Saturday, September 7, 2013

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു

കോട്ടയത്ത് മുഖ്യമന്ത്രിയോട് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ മേഴ്സി രവി അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി മടങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ മുന്നിലായിരുന്നു കൈയേറ്റം.

ബുധനാഴ്ച എല്‍ഡിഎഫ് പ്രവര്‍ത്തകനു നേരെ തലസ്ഥാനത്തുണ്ടായ പൊലീസ് അതിക്രമത്തെക്കുറിച്ച് പ്രതികരണം ആരായാന്‍ ഹാളിന് വെളിയില്‍ മാധ്യമപ്രവര്‍ത്തകര്‍ കാത്തുനിന്നിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരോടാപ്പമാണ് മുഖ്യമന്ത്രി എത്തിയത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. സുരക്ഷാവലയം തീര്‍ത്ത് കമാന്‍ഡോകള്‍ മുഖ്യമന്ത്രിയെ ഹാളിന് വെളിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. മാധ്യമപ്രവര്‍ത്തകരെ ശക്തിയോടെ അവര്‍ തള്ളിമാറ്റി. ക്യാമറയും മൈക്കുമായിനിന്ന ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ ശക്തമായ തള്ളില്‍ തറയില്‍ വീണു. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ആക്രോശവുമായി പിന്നെയും ആക്രമിക്കാന്‍ തുനിഞ്ഞു. "മാധ്യമപ്രവര്‍ത്തകര്‍ ക്വട്ടേഷന്‍ പണി ചെയ്യേണ്ട" എന്ന് പറഞ്ഞായിരുന്നു പാഞ്ഞടുത്തത്. മാധ്യമപ്രവര്‍ത്തകര്‍ ചെറുത്തതോടെയാണ് അവര്‍ പിന്തിരിഞ്ഞത്.

സംഭവം അരങ്ങേറുമ്പോള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഹാളില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകര്‍ തിരുവഞ്ചൂരിനോട് പരാതി പറഞ്ഞു. പരിശോധിക്കാമെന്നായിരുന്നു മറുപടി. തലസ്ഥാനത്തെ പൊലീസ് അതിക്രമത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാന്‍ ആഭ്യന്തരമന്ത്രിയും തയ്യാറായില്ല.

deshabhimani

No comments:

Post a Comment