൊലീസ് ശ്രദ്ധിച്ചിട്ടില്ല. ഹോട്ടല്‍ റിസപ്ഷനില്‍ സദാസമയം പ്രവര്‍ത്തിക്കുന്ന രണ്ടു ക്യാമറകളുണ്ട്. അവയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ നാലുദിവസത്തെ നമ്പ്യാരുടെ നീക്കങ്ങളെക്കുറിച്ച് വ്യക്തമായി മനസിലാക്കാന്‍ സഹായിക്കും. അതു മനസിലാക്കിയിട്ടും ദൃശ്യങ്ങള്‍ പിടിച്ചെടുക്കാതെ തെളിവുകള്‍ നശിപ്പിക്കാന്‍ അവസരം നല്‍കുകയാണ് പൊലീസ്. കുഞ്ഞികൃഷ്ണന്‍നമ്പ്യാര്‍ മൊബൈല്‍ ഫോണും ലാന്‍ഡ് ഫോണും ഉപയോഗിക്കുന്നുണ്ട്. 9400652100 എന്ന നമ്പരിലുള്ള മൊബൈല്‍ ഫോണില്‍നിന്നാണ് തോക്കും വെടിമരുന്നും ഉള്‍പ്പെടെ സംഘടിപ്പിക്കാന്‍ നമ്പ്യാര്‍ പലരെയും വിളിച്ചത്. വളയത്തെ കൃഷ്ണവിലാസം വീട്ടിലെ 2460400 എന്ന നമ്പരിലുള്ള ലാന്‍ഡ് ഫോണില്‍നിന്ന് ഇതേ ആവശ്യത്തിന് പലരുമായും ബന്ധപ്പെട്ടിട്ടുണ്ട്.

നമ്പ്യാരെയുംകൊണ്ട് ചില കേന്ദ്രങ്ങളില്‍ പോയി തെളിവെടുപ്പ് പ്രഹസനം നടത്തി തിരിച്ച് ജയിലിലേക്കയച്ചതല്ലാതെ അന്വേഷണത്തില്‍ ഒരു പുരോഗതിയുമുണ്ടായിട്ടില്ല. നമ്പ്യാര്‍ക്കു പിന്നില്‍ ആരൊക്കെയെന്ന് തെളിയാതിരിക്കാന്‍ പൊലീസിനുമേല്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുകയാണ്. അതേസമയം, അന്വേഷണം ശരിയായ ദിശയിലാണെന്ന് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ബി അശോകന്‍ അവകാശപ്പെട്ടു. കുറ്റകൃത്യത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കി വിപുലമായ അന്വേഷണം നടക്കുകയാണ്. കുഞ്ഞികൃഷ്ണന്‍നമ്പ്യാര്‍ക്കു പിന്നില്‍ ആരെങ്കിലുമുണ്ടോ എന്നതും അന്വേഷണ പരിധിയിലുണ്ടെന്ന് എസ്പി പറഞ്ഞു. നമ്പ്യാരുടെ അയല്‍വാസി സി പി ബാലകൃഷ്ണനടക്കം നാലുപേരെ വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് എസ്പി ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തു. പ്രതി തോക്ക് സംഘടിപ്പിക്കാന്‍ ബന്ധപ്പെട്ട കരിക്കോട്ടക്കരിയിലെ ബേബി ഉള്‍പ്പെടെ ആറുപേരെ ശനിയാഴ്ച ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

No comments:

Post a Comment