Thursday, September 5, 2013

പ്രധാനമന്ത്രിയുടെ പങ്ക്: രേഖകള്‍ പൂഴ്ത്തി

കല്‍ക്കരിപാടം കുംഭകോണക്കേസില്‍ പ്രധാനരേഖകള്‍ പൂഴ്ത്തിവച്ച് പ്രധാനമന്ത്രിയെ രക്ഷപ്പെടുത്താനുള്ള ശ്രമം വെളിപ്പെട്ടിട്ടും കേന്ദ്രത്തിന്റെ ദുര്‍ബല പ്രതിരോധം. കേസുമായി ബന്ധപ്പെട്ട് ഒന്നരലക്ഷം പേജ് രേഖകള്‍ സിബിഐയ്ക്ക് കൈമാറിയെന്നാണ് പ്രധാനമന്ത്രി പാര്‍ലമെന്റിന്റെ ഇരുസഭകളെയും അറിയിച്ചത്. എന്നാല്‍, ആറ് കമ്പനികള്‍ക്ക് കല്‍ക്കരി പാടങ്ങള്‍ അനുവദിക്കാന്‍ ഉന്നതര്‍ ശുപാര്‍ശ ചെയ്ത, പ്രധാനമന്ത്രിയും പ്രധാനമന്ത്രി കാര്യാലയവും തീര്‍പ്പ് കുറിച്ച ഫയലുകള്‍ പൂഴ്ത്തി. മഹാരാഷ്ട്രയില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി വിജയ് ദര്‍ദയടക്കമുള്ള ഉന്നതര്‍ക്ക് പങ്കാളിത്തമുള്ള കമ്പനികള്‍ക്ക് കല്‍ക്കരി പാടങ്ങള്‍ അനുവദിച്ച രേഖകളും അനുബന്ധരേഖകളുമാണ് സിബിഐ ആവശ്യപ്പെട്ടത്. എന്നാല്‍, ഫയലുകള്‍ കല്‍ക്കരി മന്ത്രാലയത്തിലും പ്രധാനമന്ത്രി കാര്യാലയത്തിലും കാണാനില്ലെന്നു പറഞ്ഞ് രാജ്യത്തെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ് പ്രധാനമന്ത്രി.

എഎംആര്‍ അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിക്ക് 2009 മെയ് 29ന് ബന്ദര്‍ ബ്ലോക്കിലെ കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട് വിജയ് ദര്‍ദ എഴുതിയ ശുപാര്‍ശക്കത്ത് സിബിഐ ആവശ്യപ്പെട്ടിരുന്നു. ഈ കത്തിന്‍മേല്‍ പ്രധാനമന്ത്രി നേരിട്ടിടപെട്ട് കല്‍ക്കരി പാടം അനുവദിക്കാന്‍ കുറിപ്പെഴുതി. ജാര്‍ഖണ്ഡ് ഇസ്പാത് പ്രൈവറ്റ് ലിമിറ്റഡിന് ജാര്‍ഖണ്ഡിലെ നോര്‍ത്ത് ധാഡുവില്‍ കല്‍ക്കരിപ്പാടം അനുവദിച്ചത് 2006 ജനുവരി 13ന്. ഇതുമായി ബന്ധപ്പെട്ട രേഖകളും ആവശ്യപ്പെട്ടിരുന്നു. ഇതും കിട്ടിയില്ല. ജാര്‍ഖണ്ഡിലെ ജിത്പുരില്‍ പുഷ്പ് സ്റ്റീല്‍ ആന്‍ഡ് മൈനിങ് ലിമിറ്റഡിനും ഛത്തീസ്ഗഢിലെ ഫത്തേപുര്‍ ഈസ്റ്റില്‍ ജെഎല്‍ഡി യവത്മല്‍ എനര്‍ജി ലിമിറ്റഡിനും കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചു. ജെഎല്‍ഡി യവത്മല്‍ കമ്പനിയുടെ ഡയറക്ടര്‍മാര്‍ വിജയ് ദര്‍ദയും സഹോദരനായ ദേവേന്ദ്ര ദര്‍ദയുമാണ്. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ സിബിഐക്ക് നല്‍കിയില്ല. തെല്‍ഗേര ബി, രുദ്രപുരി എന്നീ പാടങ്ങള്‍ കമല്‍ സ്പോഞ്ച് സ്റ്റീല്‍ കമ്പനിക്ക് നല്‍കിയതിന്റെ ഫയലുകളും കൈമാറിയില്ല. ഗ്രീന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന് ഫത്തേപുര്‍ ഈസ്റ്റ് കല്‍ക്കരി പാടം അനുവദിച്ചതിന്റെ ഫയലുകളും നഷ്ടമായെന്നാണ് പ്രധാനമന്ത്രി കാര്യാലയം പറയുന്നത്. കല്‍ക്കരി പാടങ്ങള്‍ അനുവദിക്കാന്‍ ചേര്‍ന്ന സ്ക്രീനിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടും 26-ാമത് യോഗത്തിന്റെ മിനിറ്റ്സും സിബിഐ ആവശ്യപ്പെട്ടിട്ടും നല്‍കിയിട്ടില്ല. നിയമവിരുദ്ധമായി കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കാന്‍ പ്രധാനമന്ത്രി ഇടപെട്ടെന്ന് തെളിയിക്കുന്ന രേഖകളാണ് കാണാതായിരിക്കുന്നത്.

deshabhimani

No comments:

Post a Comment