Monday, October 21, 2013

കൂടംകുളം: ഇന്ത്യയും റഷ്യയുമായി ഉടന്‍ ധാരണയില്ല

കൂടംകുളം ആണവനിലയത്തിലെ മൂന്നും നാലും യൂണിറ്റുകള്‍ക്കായുള്ള റിയാക്ടറുകളുടെ വിതരണ കാര്യത്തില്‍ ഇന്ത്യയും റഷ്യയും ഉടന്‍ ധാരണയിലെത്താനിടയില്ല. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നിലവില്‍ റഷ്യന്‍ സന്ദര്‍ശനത്തിലാണെങ്കിലും ആണവ ബാധ്യതാനിയമത്തിന്റെ കാര്യത്തില്‍ ധാരണയിലെത്താത്ത സാഹചര്യത്തിലാണ് കരാറിനുള്ള സാധ്യത മങ്ങുന്നത്. ആണവബാധ്യതാ വിഷയത്തില്‍ കൂടി ധാരണയിലെത്തുന്നതിന് ഇരുഭാഗത്തുമുള്ള അഭിഭാഷകര്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ കരാര്‍ ഒപ്പിടല്‍ എളുപ്പമല്ല. കരാറിന്റെ കരട് തയ്യാറായിട്ടുണ്ടെന്നും അഭിഭാഷകര്‍ അവസാനവട്ട ശ്രമങ്ങളിലാണെന്നും പ്രധാനമന്ത്രിയോടൊപ്പം റഷ്യന്‍ പര്യടനത്തിലുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇന്ത്യന്‍ ആണവോര്‍ജ കോര്‍പറേഷനും റഷ്യയുടെ റൊസാടൊമുമായുള്ള വാണിജ്യകരാറാണ് ഒപ്പിടേണ്ടത്. ആണവബാധ്യതാ നിയമത്തിന് കീഴില്‍ കൂടംകുളം പദ്ധതി വരുന്നതിനോട് റഷ്യക്ക് താല്‍പ്പര്യമില്ല. ബാധ്യതാവിഷയത്തില്‍ അന്തര്‍സര്‍ക്കാര്‍ ധാരണ പിന്തുടര്‍ന്നാല്‍ മതിയെന്നാണ് റഷ്യന്‍ നിലപാട്. ആണവദുരന്തമുണ്ടായാല്‍ ഉപകരണങ്ങളുടെ പാളിച്ചയുണ്ടെങ്കില്‍ മാത്രം വിതരണക്കാര്‍ക്ക് ബാധ്യത വരുംവിധം കാര്യങ്ങള്‍ കൊണ്ടുപോകാമെന്ന ഉറപ്പ് ഇന്ത്യ നല്‍കിയിട്ടുണ്ടെങ്കിലും റഷ്യ വഴങ്ങിയിട്ടില്ല. ഇന്ത്യയും റഷ്യയും തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്നും അതുകൊണ്ടാണ് 14-ാം ഉച്ചകോടി ചേരുന്നതെന്നും മോസ്കോയില്‍ വിമാനമിറങ്ങിയ ശേഷം പ്രധാനമന്ത്രി പറഞ്ഞു. പങ്കാളിത്ത വിഷയത്തില്‍ പുനരവലോകനമാണ് ലക്ഷ്യം. ആണവോര്‍ജം, പ്രതിരോധ സഹകരണം, ശാസ്ത്ര- സാങ്കേതികം, വ്യാപാരം, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കും- പ്രധാനമന്ത്രി പറഞ്ഞു.

വിമാനത്താവളത്തില്‍ റഷ്യന്‍ ഉപവിദേശ മന്ത്രി മിഖായേല്‍ ബൊഗ്ദനോവാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പിന്നീട് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ഉച്ചകോടിയില്‍ അഞ്ച് കരാറുകളില്‍ ഇന്ത്യയും റഷ്യയും ഒപ്പുവയ്ക്കും. റഷ്യന്‍ പര്യടനത്തിന് ശേഷം ചൈനയിലെത്തുന്ന മന്‍മോഹന്‍സിങ് ഉന്നതനേതൃത്വവുമായി ചര്‍ച്ച നടത്തും. ചൈനയുമായി അതിര്‍ത്തി സഹകരണ കരാറില്‍ എത്തുകയെന്നതാണ് സന്ദര്‍ശനത്തിലെ മുഖ്യഅജന്‍ഡയെന്ന് ഡല്‍ഹിയില്‍നിന്ന് യാത്രതിരിക്കുംമുമ്പ് മന്‍മോഹന്‍സിങ് പറഞ്ഞു. ചൈനീസ് പ്രധാനമന്ത്രി ലീ കെക്വാങുമായി അതിര്‍ത്തിവിഷയം പ്രധാനമന്ത്രി ചര്‍ച്ചചെയ്യും.

deshabhimani

No comments:

Post a Comment