Thursday, September 5, 2013

വികസിതരാജ്യനയങ്ങളെ പഴിച്ച് പ്രധാനമന്ത്രി

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ കരകയറ്റാന്‍ കഴിയാത്ത പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, താന്‍ പിന്തുടരുന്ന നയങ്ങളുടെ പിതൃത്വം വികസിത രാഷ്ട്രങ്ങള്‍ക്കുമേല്‍ കെട്ടിവച്ച് വിമര്‍ശം തുടങ്ങി. വികസിത രാഷ്ട്രങ്ങള്‍ പിന്തുടരുന്ന വ്യവസ്ഥാപിതമല്ലാത്ത സാമ്പത്തികനയങ്ങളില്‍ നിന്ന് ക്രമേണ പുറത്തുകടക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആവശ്യം. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗിലേക്ക് യാത്രതിരിക്കുംമുമ്പുള്ള പ്രസ്താവനയിലാണ് അമേരിക്കയടക്കമുള്ള വികസിതരാജ്യങ്ങളുടെ നയങ്ങള്‍ക്കുനേരെ മന്‍മോഹന്‍സിങ് വിമര്‍ശമുയര്‍ത്തിയത്.
വികസിതരാഷ്ട്രങ്ങള്‍ പിന്തുടരുന്ന സാമ്പത്തികനയങ്ങള്‍ വികസ്വരരാഷ്ട്രങ്ങളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തൊഴില്‍ സൃഷ്ടിക്കുന്നതില്‍ കേന്ദ്രീകരിക്കുന്നതും പശ്ചാത്തല വികസനമേഖലയില്‍ കൂടുതല്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതുമായ നയങ്ങള്‍കൊണ്ടുമാത്രമേ വികസ്വരരാജ്യങ്ങളുടെ വളര്‍ച്ച ഉറപ്പുവരുത്താന്‍ കഴിയൂ. ഇതിന് ജി-20 ഉച്ചകോടി മുന്‍കൈയെടുക്കണം. ആഗോള സാമ്പത്തികമാന്ദ്യത്തില്‍നിന്ന് കരകയറാനും വളര്‍ച്ച ഉറപ്പുവരുത്താനും പ്രധാന സാമ്പത്തികശക്തികള്‍ തമ്മില്‍ സാമ്പത്തികനയങ്ങളില്‍ ഏകോപനം വേണം. നിരവധി സാമ്പത്തിക പരിഷ്കരണ നടപടികള്‍ കൈക്കൊണ്ടശേഷമാണ് ഇന്ത്യ ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. എല്ലാ രാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന ആഗോള സാമ്പത്തികാന്തരീഷം ഉണ്ടാക്കുന്നതില്‍ ജി-20 ഉച്ചകോടി പരിശ്രമിക്കണമെന്നും മന്‍മോഹന്‍സിങ് ആവശ്യപ്പെട്ടു.

അമേരിക്കയ്ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും വേണ്ടി ഇന്ത്യയുടെ സാമ്പത്തികനയങ്ങള്‍ പൊളിച്ച് പരിഷ്കരിക്കുന്നതിന് ഉത്സാഹിച്ച മന്‍മോഹന്‍സിങ്ങിന് അനിവാര്യ സന്ദര്‍ഭത്തില്‍ ഈ രാജ്യങ്ങളില്‍നിന്ന് പിന്തുണ ലഭിച്ചില്ലെന്ന തോന്നല്‍ ശക്തമായതുകൊണ്ടാണ് ഗതികെട്ട് പ്രതികരിക്കേണ്ടിവന്നത്. ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളുടെ ഭാഗമായി ധനക്കമ്പോളം വിദേശ കുത്തകകള്‍ക്കായി തുറന്നിടുകയും എല്ലാ ഇറക്കുമതി നിയന്ത്രണങ്ങളും ഉപേക്ഷിക്കുകയും ചെയ്ത യുപിഎ സര്‍ക്കാര്‍ സാമ്പത്തികനയങ്ങളുടെ കാര്യത്തില്‍ പ്രതിക്കൂട്ടിലാണ്. ജി-20 ഉച്ചകോടിയില്‍ ബ്രിക്സ് രാജ്യങ്ങളുടെ സംഘടിതമായ വിമര്‍ശം വികസിത രാഷ്ട്രങ്ങളുടെ ഏകാധിപത്യപരമായ സാമ്പത്തിക നടപടികള്‍ക്കുനേരെ ഉണ്ടാകുമെന്നതിന്റെ സൂചന കൂടിയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
(വി ജയിന്‍)

deshabhimani

No comments:

Post a Comment