Thursday, September 5, 2013

റെഡ്ക്രോസില്‍ കോടികളുടെ വെട്ടിപ്പെന്ന് പുതിയ ഭാരവാഹികള്‍

കോട്ടയം റെഡ്ക്രോസ് സൊസൈറ്റിയുടെ മുന്‍ഭാരവാഹികള്‍ ജൂണിയര്‍ റെഡ്ക്രോസിന്റെ മറവില്‍ വിദ്യാര്‍ഥികളില്‍നിന്ന് പിരിച്ചെടുത്തതും വിവിധ ഗ്രാന്റുകളുമടക്കം കോടികള്‍ തിരിമറി നടത്തിയെന്ന് പുതിയ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സൊസൈറ്റിയുടെ പേരില്‍ കോട്ടയം അര്‍ബന്‍ബാങ്കിലെ അക്കൗണ്ടില്‍ 7000 രൂപമാത്രമാണ് അവശേഷിക്കുന്നത്. ആംബുലന്‍സിനും ഓഫീസ് ഉപയോഗത്തിന് മറ്റൊരു വാഹനത്തിനും വായ്പ എടുത്തതിന് സൗത്ത് ഇന്ത്യന്‍ ബാങ്കിലുള്ള കുടിശ്ശിക ജപ്തിയുടെ ഘട്ടത്തിലെത്തി. ഇതേത്തുടര്‍ന്ന് പുതിയ സെക്രട്ടറി ഫാ. ബിനോ ഫിലിപ്പ് തന്റെ ഭാര്യയുടെ സ്വര്‍ണം പണയപ്പെടുത്തി കുടിശ്ശിക തീര്‍ക്കുകയായിരുന്നു. കഴിഞ്ഞ അധ്യയനവര്‍ഷം ജൂണിയര്‍ റെഡ്ക്രോസ് കുട്ടികള്‍ക്കായി നടത്തിയ എ, ബി ലെവല്‍ പരീക്ഷകളുടെ ഉത്തരക്കടലാസും മാര്‍ക്ക് ലിസ്റ്റും മുന്‍ഭാരവാഹികള്‍ കടത്തിക്കൊണ്ടുപോയതു കാരണം ആ കുട്ടികള്‍ക്ക് സി ലെവല്‍ പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. അതുമൂലം പത്താം ക്ലാസ് പരീക്ഷയില്‍ ലഭിക്കേണ്ട ഗ്രേസ് മാര്‍ക്ക് അവര്‍ക്ക് നഷ്ടമായി. ജൂണിയര്‍ റെഡ്ക്രോസിന്റെ മറവിലാണ് ഏറ്റവും വലിയ തട്ടിപ്പെന്ന് ഭാരവാഹികള്‍ പറയുന്നു.

ഒരു യൂണിറ്റില്‍ 17 കുട്ടികള്‍ക്കാണ് പരീക്ഷയെഴുതാന്‍ അവസരമുള്ളത്. എന്നാല്‍ എത്ര കുട്ടികള്‍ക്ക് വേണമെങ്കിലും എഴുതാമെന്നു പറഞ്ഞ് ഒരു കുട്ടിയില്‍നിന്ന് 40 രൂപ വീതമാണ് വാങ്ങുന്നത്. 17 പേര്‍ക്കാണ് ഗ്രേസ് മാര്‍ക്കിന് അര്‍ഹത നല്‍കുക. ബാക്കിയുള്ളവര്‍ക്ക് പരാതി ഇല്ലാതാക്കാന്‍ റെഡ്ക്രോസിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് തട്ടിപ്പ്. റെഡ്ക്രോസിന്റെ സിലബസല്ല പഠിപ്പിച്ചിരുന്നത്. 2009 മുതലാണ് ഗ്രേസ് മാര്‍ക്ക് ഏര്‍പ്പെടുത്തിയത്. 10 മാര്‍ക്കാണ് ലഭിക്കുക. എന്നാല്‍ 30 മാര്‍ക്ക് ലഭിക്കുമെന്നാണ് പ്രചരിപ്പിച്ചത്. ഇത് സ്കൂളുകളുടെ വിജയശതമാനം വര്‍ധിപ്പിക്കുമെന്നതിനാല്‍ എല്ലാ സ്കൂളുകളും നൂറുകണക്കിന് കുട്ടികളെ പങ്കെടുപ്പിച്ചു. അവരില്‍നിന്ന് വാങ്ങിയ ഫീസിന് കണക്കോ രസീതോ ഒന്നുമില്ല. യുപി വിഭാഗത്തില്‍ പരീക്ഷ നടത്താറില്ല. എന്നാല്‍ അവിടെയും പരീക്ഷ നടത്തി പണം വാങ്ങി. ജില്ലാ തലത്തില്‍ കുട്ടികളുടെ റാലി നടത്തിയില്ല. ബാഡ്ജ് വിതരണം ചെയ്യുകയും ബാഡ്ജ് ഒന്നിന് ആറു രൂപ വീതം ഈടാക്കുകയും ചെയ്തു. മുന്‍ഭാരവാഹികളെ പുകഴ്ത്തുന്ന റെഡ്ക്രോസ് മാനുവല്‍ പ്രസിദ്ധീകരിച്ചിരുന്നു. അത് 70 രൂപക്കാണ് കുട്ടികള്‍ക്ക് വിതരണം ചെയ്തത്. റെഡ്ക്രോസ് ബില്‍ഡിങ്ങിന്റെ ആധാരം, വാഹനങ്ങളുടെ ആര്‍സി ബുക്ക് അടക്കം രേഖകള്‍ കാണാനില്ലെന്നും ഇക്കാര്യങ്ങള്‍ കലക്ടറടക്കം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. സെക്രട്ടറി ഫാ. ബിനോ ഫിലിപ്പ്, ജൂണിയര്‍ റെഡ്ക്രോസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മിനി എം മാത്യു, കോ-ഓര്‍ഡിനേറ്റര്‍മാരായ ലേഖ ആര്‍ പിള്ള, ലിജോ, ജോര്‍ജ് ഫിലിപ്പ്, ചന്ദ്രന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഇരയായ നിക്ഷേപകരുടെ പേരില്‍ വ്യാജസംഘടന

ചെങ്ങന്നൂര്‍: ബിസിനസ് ഇന്ത്യ തട്ടിപ്പിനിരയായ നിക്ഷേപകരുടെ പേരില്‍ വ്യാജസംഘടന ഉണ്ടാക്കിയതായി പൊലീസിന് പരാതി. ബിസിനസ് ഇന്ത്യാ ഇന്‍വസ്റ്റേഴ്സ് ഫോറത്തിന്റെ പേരിലാണ് വ്യാജസംഘടന ഉണ്ടാക്കിയതായി ചെങ്ങന്നൂര്‍ പൊലീസിന് പരാതി ലഭിച്ചത്. വ്യാജസംഘടനയും വാര്‍ഷികപൊതുയോഗം നടത്തിയതായി മാധ്യമങ്ങളിലും വന്നു. പുതിയ സംഘടനയുടെ ഭാരവാഹികളെല്ലാം ബിസിനസ് ഇന്ത്യയുടെ വിവിധ ബ്രാഞ്ചുകളിലെ മാനേജര്‍മാരാണ്. നിക്ഷേപങ്ങള്‍ ക്യാന്‍വാസ് ചെയ്തിരുന്നവരാണ്. കൊട്ടാരക്കര ഓടനാവട്ടം പ്ലാവില പുത്തന്‍വീട്ടില്‍ കുഞ്ഞച്ചന്‍, പന്തളം ചെന്നീര്‍ക്കര തയ്യില്‍ ജോയിവില്ലയില്‍ ടി എം മാത്യു, കൊട്ടാരക്കര വൈയിലോട് നന്ദനം വീട്ടില്‍ അജിത മോഹനന്‍നായര്‍, പത്തനാപുരം കടയ്ക്കാമണ്‍ തോപ്പുവിള പുത്തന്‍ വി രാജു, കുളനട സ്വദേശി കെ കെ ഗോപിനാഥന്‍നായര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. കമ്പനി ഡയറക്ടര്‍മാരുമായി ഒത്തുചേര്‍ന്ന് നിക്ഷേപകരെ വീണ്ടും കബളിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ വ്യാജ സംഘടനാ രൂപീകരണമെന്ന് പ്രസിഡന്റ് കല്യാണകൃഷ്ണന്‍, സെക്രട്ടറി എബ്രഹാം ജോര്‍ജ് എന്നിവര്‍ പരാതിയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment