Sunday, September 8, 2013

ഡീസലിന് ഒറ്റയടിക്ക് 5 രൂപ കൂട്ടും

സാധാരണജനജീവിതം ദുഷ്കരമാക്കുംവിധം, ഡീസലിന് നിലവിലുള്ള വിലയുടെ പത്തു ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇന്ധനവില കൂട്ടേണ്ടിവരുമെന്നും സബ്സിഡികള്‍ ഇതേ നിലയില്‍ താങ്ങാനാകില്ലെന്നും കേന്ദ്ര ധനമന്ത്രി പി ചിദംബരം ശനിയാഴ്ച രാജ്യസഭയില്‍ സൂചന നല്‍കി. പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചാല്‍ വിലവര്‍ധന നടപ്പാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ ആലോചിച്ചിരുന്നു. രാജ്യസഭാ സമ്മേളനം ശനിയാഴ്ച അവസാനിച്ചു. ലോക്സഭാ സമ്മേളനം വെള്ളിയാഴ്ച അവസാനിച്ചിരുന്നു. ഏതു നിമിഷവും എണ്ണക്കമ്പനികള്‍ വിലവര്‍ധന പ്രഖ്യാപിച്ചേക്കാം.

തിരുവനന്തപുരത്ത് 56 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ നിലവിലെ വില. ഇതിന്റെ പത്തു ശതമാനം 5.60 രൂപയാണ്. ഇറക്കുമതിച്ചെലവ് കുറയ്ക്കാന്‍ ഡീസല്‍, പെട്രോള്‍ ഉപയോഗം കുറയ്ക്കാനുള്ള നടപടികളും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. പെട്രോളിയം മന്ത്രി വീരപ്പമൊയ്ലി ജപ്പാന്‍, ദക്ഷിണ കൊറിയ സന്ദര്‍ശനം കഴിഞ്ഞെത്തി 16ന് ഇന്ധന ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇതിനുള്ള നിര്‍ദേശങ്ങള്‍ വീരപ്പമൊയ്ലി പ്രധാനമന്ത്രിക്ക് കഴിഞ്ഞയാഴ്ച സമര്‍പ്പിച്ചിരുന്നു. നിയന്ത്രണാതീതമായി ഉയര്‍ന്ന അവശ്യസാധന വിലവര്‍ധനയെ ഇത് അപകടകരമായ ഉയരത്തിലെത്തിക്കും. രാജ്യത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിപണനത്തില്‍ 40 ശതമാനം ഡീസലാണ്. 2012 സെപ്തംബറില്‍ ഡീസലിന് ലിറ്ററിന് അഞ്ചുരൂപ ഒറ്റയടിക്ക് വര്‍ധിപ്പിച്ചിരുന്നു. പിന്നീട് 2013 ജനുവരി മുതല്‍ മാസംതോറും 50 പൈസ വീതം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു.

(വി ജയിന്‍) deshabhimani

No comments:

Post a Comment