ഗുജറാത്ത് വംശഹത്യയില്‍ പങ്കാളിയായ വന്‍സാരയുടെ കത്തിലൂടെ വ്യക്തമാകുന്നത് രാജ്യമാകെ അറിയുന്ന സത്യംതന്നെയാണ്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ വ്യക്തമായ നിര്‍ദേശത്തോടെയാണ് വംശഹത്യയെന്നാണ് ഉന്നത പൊലീസ് ഓഫീസര്‍ വെളിപ്പെടുത്തിയത്. ഭീകരവാദത്തെ നേരിടുന്നുവെന്ന പേരില്‍ ഗുജറാത്ത് സര്‍ക്കാര്‍ വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തിയിരുന്നതെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്.
വംശഹത്യയുമായും വ്യാജ ഏറ്റുമുട്ടലുകളുമായും ബന്ധപ്പെട്ട നിയമനടപടി അട്ടിമറിക്കാന്‍ ബിജെപി എംപി പ്രകാശ് ജാവദേക്കര്‍ നടത്തിയ ശ്രമങ്ങള്‍ ചില ചാനലുകള്‍ തുറന്നുകാട്ടിയിരുന്നു. മോഡിയെക്കുറിച്ച് ജാവദേക്കര്‍ നടത്തിയ പ്രസ്താവന തെളിയിക്കുന്നത് മോഡിയുടെ അറിവോടെയാണ് വംശഹത്യയും വ്യാജ ഏറ്റുമുട്ടലുകളും നടന്നതെന്നാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നരേന്ദ്രമോഡിയെ പ്രോസിക്യൂട്ട് ചെയ്യണം. മുഖ്യമന്ത്രി സ്ഥാനമൊഴിയണം. വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം. സംഭവങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം. അമിത്ഷായുടെ ജാമ്യം റദ്ദാക്കണം. ഭരണഘടനയെയും രാജ്യത്തെ നിയമസംവിധാനത്തെയും ലംഘിക്കാന്‍ ബിജെപിക്കും അതിന്റെ നേതൃത്വത്തിനുമുള്ള കൂസലില്ലായ്മയെയാണ് പുതിയ വെളിപ്പെടുത്തലുകള്‍ വെളിവാക്കുന്നതെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു.
വന്‍സാരയുടെ രാജി: മോഡിക്ക് കനത്ത പ്രഹരം
അഹമ്മദാബാദ്: വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതിയായ ഐപിഎസ് ഉദ്യോഗസ്ഥന്‍ ഡി ജി വന്‍സാരയുടെ രാജിക്കത്ത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കും സര്‍ക്കാരിനും കനത്ത തിരിച്ചടിയായി. വ്യാജ ഏറ്റുമുട്ടലുകള്‍ ആസൂത്രണം ചെയ്തത് മോഡിയും അമിത്ഷായും ചേര്‍ന്നാണെന്ന് വ്യക്തമാക്കുന്നതാണ് വന്‍സാരയുടെ രാജിക്കത്തിലെ പരാമര്‍ശങ്ങള്‍. അതേസമയം സാങ്കേതിക കാരണങ്ങളാല്‍ വന്‍സാരയുടെ രാജി സ്വീകരിക്കാനാവില്ലെന്ന് ബുധനാഴ്ച സര്‍ക്കാര്‍ വ്യക്തമാക്കി. വിജിലന്‍സ് കേസുകളും വ്യാജ ഏറ്റുമുട്ടല്‍ കേസുകളുമുള്ളതിനാല്‍ രാജി സ്വീകരിക്കില്ലെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.
വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന വന്‍സാര കഴിഞ്ഞ ദിവസമാണ് 10 പേജുള്ള രാജിക്കത്ത് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് അയച്ചത്. 59കാരനായ വന്‍സാര നരേന്ദ്രമോഡിയുടെ വലം കൈയായിരുന്നു. ഗോധ്ര സംഭവത്തിനുശേഷമുണ്ടായ സൊറാബുദ്ദീന്‍, ഇസ്രത് ജഹാന്‍, തുള്‍സിറാം പ്രജാപതി വധക്കേസുകളില്‍ വന്‍സാര പ്രതിചേര്‍ക്കപ്പെട്ടു. ഈ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെല്ലാം അമിത്ഷായുടെയും മോഡിയുടെയും അറിവോടെയാണെന്നും യഥാര്‍ഥത്തില്‍ ജയിലില്‍ കിടക്കേണ്ടത് ഗുജറാത്ത് സര്‍ക്കാരാണെന്നും വന്‍സാര രാജിക്കത്തില്‍ പറഞ്ഞിരുന്നു. ഗുജറാത്ത് സര്‍ക്കാരിന്റെ നയമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നടപ്പാക്കിയത്. സര്‍ക്കാരിന്റെ ഉപകരണമായിരുന്നു തങ്ങളെന്നും വന്‍സാരയുടെ രാജിക്കത്തില്‍ പറഞ്ഞിട്ടുണ്ട്.
വന്‍സാരയുടെ രാജി: രാജ്യസഭ സ്തംഭിച്ചു
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ വിശ്വസ്തനായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ഡി ജി വന്‍സാര രാജിവച്ച വിഷയത്തില്‍ രാജ്യസഭാനടപടി തടസ്സപ്പെട്ടു. ഇടതുപക്ഷ അംഗങ്ങളും ജെഡിയു അംഗങ്ങളും നടുത്തളത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്നാണ് സഭ സ്തംഭിച്ചത്. ഐപിഎസ് ഉദ്യോഗസ്ഥനാണ് രാജിവച്ചതെന്നും ആഭ്യന്തരമന്ത്രി പ്രതികരിക്കണമെന്നും സിപിഐ എം രാജ്യസഭാനേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്കുശേഷം സഭ ചേര്‍ന്നപ്പോഴാണ് വന്‍സാരയുടെ രാജി ചര്‍ച്ചയായത്.
ഭൂമി ഏറ്റെടുക്കല്‍ബില്‍ പരിഗണിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ധാരണയിലെത്തിയതിനെ തുടര്‍ന്ന് ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലിയെ സംസാരിക്കാന്‍ ക്ഷണിച്ചപ്പോള്‍ ഇടതുപക്ഷ, ജെഡിയു, എസ്പി അംഗങ്ങളും വന്‍സാരയുടെ കത്തുവിഷയം ഉയര്‍ത്തി. ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നരേന്ദ്രമോഡിയുടെ പങ്ക് കൂടുതല്‍ ബോധ്യപ്പെടുകയാണ് വന്‍സാരയുടെ കത്തിലൂടെയെന്ന് ഇടതുപക്ഷാംഗങ്ങള്‍ ആരോപിച്ചു. എന്തെങ്കിലും ഉന്നയിക്കാനുണ്ടെങ്കില്‍ നോട്ടീസ് നല്‍കാന്‍ പി ജെ കുര്യന്‍ ആവശ്യപ്പെട്ടപ്പോള്‍ നോട്ടീസ് നേരത്തെ നല്‍കിയിട്ടുണ്ടെന്ന് ജെഡിയു അംഗം സാബിര്‍ അലി പറഞ്ഞു. ഇതോടെ സഭ കൂടുതല്‍ പ്രക്ഷുബ്ധമായി.
വന്‍സാര വിഷയം ഉന്നയിക്കാന്‍ യെച്ചൂരിക്കും ജെഡിയുവിന്റെ ശിവാനന്ദ് തിവാരിക്കും അവസരം നല്‍കാമെന്ന ഉറപ്പില്‍ സഭ വീണ്ടും സമ്മേളിച്ചു. വന്‍സാരയുടെ രാജി ഗുരുതര വിഷയമാണെന്ന് യെച്ചൂരി പറഞ്ഞു. രാജി അറിയിച്ചുള്ള കത്തില്‍ ഗുരുതര ആരോപണങ്ങളാണുള്ളത്. ഗുജറാത്ത് സര്‍ക്കാരിപ്പോള്‍ അഹമ്മദാബാദിലെയോ നവിമുംബൈയിലെയോ സെന്‍ട്രല്‍ ജയിലിലായിരിക്കണമെന്നാണ് പറയുന്നത്. മോഡിയുടെ നയം നടപ്പാക്കുകയാണ് ചെയ്തതെന്നാണ് കേസില്‍ പ്രതിയായ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്‍ പറയുന്നത്. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും യെച്ചൂരി പറഞ്ഞു. നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച പി ജെ കുര്യന്‍ സഭാധ്യക്ഷന്‍ ഇക്കാര്യം പരിഗണിക്കുമെന്നും അടുത്ത ദിവസം തന്നെ ഉചിതമായ തീരുമാനമെടുക്കുമെന്നും ഉറപ്പുനല്‍കി.
No comments:
Post a Comment