Wednesday, September 4, 2013
എസ്ഐക്കെതിരെ വധശ്രമത്തിന് കേസെടുക്കണം: വിഎസ്
ജനാധിപത്യപരമായി മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധം പ്രകടിപ്പിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ജയപ്രകാശിനെ അതിഭീകരമായി മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച എസ്ഐക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇയാളെ ഉടന്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നും വി എസ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയതിന്റെ പേരിലാണ് തുമ്പ ഗ്രേഡ് എസ് ഐ വിജയദാസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ജയപ്രകാശിനെ പട്ടിയെ തല്ലുന്നതുപോലെ മര്‍ദിച്ചത്. ജയപ്രകാശിന്റെ പാന്റിസിന്റെ സിബ്ബ് തുറന്ന് ജനനേന്ദ്രിയം പോലും തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ചു. സര്‍ സി പിയുടെ കാലത്തുപോലും കേട്ടുകേള്‍വിയില്ലാത്ത കാടന്‍ മര്‍ദനമാണ് എസ് ഐ നടത്തിയത്. കേരളത്തിലെ പൊലീസിനാകെ അപമാനകരമായി രീതിയിലാണ് ഇയാള്‍ മര്‍ദനം അഴിച്ചുവിട്ടത്. സമരം കഴിഞ്ഞ് മാറി നിന്നിരുന്ന ജയപ്രകാശിനെ ഭ്രാന്തുപിടിച്ചതുപോലെയാണ് എസ്ഐ തല്ലി അവശനാക്കിയത്. അക്ഷരാര്‍ത്ഥത്തില്‍ കൊലയാളിയുടെ ഭാവഹാവാദികളോടെയാണ് ഇയാള്‍ മര്‍ദനം നടത്തിയത്.
പീപ്പിള്‍ ടിവി പുറത്തുവിട്ട ഭീകരദൃശ്യം മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഈ ദൃശ്യങ്ങള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതിനോട് പ്രതികരിക്കാത്ത മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സത്യത്തില്‍ മനഃസാക്ഷിയില്ലാത്ത ഹിറ്റ്ലര്‍മാരാണെന്ന് ജനങ്ങള്‍ മനസിലാക്കുകയാണ്. ഇത്ര ഭീകരമായി മര്‍ദനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി രാജിവയ്ക്കുകയാണ് വേണ്ടത്. കേരളത്തെയാകെ ഞെട്ടിപ്പിക്കുകയും നാണിപ്പിക്കുകയും ചെയ്ത ഈ ക്രൂരതയ്ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ത്തണമെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.
കരിങ്കൊടി കാണിച്ച പ്രവര്‍ത്തകനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു
തിരു: കഴക്കൂട്ടത്ത് ഹോര്‍ട്ടി കോര്‍പ്പിന്റെ ജില്ലാ സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കരിങ്കൊടി കാണിച്ച എല്‍ഡിഎഫ് പ്രവര്‍ത്തകനെ പൊലീസ് ക്രൂര മര്‍ദ്ദനത്തിനിരയാക്കി. പൊലീസിന്റെ ക്രൂരതയ്ക്കിരയായ ജയപ്രകാശ് എന്ന പ്രവര്‍ത്തകന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുകയായിരുന്ന എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് പൊലീസ് പിടികൂടിയ ജയപ്രകാശിനെ ഗ്രേഡ് എസ് ഐ വിജയദാസിന്റെ ന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൈകാര്യം ചെയ്തത്. യുവാവിന്റെ പാന്‍സിന്റെ സിബ്ബ് അഴിച്ച് ലാത്തികൊണ്ട് ജനനേന്ത്രിയത്തില്‍ പരിക്കേല്‍പ്പിക്കുന്ന കിരാത നടപടിയാണ് പൊലീസ് കൈക്കൊണ്ടത്. പൊലീസ് വളഞ്ഞിട്ട് മര്‍ദ്ദിച്ചതോടെ അവശനായി നിലത്ത് വീണ ജയപ്രകാശ് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടെങ്കിലും അത് നല്‍കാന്‍ പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് ബോധരഹിതനായതോടെയാണ് ജയപ്രകാശിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ തയ്യാറായത്.
പൊലീസിന്റെ കിരാത നടപടിക്കെതിരെ ശക്തമായ ജനരോഷമാണ് ഉയരുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉമ്മന്‍ചാണ്ടി മാറുന്നത് വരെ സമരം തുടരുമെന്നും പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിച്ച് നടപടിയെടുക്കുമെന്നാണ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്.
deshabhimani
Labels:
പോലീസ്
Subscribe to:
Post Comments (Atom)
No comments:
Post a Comment