Sunday, September 8, 2013

സോളാര്‍ കേസിലെ ജഡ്ജിമാര്‍ക്കെതിരെ മന്ത്രി കെ സി ജോസഫ്

സോളാര്‍ കേസില്‍ സര്‍ക്കാരിനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് മന്ത്രി കെ സി ജോസഫിന്റെ അധിക്ഷേപം. ചില ബെഞ്ചുകളില്‍ നിന്നും തുടരെത്തുടരെ സര്‍ക്കാരിനെതിരെ പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നുവെന്ന് പറഞ്ഞ മന്ത്രി ഇവരാരും ആകാശത്തുനിന്ന് പൊട്ടി വീണതല്ലെന്ന് ഒരു പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തി. വ്യക്തമായ രാഷ്ട്രീയ പശ്ചാത്തലം അവര്‍ക്കുണ്ടെന്നും മന്ത്രി ആരോപിച്ചു. സര്‍ക്കാരിനെതിരെ ന്യായാധിപന്മാര്‍ പരാമര്‍ശങ്ങള്‍ നടത്തുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകളുടെ ഭാഗമായാണെന്നാണ് മന്ത്രി പറയാതെ പറയുന്നത്. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കാന്‍ ഉത്തരവിട്ട വിജിലന്‍സ് ജഡ്ജിയെ പരസ്യമായി ആക്ഷേപിച്ച ഗവ. ചീഫ് വിപ്പിന്റെ വഴിയിലാണ് മന്ത്രി ജോസഫും. ജഡ്ജിമാരെ വിമര്‍ശിച്ചും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കുകയാണ് മന്ത്രിയുടെ ലക്ഷ്യം.

പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ ലേഖനത്തിനുള്ള മറുപടിയെന്ന നിലയില്‍ മന്ത്രി പച്ചക്കള്ളവും തട്ടിവിടുന്നുണ്ട്. 33 കേസിലെ പരാതിക്കാരോ സാക്ഷികളോ ആരും സ്റ്റാഫ് അംഗങ്ങളെ കുറിച്ചല്ലാതെ മുഖ്യമന്ത്രിയെ കുറിച്ച് പരാതി ഉന്നയിച്ചിട്ടില്ല എന്നതാണ് പ്രധാന നുണ. തട്ടിപ്പിനിരയായ പത്തനംതിട്ട മല്ലേലില്‍ ക്രഷറര്‍ ഉടമയും കോണ്‍ഗ്രസുകാരനുമായ ശ്രീധരന്‍നായര്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയെ കുറിച്ച് മന്ത്രി അജ്ഞത നടിക്കുന്നു. എല്ലാ കേസിലും അന്വേഷണം നിയമാനുസൃതം നടക്കുന്നുവെന്നാണ് മന്ത്രിയുടെ വാദം. ശ്രീധരന്‍നായരുടെ രഹസ്യമൊഴിക്ക് ഘടകവിരുദ്ധമായി എന്തിന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയെന്ന് മന്ത്രി വിശദീകരിക്കേണ്ടിവരും.

സരിത തയ്യാറാക്കിയ 21 പേജ് മൊഴിയെ കുറിച്ചും മന്ത്രി പച്ചക്കള്ളം പറയുന്നു. അങ്ങനെയൊരു മൊഴിയില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞെന്നാണ് മന്ത്രിയുടെ വാദം. പത്തനംതിട്ട ജയില്‍ സൂപ്രണ്ട് വിവരാവകാശനിയമപ്രകാരം നല്‍കിയ മറുപടിയില്‍ 21 പേജുള്ള മൊഴി തയ്യാറാക്കി നല്‍കിയെന്ന് പറയുന്നതുപോലും മന്ത്രി കണ്ടില്ലെന്ന് നടിക്കുന്നു. സിസി ടിവി പരിശോധനയില്‍നിന്ന് സിപിഐ എം ഒളിച്ചോടിയെന്നാണ് ജോസഫിന്റെ പരിഹാസ്യമായ മറ്റൊരു നിലപാട്. സിസി ടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘമാണ് പരിശോധിക്കേണ്ടതെന്നും അതല്ലാതെ മുഖ്യമന്ത്രി നിര്‍ദേശിക്കുന്ന സംഘമല്ലെന്നുമായിരുന്നു സിപിഐ എം നിലപാട്. സിസി ടിവി ദൃശ്യങ്ങള്‍ ഹൈക്കോടതിക്ക് കൈമാറിയെന്ന നുണയും ലേഖനത്തിലുണ്ട്. ദൃശ്യങ്ങള്‍ ശേഖരിച്ചുവരുന്നതേ ഉള്ളൂ എന്നാണ് കഴിഞ്ഞദിവസം ഉള്‍പ്പെടെ അന്വേഷണസംഘം ഹൈക്കോടതിയില്‍ പറഞ്ഞത്. എഡിറ്റോറിയല്‍ പേജിലെ ലേഖനത്തിന്റെ ബാക്കി അടുത്ത ദിവസം പ്രസിദ്ധീകരിക്കും.

കുസാറ്റിലും സരിത സോളാര്‍ തട്ടിപ്പിനു നീക്കം നടത്തി

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലും (കുസാറ്റ്) സരിത എസ് നായര്‍ സോളാര്‍ തട്ടിപ്പിന് ശ്രമിച്ചു. സോളാര്‍ പാനലും എല്‍ഇഡി വിളക്കുകളും സ്ഥാപിക്കാനെന്നപേരിലാണ് ടീം സോളാറിന്റെ പേരില്‍ നിര്‍ദേശം സമര്‍പ്പിച്ചത്. എന്നാല്‍, വന്‍ തുക തട്ടിയെടുക്കാന്‍ സാധ്യത ഇല്ലാതായതോടെ ഇതില്‍നിന്ന് സരിത പിന്‍മാറുകയായിരുന്നു. 2011 ഫെബ്രുവരിയിലാണ് 11 പേജുള്ള പദ്ധതിനിര്‍ദേശം സരിത കുസാറ്റ് എന്‍ജിനിയറിങ് വിഭാഗത്തിന് സമര്‍പ്പിച്ചത്. പൈപ്പുകളില്‍ സോളാര്‍പാനല്‍ ഘടിപ്പിച്ച് എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായിരുന്നു പദ്ധതി. ഒരു യൂണിറ്റിന് 28,000 രൂപയോളമായിരുന്നു ചെലവ് കാണിച്ചിരുന്നത്. പദ്ധതി പരിഗണിക്കുന്നതിന് കുസാറ്റ് എന്‍ജിനിയറിങ് വിഭാഗം പ്രത്യേക ഫയലും തുറന്നു. ആദ്യഘട്ടത്തില്‍ 20 യൂണിറ്റ് സ്ഥാപിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പിന്നീട് ഫിനാന്‍സ് ഓഫീസര്‍ ടീം സോളാറിന് സാങ്കേതിക പരിജ്ഞാനമില്ലെന്ന് വിശദമാക്കിഫയലില്‍ വിയോജനക്കുറിപ്പെഴുതി. തുടര്‍ന്ന് സര്‍വകലാശാല എന്‍ജിനിയറിങ് വിഭാഗം സരിതയുമായി ബന്ധപ്പെട്ടു. ഇതെതുടര്‍ന്ന് സരിത ടീം സോളാറിന് സാങ്കേതികപരിജ്ഞാനം ഉണ്ടെന്നുകാണിച്ച് കത്ത് നല്‍കി. കേന്ദ്രസ്ഥാപനമായതിനാല്‍ സൗരോര്‍ജപദ്ധതികള്‍ക്ക് 75 ശതമാനം സബ്സിഡി കിട്ടുമെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാല്‍, സര്‍വകലാശാലാ നിയമങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ ഇത്തരം പദ്ധതി നടപ്പാക്കാന്‍ കഴിയില്ലായെന്ന നിലപാടാണ് രജിസ്ട്രാര്‍ സ്വീകരിച്ചത്. 2012 ജനുവരിയില്‍ സര്‍വകലാശാലയുടെ സ്റ്റാറ്റ്യൂട്ടറി ഓഫീസേഴ്സ് മീറ്റിങ്ങില്‍ വിഷയം പരിഗണനയ്ക്കെത്തി. തുടര്‍ന്ന് മാര്‍ച്ചില്‍ അഞ്ച് യൂണിറ്റുകള്‍ ആദ്യഘട്ടത്തില്‍ സ്ഥാപിക്കാന്‍ നടപടിയായി. എന്നാല്‍, ടീം സോളാര്‍ ഇത് സ്വീകരിച്ചില്ല. പദ്ധതിക്ക് 75 ശതമാനം സബ്സിഡി ഒഴികെയുള്ള തുക നല്‍കാനായിരുന്നു സര്‍വകലാശാലയുടെ നീക്കം. ഇക്കാരണത്താല്‍ വന്‍ തുക തട്ടിയെടുക്കാന്‍ കഴിയില്ലെന്നു വ്യക്തമായതോടെയാണ് ടീം സോളാര്‍ പിന്‍മാറിയതെന്നാണ് സൂചന. സോളാര്‍പദ്ധതിയുമായി സരിത എസ് നായര്‍ സര്‍വകലാശാലയുടെ എന്‍ജിനിയറിങ് വിഭാഗത്തെ സമീപിച്ചിരുന്നെന്നും എന്നാല്‍, ഇത് സര്‍വകലാശാല അംഗീകരിച്ചില്ലെന്നും രജിസ്ട്രാര്‍ ഡോ. എ രാമചന്ദ്രന്‍ പറഞ്ഞു. ഇങ്ങനെയുള്ള പദ്ധതികള്‍ ക്വട്ടേഷന്‍ വിളിച്ച് നടപ്പാക്കാനാണ് നിര്‍ദേശിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment