Monday, October 21, 2013

പുന്നപ്ര- വയലാര്‍ വാരാചരണം തുടങ്ങി

ആലപ്പുഴ: പുന്നപ്ര-വയലാര്‍-മാരാരിക്കുളം രക്തസാക്ഷി വാരാചരണത്തിന് സി എച്ച് അനുസ്മരണദിനമായ ഞായറാഴ്ച കൊടിയുയര്‍ന്നു. പുന്നപ്ര സമരഭൂമിയില്‍ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ കെ ജയന്‍ പതാക ഉയര്‍ത്തി. ആലപ്പുഴ വലിയചുടുകാട്ടില്‍ സമരസേനാനി എന്‍ കെ ഗോപാലനും മാരാരിക്കുളത്ത് സമരസേനാനി സി കെ കരുണാകരനും പതാക ഉയര്‍ത്തി. പതാക ഉയര്‍ത്തലിനുശേഷം ഈ കേന്ദ്രങ്ങളില്‍ സി എച്ച് അനുസ്മരണസമ്മേളനവും ചേര്‍ന്നു.

വയലാറില്‍ സ്ഥാപിക്കാനുള്ള പതാക മേനാശേരി രക്തസാക്ഷിമണ്ഡപത്തില്‍ സമരസേനാനി സി കെ കരുണാകരന്‍ വാരാചരണ കമ്മിറ്റി വൈസ് പ്രസിഡന്റ് പി വി പൊന്നപ്പന് കൈമാറി. തുറവൂര്‍, അരൂര്‍, അരൂക്കുറ്റി പാണാവള്ളി വഴി ജാഥ ഒറ്റപ്പുന്നയിലെത്തി. തുടര്‍ന്ന് സി എച്ച് അനുസ്മരണസമ്മേളനം ചേര്‍ന്നു. തിങ്കളാഴ്ച രാവിലെ ജാഥ പ്രയാണം തുടങ്ങി വയലാറിലെത്തും. പകല്‍ 11ന് സമരസേനാനി പി കെ ചന്ദ്രാനന്ദന്‍ പതാക ഉയര്‍ത്തും. മേനാശേരിയില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് അത്തിക്കാട് വിശ്വന്‍ പതാക ഉയര്‍ത്തും. വാരാചരണത്തോടനുബന്ധിച്ച് പറവൂര്‍ രക്തസാക്ഷി നഗറില്‍ സാംസ്കാരികസമ്മേളനം കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനംചെയ്തു. വിനോദ് വൈശാഖി അധ്യക്ഷനായി.

വീരസ്മരണ ഉണര്‍ത്തി ഈ വാരിക്കുന്തം

ചേര്‍ത്തല: പുന്നപ്ര-വയലാര്‍ സമരത്തിന്റെ അടയാളമായി ലോകം അറിയുന്ന വാരിക്കുന്തം നിധിപോലെ സൂക്ഷിക്കുകയാണ് സമരസേനാനി വേലുവിന്റെ മകന്‍ രമണന്‍. അച്ഛന്‍ വയലാറിലെ പോര്‍മുഖത്ത് കൈയിലേന്തിയ വാരിക്കുന്തമാണ് 67 വര്‍ഷങ്ങള്‍ക്കുശേഷവും സമരവീര്യത്തിന്റെ മായാത്ത പ്രതീകമായി രമണന്‍ വീട്ടില്‍ സൂക്ഷിക്കുന്നത്. വയലാര്‍ മണ്ഡപം വാര്‍ഡ് ജോയി ഭവനില്‍ രമണന് പ്രായം പുന്നപ്ര-വയലാര്‍ സമരത്തിനൊപ്പം. അച്ഛന്‍ വേലുവും മറ്റ് സമരസഖാക്കളും വാരിക്കുന്തവുമായി പട്ടാളത്തോട് ഏറ്റുമുട്ടിയപ്പോള്‍ രമണന്‍ ഗര്‍ഭാവസ്ഥയില്‍. സമരമുഖത്ത് വെടിയേല്‍ക്കാതെ കഷ്ടിച്ച് രക്ഷപ്പെട്ട അച്ഛന്റെ അനുഭവങ്ങള്‍ കേട്ടാണ് രമണന്‍ വളര്‍ന്നത്. വീട്ടില്‍ മുളന്തണ്ടിലാക്കി അച്ഛന്‍ സൂക്ഷിച്ച വാരിക്കുന്തത്തോട് രക്തസാക്ഷികളോടെന്നപോലെ രമണനില്‍ ആദരം വളര്‍ന്നു. 1985ല്‍ അച്ഛന്‍ മരിച്ചശേഷം രമണന്‍ വാരിക്കുന്തം സൂക്ഷിക്കുന്നു. വിളഞ്ഞ അടക്കാമരത്തില്‍ നിര്‍മിച്ച വാരിക്കുന്തം പുന്നപ്ര വയലാര്‍ പോരാട്ടത്തിന്റെ പ്രതീകമായാണ് കരുതുന്നത്. സമരധീരതയുടെ കരുത്തും നിശ്ചയദാര്‍ഢ്യവും വാരിക്കുന്തത്തില്‍ പ്രതിഫലിക്കുന്നുവെന്ന തിരിച്ചറിവാണ് രമണനെ നയിക്കുന്നത്. സമരസേനാനികളായ വി എസിനെയോ, പി കെ ചന്ദ്രാനന്ദനെയോ ഈ വാരിക്കുന്തം ഏല്‍പ്പിക്കാനാണ് കയര്‍ഫാക്ടറിത്തൊഴിലാളിയായ രമണന്റെ ആഗ്രഹം.

deshabhimani

No comments:

Post a Comment