Monday, October 21, 2013

മനസ്സില്‍ കനല്‍ കോരിയിട്ട് മണ്ടോടി കണ്ണന്‍

മാനന്തവാടി: ഒഞ്ചിയം പോരാട്ടത്തിന്റേയും ധീര രക്തസാക്ഷികളുടേയും കഥ പറയുന്ന "മണ്ടോടി പറയുന്നു-ഒഞ്ചിയം എന്റെ ചുവന്ന മണ്ണ് "ഭനാടകം ആസ്വാകരെ തീപിടിപ്പിക്കുന്നതായി. അരങ്ങില്‍ ആവേശതിരയിളക്കി മണ്ടോടി കണ്ണന്‍ പുനര്‍ജനിച്ചപ്പോള്‍ ഇതള്‍ വിരിഞ്ഞത് ചോര മണത്ത ഒരു കാലത്തെ ഓര്‍മ്മപ്പെടുത്തലുകളാണ്. ജനനാട്യവേദിയുടെ നേതൃത്വത്തില്‍ വടകര നാടക ഭൂമിയാണ് നാടകം അരങ്ങിലെത്തിച്ചത്. മാനന്തവാടി ഗദ്യക ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് നാടകം അരങ്ങിലെത്തിയത്. നാടകം കാണുന്നതിനായി നിരവധി ആളുകളാണ് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ തിങ്ങി നിറഞ്ഞത്. നാടകം പുതു തലമുറക്കുള്ള പഴമയുടെ ഓര്‍മ്മപ്പെടുത്തലുകളായി.

ക്രൂരമായ കമ്യൂണിസ്റ്റ് വേട്ടയിലും പതറാതെ പാവങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ച മണ്ടോടി കണ്ണനെ പോലെയുള്ള നിരവധി പോരളികളെ ഓര്‍മ്മിക്കുവാനുള്ള ഒരു വേദി കൂടിയായിത്. 1948 ഏപ്രില്‍ 30ന് പോലീസ് നടത്തിയ നരനായാട്ടും ജയിലറക്കുള്ളില്‍ സ്വന്തം ചോരക്കൊണ്ട് അരിവാള്‍ ചുറ്റിക വരച്ച് ധീര രക്തസാക്ഷിയാകുന്ന മണ്ടോടിയുടെ ജീവിത കഥ കാണികളുടെ മനസ്സില്‍ കനല്‍ കോരിയിട്ടു. &ഹറൂൗീ; പാര്‍ട്ടിയാണ് വലുത്. അതിനെക്കാക്കണം.. ഭൂമി ഉള്ളോടുത്തോളം കാലം തോല്‍ക്കരുത് സഖാക്കളെ ആര്‍ക്ക് മുമ്പിലും. റെഡ് സല്യൂട്ട്. നാടകം അവസാനിക്കുമ്പോള്‍ മാണ്ടോടിയുടെ വാക്കുകള്‍ കാണികളും ഹൃദയത്തിലേറ്റി വാങ്ങുകയാണ്. നാടകത്തിലെ അവസാന രംഗമായി മണ്ടോടി കണ്ണന്റെ ചേതനയറ്റ ശരീരത്തിനു മുകളില്‍ പാര്‍ട്ടി പതാക പുതപ്പിച്ചപ്പോള്‍ മുദ്രാവാക്യം വിളികളോടെയാണ് കാണികള്‍ നാടകത്തിന് വിട നല്‍കിയത്. 18ഓളം കഥാപാത്രങ്ങളെ അനായസമായ അഭിനയ ചാരുതയോടുകൂടിയാണ് മുരളി നമ്പ്യാരും, അശോകന്‍ പതിയാരക്കരയും പ്രേക്ഷകരെ കയ്യിലെടുത്തത്. മണിക്കൂറുകള്‍ കൊണ്ട് മണ്ടോടി കണ്ണന്റെ പോരാട്ട കഥകള്‍ കാണികളുടെ മനസില്‍ കോറിയിടാന്‍ ഇവര്‍ക്ക് കഴിഞ്ഞു.

സുരേഷ് ബാബു ശ്രീസ്ഥയാണ് നാടക രചന. സാംകുട്ടി പട്ടംകരി സംവിധാനവും നിര്‍വ്വഹിച്ചു. വയലാര്‍, പി ഭാസ്ക്കരന്‍, ഗോപി നാരായണന്‍, സാംകുട്ടി, ജനാര്‍ദനന്‍ ഇരിങ്ങണൂര്‍, രമേശ് കാവില്‍ എന്നിരുടെ വരികള്‍ക്ക് പ്രേംകുമാര്‍ വടകര ഈണം പകര്‍ന്നു. ആര്‍ട്ടിസ്റ്റ് ബേബി രാജ്, പി പി ഷാജു എന്നിവരാണ് അണിയറയില്‍ പ്രവര്‍ത്തിച്ചത്.

deshabhimani

No comments:

Post a Comment