Tuesday, October 15, 2013

ജ്യൂസിന്റെ രുചി കുട്ടുകള്‍ മാറ്റിമറിച്ച കലന്തന്‍കോയ ഇനി ഓര്‍മ

കോഴിക്കോട്: മുന്തിരിച്ചാര്‍ മുതല്‍ ബട്ടര്‍ ഫ്രൂട്ട് വരെ നീളുന്ന ജ്യൂസിന്റെ രുചി കോഴിക്കോട്ടുകാര്‍ക്ക് പകര്‍ന്ന സി പി കലന്തന്‍കോയ ഇനി ഓര്‍മ.മാനാഞ്ചിറ കലന്തന്‍സ് കൂള്‍ബാര്‍ ഉടമ അരീക്കാട് കലന്തന്‍സ് ഹൗസില്‍ ഇ പി കലന്തന്‍കോയ (85)തിങ്കളാഴ്ച രാ;ിയാണ് നിര്യാതനായത്. നാരങ്ങവെള്ളത്തില്‍നിന്ന് ജ്യൂസിലേക്ക് ഇവിടുത്തുകാരുടെ രുചി മാറ്റിയെടുത്തയാളാണ് കലന്തന്‍കോയ. 1965 മുതല്‍ അദ്ദേഹം മാനാഞ്ചിറയില്‍ ജ്യൂസ് കടയുമായുണ്ട്.

ലൈം ജ്യൂസില്‍ തുടങ്ങിയ ജ്യൂസ് കച്ചവടം കോഴിക്കോടിന്റെ രുചി സങ്കല്‍പ്പത്തെ തന്നെ മാറ്റിമറിച്ചു. മിഠായിതെരുവിലെ മൊയ്തീന്‍പള്ളി റോഡില്‍ മറ്റൊരാളുമായി ചേര്‍ന്നായിരുന്നു ആദ്യം കച്ചവടം. പിന്നീട് സെന്‍ട്രല്‍ ലൈബ്രറിക്കടുത്ത് സ്വന്തമായി കച്ചവടം തുടങ്ങി. സര്‍ബത്തിന്റെ ലോകത്തുനിന്ന് ലൈം ജ്യൂസിലേക്ക് കോഴിക്കോട്ടുകാരെ മാറ്റി നടത്തിയത് കലന്തന്‍കോയയായിരുന്നു. 1985ല്‍ പാലൊഴിച്ചുള്ള ജ്യൂസിലേക്ക് കളം മാറ്റി ചവിട്ടി. പീന്നീട് "ഷാര്‍ജ ഷെയ്ക്ക്" എന്ന് പ്രശസ്തമായ ജ്യൂസും കലന്തന്‍കോയയുടെ രൂചിപെരുമയാണ്.

കോഴിക്കോട്ടെത്തുന്നവര്‍ കലന്തന്‍സിലെ ജ്യൂസ് കുടിക്കാതെ മടങ്ങില്ലെന്ന നിലയിലേക്ക് പ്രശസ്തി ഉയര്‍ന്നു. ആത്മാര്‍ഥതയും സത്യസന്ധതയുമുള്ള കച്ചവടക്കാരനായിരുന്നു അദ്ദേഹം. ഏറ്റവും മികച്ച പഴങ്ങള്‍ ഉപയോഗിച്ചാണ് എന്നും അദ്ദേഹം ജ്യൂസ് ഉണ്ടാക്കിയത്. കോഴിക്കോട്ടുകാര്‍ മാത്രമല്ല ജില്ലയ്ക്ക് പുറത്തുനിന്നെത്തുന്നവരും കലന്തന്‍സിലെ ജ്യൂസിന്റെ രുചി അറിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തകരും കായികതാരങ്ങളുമെല്ലാം കലന്തന്‍സിലെത്താറുണ്ട്.ഫുട്ബോള്‍ താരം ഐ എം വിജയനടക്കമുള്ളവര്‍ കലന്തന്‍സിലെ സന്ദര്‍ശകരില്‍പ്പെടും.

മേയില്‍ അസുഖബാധിതനാകുന്നതുവരെ കലന്തന്‍കോയ ദിവസവും കടയില്‍ എത്തിയിരുന്നു. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് അരീക്കാട് ബറാമി മസ്ജിദില്‍. ഭാര്യ: ഇമ്പിച്ചിഫാത്തിമാബി (ബീവി). മക്കള്‍: ഉസ്മാന്‍കോയ, മുസ്തഫ, അഷറഫ്, ഷാഫി, ഷാഹുല്‍ഹമീദ്, സുഹറാബി (ബിച്ചു), ലൈല, ഉമൈബ, ഹൈറുന്നീസ, ഹസീന. മരുമക്കള്‍: അസ്സന്‍കോയ, ലത്തീഫ്, ബഷീര്‍, നസീര്‍, റഹ്മത്തുല്ല, സക്കീന, സാഹിദ, സജി, സജ്ന, ഫാസില.

deshabhimani

No comments:

Post a Comment