Wednesday, September 4, 2013

കിരാതം - അടികൊണ്ട് വീണിട്ടും ബൂട്ടിട്ട് ചവിട്ടി

മുഖ്യമന്ത്രിക്കെതിരായ ജനരോഷം നേരിടാന്‍ തലസ്ഥാനത്ത് പൊലീസ് നരവേട്ട. മര്‍ദിച്ചവശനാക്കിയശേഷം സിപിഐ എം പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം പൊലീസ് തകര്‍ത്തു. മെഡിക്കല്‍ കോളേജ് തോപ്പില്‍ ഗാര്‍ഡന്‍ തോപ്പില്‍പുത്തന്‍വീട്ടില്‍ ജയപ്രസാദിനെ (32) യാണ് പൊലീസ് മനുഷ്യത്വഹീനമായി മര്‍ദിച്ചത്. പലപ്രാവശ്യം ഇയാളുടെ ജനനേന്ദ്രിയത്തില്‍ തൊഴിച്ച പൊലീസ് പാന്റ്സിന്റെ സിബ് ഊരി ജനനേന്ദ്രിയത്തില്‍ ലാത്തികൊണ്ട് കുത്തി. സോളാര്‍തട്ടിപ്പു കേസില്‍ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന എല്‍ഡിഎഫ് സമരത്തിന്റെ ഭാഗമായി തിരുവനന്തപുരം ആനയറ വെണ്‍പാലവട്ടത്ത് കരിങ്കൊടി കാണിച്ചവര്‍ക്ക് നേരെയായിരുന്നു പൊലീസ് കാട്ടാളത്തം.

ബുധനാഴ്ച പകല്‍ രണ്ടേകാലിന് ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ ഹോര്‍ട്ടി കോര്‍പ് ജില്ലാ സംഭരണകേന്ദ്രം ഉദ്ഘാടനംചെയ്യാന്‍ മുഖ്യമന്ത്രി എത്തിയ സമയത്താണ് പൊലീസ് മൃഗീയത. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയപ്പോള്‍ ഷര്‍ട്ട് ഊരി വീശിയതിനെത്തുടര്‍ന്ന് ജയപ്രസാദിനെ വളഞ്ഞുപിടിച്ച പൊലീസ് തൂക്കിയെടുത്തു. കാര്‍ഷിക മൊത്തവിതരണകേന്ദ്രത്തിന്റെ പ്രധാന കവാടത്തിലുള്ള സെക്യൂരിറ്റി റൂമിനു സമീപത്തേക്ക് കൊണ്ടുപോയി തലങ്ങും വിലങ്ങും മര്‍ദിച്ചു. യൂണിഫോമിലും മഫ്തിയിലുമുള്ള പൊലീസുകാര്‍ ആക്രമണസംഘത്തിലുണ്ടായിരുന്നു. തുമ്പ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സി വിജയദാസാണ് ജയപ്രസാദിന്റെ ജനനേന്ദ്രിയത്തില്‍ തൊഴിച്ചതും ലാത്തിക്ക് കുത്തിയതും.

ക്രിമിനല്‍ ഗുണ്ടാസംഘത്തെപ്പോലെയാണ് പൊലീസ് അഴിഞ്ഞാടിയത്. ഈ സമയം സിറ്റി പൊലീസ് കമീഷണര്‍ പി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ സമീപത്തുണ്ടായിരുന്നു. ചീമുട്ടയില്‍ കുളിച്ചാണ് മുഖ്യമന്ത്രിയുടെ കാര്‍ ഉദ്ഘാടനവേദിയിലെത്തിയത്. മര്‍ദനമേറ്റു വീണിട്ടും ജയപ്രസാദിനെ ബൂട്ടിട്ട് ചവിട്ടി അവശനാക്കുകയായിരുന്നു. പിടിച്ചുകൊണ്ടുപോയ പ്രവര്‍ത്തകനെ പൊലീസ് ബസില്‍ കാണാതെവന്നപ്പോഴാണ് നേതാക്കള്‍ സംഭവം അറിഞ്ഞത്. ഒടുവില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്നാണ് ജയപ്രസാദിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കിയത്. അതിശക്തമായ ജനകീയപ്രതിഷേധത്തെ പൊലീസ്മതിലിനും ഒതുക്കാനായില്ല. തുടര്‍ന്നാണ് കിരാതമായ ആക്രമണം പൊലീസ് നടത്തിയത്. വിജയദാസിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതായി ഡിസിപി ഡോ. ശ്രീനിവാസ് അറിയിച്ചു. സംഭവം സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമീഷണര്‍ അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ പി വിജയന്‍ അറിയിച്ചു.
((എം വി പ്രദീപ്))

അടികൊണ്ട് വീണിട്ടും ബൂട്ടിട്ട് ചവിട്ടി

ക്രൂരമായ പൊലീസ് മര്‍ദനത്തില്‍ വേദനകൊണ്ട് പുളഞ്ഞ് നിലത്തുവീണശേഷവും സിപിഐ എം പ്രവര്‍ത്തകന്‍ ജയപ്രസാദിനെ വിടാത്ത പൊലീസ് അടിയന്തരാവസ്ഥയിലെ ക്രൂരതകളെയും കടത്തിവെട്ടി. വെള്ളം ആവശ്യപ്പെട്ട് കരഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ കൂട്ടാക്കാതെ പൊലീസ് സംഘം വളഞ്ഞുവച്ച് ബൂട്ടുകൊണ്ട് ചവിട്ടി.

പകല്‍ ഒന്നിനായിരുന്നു ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ ഹോര്‍ട്ടി കോര്‍പ് ജില്ലാ സംഭരണകേന്ദ്രത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. എന്തിനും സജ്ജരാക്കി വന്‍ പൊലീസ് സംഘത്തെ മാര്‍ക്കറ്റിനു മുന്നില്‍ എത്തിച്ചെന്ന് ഉറപ്പാക്കിയശേഷം രണ്ടേകാലോടെയാണ് മുഖ്യമന്ത്രി എത്തിയത്. റോഡിന് അരുകില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ "സോളാര്‍ തട്ടിപ്പ് വീരന്‍ മുഖ്യമന്ത്രി രാജിവയ്ക്കുക" എന്ന ബാനറിനു പിന്നില്‍ നിരന്നുനിന്ന് കരിങ്കൊടി കാണിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ക്കു മുന്നില്‍ മതില്‍ സൃഷ്ടിച്ച് പൊലീസ്പട നിരന്നുനിന്നിരുന്നു. പൊലീസ് മതില്‍ സൃഷ്ടിച്ചശേഷം എല്‍ഡിഎഫ് പ്രവര്‍ത്തകരെ റോഡരുകില്‍നിന്ന് മാറ്റാന്‍ ശ്രമിച്ചത് ബഹളത്തിനിടയാക്കി.

ഇതിനിടെ സ്ഥലത്തെത്തിയ കൃഷിമന്ത്രി കെ പി മോഹനന്റെ കാറിനു നേരെ പ്രതിഷേധക്കാര്‍ ചീമുട്ടയെറിഞ്ഞു. മുഖ്യമന്ത്രി എത്തിയപ്പോള്‍ കരിങ്കൊടി ഉയര്‍ത്തിക്കാണിച്ച പ്രവര്‍ത്തകരെ പൊലീസ് തള്ളിയിടാനും കസ്റ്റഡിയിലെടുക്കാനും ശ്രമിച്ചതോടെ പ്രവര്‍ത്തകര്‍ ഇളകി. പൊലീസ് വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ, പൊലീസ്വലയത്തിനിടയിലൂടെ വന്ന മുഖ്യമന്ത്രിയുടെ വാഹനത്തില്‍ തുരുതുരാ ചീമുട്ട വീണു. ചീമുട്ടയില്‍ കുളിച്ചാണ് മുഖ്യമന്ത്രിയുടെ കാര്‍ ഉദ്ഘാടനവേദിയിലെത്തിയത്. കാര്‍ അകത്തേക്കുപോയ ഉടനാണ് ഷര്‍ട്ട് ഉയര്‍ത്തിക്കാണിച്ച ജയപ്രസാദിനെ പൊലീസ് പിടിച്ചുകൊണ്ടുപോയി ജനനേന്ദ്രിയം തകര്‍ത്തത്. വഞ്ചിയൂര്‍ ഏരിയയിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയത്. സമാധാനപരമായി നടത്തിയ പ്രതിഷേധപ്രകടനത്തെ പ്രാകൃതമുറയിലുള്ള നിഷ്ഠുര പൊലീസ്മുറ പ്രയോഗിച്ച് നേരിടുന്നതിനെതിരെ സംസ്ഥാനത്താകെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

deshabhimani

No comments:

Post a Comment