യുവാവിനെ മൃഗീയമായി പീഡിപ്പിച്ച പൊലീസുകാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് വ്യാജറിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നീക്കം തുടങ്ങിയത്. മൂത്രമൊഴിക്കാന്‍പോലുമാകാതെ നാലു ദിവസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ജയപ്രസാദിന്റെ ശരീരം മുഴുവന്‍ ബൂട്ടുകൊണ്ടുള്ള ചവിട്ടേറ്റ് നീരുവച്ച് ചീര്‍ത്ത നിലയിലാണ്. എന്നാല്‍, ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ ചതവുണ്ടെന്നല്ലാതെ ജീവാപായം സംഭവിച്ചേക്കാവുന്ന പരിക്കുകളില്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടെന്നാണ് പ്രചാരണം. ജനനേന്ദ്രിയത്തില്‍ ചതവേറ്റ് കടുത്ത വേദനമൂലം നരകിക്കുന്ന യുവാവിന് എക്സ്റേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗുരുതര പരിക്കില്ലെന്ന് വരുത്തുന്നത് ശരിയല്ലെന്ന നിലപാടിലാണ് ഒരു വിഭാഗം ഡോക്ടര്‍മാര്‍. ജയപ്രസാദിനെതിരെ ജാമ്യമില്ലാകേസ് എടുത്തശേഷമാണ് പരിക്കില്ലെന്ന് വരുത്താനുള്ള വ്യാജറിപ്പോര്‍ട്ടും സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്.
സമാധാനപരമായി സമരംചെയ്തവരെ നിഷ്ഠുരമായി ആക്രമിച്ച സംഭവത്തില്‍ അന്വേഷണറിപ്പോര്‍ട്ട് കിട്ടിയശേഷം നടപടിയെടുക്കാമെന്ന ആഭ്യന്തരമന്ത്രിയുടെ നിലപാടും തട്ടിപ്പാണെന്ന് വ്യക്തമായി. റിപ്പോര്‍ട്ട് വേഗത്തില്‍ വേണ്ടെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. തലസ്ഥാനനഗരത്തിനടുത്ത് നടന്ന സംഭവമായിട്ടും അന്വേഷണച്ചുമതലയുള്ള സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമീഷണര്‍ ഇതുവരെ അന്വേഷണം ആരംഭിച്ചില്ല. സസ്പെന്‍ഷനിലുള്ള ഒന്നാംപ്രതി പൂന്തുറ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിജയദാസ് ഉള്‍പ്പെടെയുള്ള പൊലീസുകാരെയെല്ലാം സംരക്ഷിക്കാനുള്ള റിപ്പോര്‍ട്ട് പൊലീസ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിയുടെ നേതൃത്വത്തിലാണ് തയ്യാറാക്കുന്നത്. ഇവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയശേഷം സംഭവം അന്വേഷിക്കുന്ന സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമീഷണര്‍ക്ക് കൈമാറാനാണ് നീക്കം. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശനിയാഴ്ച ജയപ്രസാദിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
deshabhimani
No comments:
Post a Comment