Thursday, September 5, 2013

കര്‍ഷകത്തൊഴിലാളികള്‍ക്ക് ആറുമാസമായി പെന്‍ഷനില്ല

സംസ്ഥാനത്തെ അഞ്ചരലക്ഷത്തോളം വരുന്ന അവശരും അശരണരുമായ കര്‍ഷകത്തൊഴിലാളികള്‍ക്ക് ആറുമാസമായി പെന്‍ഷനില്ല. മാര്‍ച്ച് മുതലുള്ള പെന്‍ഷനാണ് നിഷേധിച്ചത്. പട്ടിണിയുടെ ഓണനാളുകളായിരിക്കും ഇക്കുറിയും ഇവര്‍ക്ക്. നാനൂറ് രൂപ പെന്‍ഷന്‍ അഞ്ഞൂറാക്കി ബജറ്റില്‍ പ്രഖ്യാപിച്ച് വലിയ പ്രചാരണമാണ് സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍, ബജറ്റ് കാലത്തിനുമുമ്പുള്ള പെന്‍ഷന്‍ കുടിശ്ശികപോലും വിതരണം ചെയ്യാതെ ഇവരെ കബളിപ്പിക്കുകയാണ് സര്‍ക്കാര്‍. 5,36,302 കര്‍ഷകത്തൊഴിലാളികള്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്. ഇതുപ്രകാരം 155.52 കോടിയില്‍പരം രൂപയാണ് കുടിശ്ശിക. നഗരസഭകളും ഗ്രാമ പഞ്ചായത്തുകളുമാണ് പെന്‍ഷന്‍കാര്‍ക്ക് തുക വിതരണം ചെയ്യുന്നത്. എന്നാല്‍, സര്‍ക്കാര്‍ തുക അനുവദിച്ചിട്ടില്ല. തുക ആവശ്യപ്പെട്ട് തദ്ദേശസ്ഥാപനങ്ങള്‍ കാത്തിരിപ്പ് തുടരുന്നു. ധനവകുപ്പാണ് പെന്‍ഷന്‍ തുക അനുവദിക്കേണ്ടത്. ഇനി തുക അനുവദിച്ചാലും നടപടികള്‍ പൂര്‍ത്തീകരിച്ച് പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് ആഴ്ചകളെടുക്കും.

ഓണത്തിനുമുമ്പ് പെന്‍ഷന്‍ വിതരണം സാധ്യമാകില്ലെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്തുകള്‍ക്ക് തുക അനുവദിച്ചതിന്റെ കത്ത് ലഭിച്ചശേഷം ബില്‍ തയ്യാറാക്കി ട്രഷറിക്ക് നല്‍കിയാല്‍മാത്രമേ തുക ലഭിക്കൂ. പിന്നീട് യഥാവിധി അറിയിപ്പ് നല്‍കിവേണം പെന്‍ഷന്‍ വിതരണം നടത്തേണ്ടത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഓണക്കാലത്ത് മൂന്നുമാസത്തെ പെന്‍ഷന്‍ മുന്‍കൂറായി വിതരണം ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ നല്‍കുന്ന ഇതര പെന്‍ഷനുകളും നല്‍കിയിട്ടില്ല. വാര്‍ധക്യകാല പെന്‍ഷന്‍, അഗതി പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ തുടങ്ങി ഏഴില്‍പരം പെന്‍ഷനുകളും കുടിശ്ശികയാണ്. ജൂണ്‍ വരെയുള്ള തുക മാത്രമാണ് വിതരണം ചെയ്തത്. ലക്ഷക്കണക്കിനുവരുന്ന പരമ ദരിദ്രര്‍ക്ക് ഓണത്തിന് ഒരുനേരം ഭക്ഷണം ഉറപ്പാക്കുന്ന പെന്‍ഷനാണ് സര്‍ക്കാര്‍ നിഷേധിക്കുന്നത്

ഓണത്തിനു മുമ്പ് പെന്‍ഷന്‍ വിതരണം ചെയ്യണം: കെഎസ്കെടിയു

ഓണത്തിനു മുമ്പ് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വിതരണം ചെയ്യാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മറ്റെല്ലാ ക്ഷേമ പെന്‍ഷനും ഒരു മാസത്തേക്കെങ്കിലും അലോട്ട്മെന്റ് നല്‍കിയ ഗവണ്‍മെന്റ് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ അലോട്ട്മെന്റ്മാത്രം നല്‍കിട്ടില്ല. സംസ്ഥാനത്തെ അഞ്ചേകാല്‍ ലക്ഷത്തില്‍പ്പരം കര്‍ഷകത്തൊഴിലാളി വൃദ്ധജനങ്ങള്‍ ഓണത്തിന് തങ്ങളുടെ പെന്‍ഷന്‍ ലഭിക്കുമെന്ന് വലിയ പ്രതീക്ഷയോടെ കഴിയുകയാണ്. കഴിഞ്ഞവര്‍ഷത്തെപ്പോലെ ഈക്കുറിയും അവര്‍ക്ക് ഓണത്തിന് പെന്‍ഷന്‍ ലഭിക്കുമെന്ന് ഉറപ്പൊന്നുമില്ല. ഇപ്രാവശ്യവും അതിന്റെ തനിയാവര്‍ത്തനം മാത്രമാണ് സംഭവിക്കാന്‍ പോകുന്നതെന്ന് തോന്നുന്നു. അതല്ല, ആത്മാര്‍ഥമായിട്ടാണെങ്കില്‍ അടിയന്തരമായി പെന്‍ഷന്‍ അലോട്ട്മെന്റ് നല്‍കണം-ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment