Monday, October 21, 2013

യാത്രക്കാര്‍ ഇഷ്ടംപോലെ; എന്നാല്‍ വരുമാനം കുറവെന്ന് റെയില്‍വേ

യാത്രക്കാരെ നിറച്ച് ട്രെയിന്‍ ഓടുമ്പോഴും വരുമാനം കുറയുന്നത് റെയില്‍വേയെ ആശങ്കയിലാക്കുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ ആറുമാസത്തിനിടെ ഉണ്ടായ കുറവാണ് റെയില്‍വേയുടെ വരുമാനം കുറച്ചത്. എന്നാല്‍, യാത്രക്കാരുടെ എണ്ണം കുറഞ്ഞിട്ടുമില്ല. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈവര്‍ഷം ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്തവരുടെ എണ്ണത്തില്‍ ഏകദേശം 3.8 ശതമാനം കുറവുണ്ടായി. ഒരു വര്‍ഷത്തിനിടെ റെയില്‍വേയുടെ റിസര്‍വേഷന്‍ നിരക്കും സാധാരണ യാത്രാനിരക്കും അടിക്കടി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍, വര്‍ധനയ്ക്കനുസരിച്ച് റെയില്‍വേക്ക് പ്രതീക്ഷിച്ച വരുമാനം കിട്ടിയില്ല. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ യാത്രാനിരക്കായി ലഭിച്ചത് 18,099.83 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷം ഇത് 15,582.42 കോടി രൂപയായിരുന്നു. 16 ശതമാനം വര്‍ധന മാത്രമാണ് ഉണ്ടായത്. 20 ശതമാനത്തിലേറെ വര്‍ധന പ്രതീക്ഷിച്ചിടത്താണ് ഇത്. ഇത് റെയില്‍വേയുടെ സാമ്പത്തികസ്ഥിതിയില്‍ വന്‍ ഇടിവുണ്ടാക്കുമെന്ന് റെയില്‍വേ ബോര്‍ഡ് അംഗം പ്രസാദ് പാണ്ഡെ പറഞ്ഞു.

എല്ലാ ട്രെയിനും യാത്രക്കാരെ കൊണ്ട് നിറയുന്നുണ്ടെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഇതിനോട് യോജിക്കുന്നില്ല. ഇതു പരിഹരിക്കാന്‍ കൂടുതല്‍ ടിക്കറ്റ് കൗണ്ടറുകള്‍ ആരംഭിക്കുമെന്നും കൗണ്ടറുകളില്‍ കൂടുതല്‍ ആളുകളെ നിയമിക്കുമെന്നും പ്രസാദ് പറഞ്ഞു. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയാണ്. ഇത് റെയില്‍വേയുടെ വരുമാനത്തെ കാര്യമായി ബാധിക്കുന്നു. ദീര്‍ഘദൂര യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ വന്‍കുറവ് വന്നിട്ടില്ലെങ്കിലും ചെറിയദൂരങ്ങളില്‍ വന്‍കുറവാണ് ഉണ്ടായത്.

deshabhimani

No comments:

Post a Comment