Wednesday, October 16, 2013

വിദേശ ബാങ്കുകളെ കയറൂരി വിടരുത് - ബെഫി

വിദേശ ബാങ്കുകള്‍ക്ക് യഥേഷ്ഠം ശാഖകള്‍ തുറക്കാനും ഇന്ത്യന്‍ ബാങ്കുകളെ ഏറ്റെടുക്കാനുമുള്ള അധികാരങ്ങള്‍ നല്‍കുന്ന ബാങ്കിംഗ് പരിഷ്കാരങ്ങള്‍ നടപ്പാക്കുമെന്ന റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണരുടെ പ്രസ്താവന ആശങ്കാജനകമാണ്.  വാഷിംഗ് ടണില്‍ വച്ച് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന്‍ നടത്തിയതായി കാണുന്ന പ്രസ്താവന യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ അധികാര പരിധിക്കുമപ്പുറമാണ്. പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്ബ്സിഡിയറി സ്ഥാപനം തുടങ്ങിയാല്‍  വിദേശ ബാങ്കുകള്‍ക്കും  ഇന്ത്യന്‍ ബാങ്കുകള്‍ക്ക് തുല്യമായ പരിഗണന നല്കുമെന്നും എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്കും തത്തുല്യ പരിഗണയുണ്ടാകണമെന്ന നിബന്ധന കൂടി അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ കാണുന്നു.   രണ്ടു രാഷ്ട്രങ്ങളിലെ സര്‍ക്കാരുകള്‍  തമ്മില്‍ ഉണ്ടാക്കേണ്ട കരാറിനെ സംബന്ധിച്ച്  കേവലം റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ക്ക് ഉപാധി നിര്‍ദ്ദേശിക്കാന്‍ അധികാരമുണ്ടോ എന്നകാര്യം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതാണ്.

തങ്ങളുടെ രാജ്യങ്ങളില്‍ നിയമരഹിതമായ പ്രവര്‍ത്തങ്ങളിലൂടെ തകര്‍ച്ച നേരിടുന്ന വിദേശ ബാങ്കുകള്‍ക്ക് ഇന്ത്യാ രാജ്യത്ത് പരവതാനി വിരിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം.  രാജ്യത്തോട് പ്രതിബദ്ധതയുള്ള, സാധാരാണ ജനങ്ങള്‍ക്ക് പ്രാപ്യമായ, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ നടപ്പാക്കാന്‍ ബാദ്ധ്യസ്ഥമായ പൊതുമേഖലാ ബാങ്കുകളാണ് നമ്മുടെ രാജ്യത്തിന് ആവശ്യമായിട്ടുള്ളത്.

സി.ജെ. നന്ദകുമാര്‍
ജനറല്‍ സെക്രട്ടറി

No comments:

Post a Comment