Friday, September 6, 2013

എഡിജിപിയുടെ വിശദീകരണം പ്രതിപക്ഷ ആരോപണം ശരിവെക്കുന്നു: വിഎസ്

സോളാര്‍ തട്ടിപ്പുകേസ് അട്ടിമറിക്കാന്‍ സര്‍ക്കാരും പൊലീസും അന്വേഷണ സംഘത്തലവന്‍ എഡിജിപി എ ഹേമചന്ദ്രനും കരുനീക്കങ്ങള്‍ നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് എഡിജിപി ഹൈക്കോടതിയില്‍ കേസ് സംബന്ധിച്ച നല്‍കിയ വിശദീകരണ പത്രികയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുാതനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കള്ളത്തരങ്ങള്‍ കാട്ടുകയും കള്ള പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ കാലടിപ്പാടുകള്‍ അണുവിട തെറ്റാതെ പിന്തുടര്‍ന്നാണ് എഡിജിപി ഹേമചന്ദ്രന്‍ അസംബന്ധ ജടിലമായ കാര്യങ്ങള്‍ ഹൈക്കോടതിക്കുമുന്നില്‍ നിരത്തിയിരിക്കുന്നത്. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് പങ്കുള്ളതായി കരുതുന്നില്ലെന്ന് പരാതിക്കാരന്‍ ശ്രീധരന്‍നായര്‍ മൊഴി നല്‍കിയതായാണ് എഡിജിപിയുടെ ഭാഷ്യം. മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജ്, പിഎ ജിക്കുമോന്‍ എന്നിവര്‍ക്ക് പങ്കില്ലെന്നും എഡിജിപി ഹൈക്കോടതിയില്‍ നല്‍കിയ പത്രികയില്‍ പറഞ്ഞിരിക്കുകയാണ്.

എന്നാല്‍ സെക്ഷന്‍ 164 പ്രകാരം മജിസ്ട്രേട്ടിന് മുന്നില്‍ മൊഴി നല്‍കുകയും പിന്നീട് പൊലീസിനോട് ആ മൊഴി ആവര്‍ത്തിക്കുകയും ചെയ്ത ശ്രീധരന്‍നായര്‍ വ്യാഴാഴ്ചയും പരസ്യമായി പറഞ്ഞത് എഡിജിപി ഹൈക്കോടതിയില്‍ നല്‍കിയത് സത്യവിരുദ്ധമായ റിപ്പോര്‍ട്ടാണെന്നാണ്. ഇതിന്റെ സത്യാവസ്ഥ വെളിച്ചത്തുകൊണ്ടുവരാനായി താന്‍ മജിസ്ട്രേട്ടിനു നല്‍കിയ മൊഴി പരസ്യപ്പെടുത്തണമെന്നും മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ശ്രീധരന്‍നായര്‍ വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്. മജിസ്ട്രേട്ടിന് നല്‍കിയ മൊഴിയില്‍ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നാണ് ശ്രീധരന്‍നായര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. അതായത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന തന്റെ മുന്‍നിലപാടില്‍ മാറ്റമില്ല എന്നാണ് ശ്രീധരന്‍നായര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

ഇതൊക്കെ സ്ഥിരമായി കാണുകയും കേള്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ജനങ്ങള്‍ക്ക് മുന്നില്‍ തന്റെ യജമാനനെ രക്ഷിക്കാന്‍ വേണ്ടി പച്ചക്കള്ളങ്ങള്‍ കോടതിയില്‍ പറഞ്ഞ് എഡിജിപി ഹേമചന്ദ്രന്‍ സ്വയം പരിഹാസ്യനാവുകയാണ്. ഐപിഎസ് പദവിയുടെ മാന്യതയും അധികാര വിശുദ്ധിയും കളഞ്ഞുകുളിക്കുകയാണ് ഉമ്മന്‍ചാണ്ടിയുടെ പാദസേവകനായ പൊലീസ് ഉദ്യോഗസ്ഥന്‍ ചെയ്യുന്നത്. ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ കള്ളക്കളികള്‍ക്കും മലയാളികള്‍ക്കാകെ അപമാനമുണ്ടാക്കിയ തട്ടിപ്പിനും അരുനില്‍ക്കുന്ന ഈ ഉദ്യോഗസ്ഥന്‍ കേരളാ പൊലീസിന് തന്നെ കളങ്കം വരുത്തിവെച്ചിരിക്കുകയാണ്. ഈ മാന്യന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസാണോ അതോ അട്ടിമറി ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസാണോ എന്ന് താന്‍ നേരത്തെ ചോദിച്ചത് ശരിയാണെന്നു വന്നിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ കള്ളത്തട്ടിപ്പുകളുടെ വിഴുപ്പുപേറി ഇനിയും നാറാതെ ഹേമചന്ദ്രന്‍ പണിമതിയാക്കി പോകുന്നതാണ് നല്ലതെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment