Monday, October 21, 2013

സോണിയയുടെ ചടങ്ങില്‍ നല്‍കിയത് കള്ളപ്പട്ടയം; തിരിച്ചുവാങ്ങി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ റവന്യൂ ഭൂമിയെന്ന പേരില്‍ വിതരണം ചെയ്തത് ജല അതോറിറ്റിയുടെ ഭൂമി. തട്ടിപ്പ് പുറത്തായതോടെ പത്തു പാവപ്പെട്ടവര്‍ക്ക് പതിച്ചുനല്‍കിയ ഭൂമിയുടെ പട്ടയം സര്‍ക്കാര്‍ തിരിച്ചുവാങ്ങി. സംസ്ഥാനസര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഭൂരഹിതര്‍ ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായാണ് കള്ളപ്പട്ടയം വിതരണം ചെയ്തത്. തലസ്ഥാനജില്ലയില്‍ നെടുമങ്ങാട് താലൂക്ക് വെള്ളനാട് വില്ലേജിലെ പത്തുപേരാണ് വഞ്ചിതരായത്.

തലസ്ഥാനജില്ലയില്‍ തന്നെ ചിറയിന്‍കീഴില്‍ 29 പേര്‍ക്ക് ശ്മശാനഭൂമി പതിച്ചുനല്‍കിയ തട്ടിപ്പ് പുറത്തുവന്നതിന് തൊട്ടുപിറകെയാണ് നെടുമങ്ങാട്ടെ തട്ടിപ്പും പുറത്തുവന്നത്. വിതരണം ചെയ്തത് ജല അതോറിറ്റിയുടെ ഭൂമിയാണെന്ന് വ്യക്തമായതോടെ പട്ടയം തിരിച്ചുവാങ്ങിയ വില്ലേജ് ഓഫീസറെ കലക്ടര്‍ സസ്പെന്‍ഡ് ചെയ്തതും വിവാദമായി. വെള്ളനാട് വില്ലേജിലെ 53/2 എന്ന സര്‍വേ നമ്പരിലുള്ള ഭൂമിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സ്വന്തമായി ഭൂമിയില്ലാത്ത പാവപ്പെട്ട 10 പേര്‍ക്ക്് മൂന്ന് സെന്റ് വീതം പതിച്ചുനല്‍കിയത്. അരുവിക്കര ഡാം റിസര്‍വോയറിന്റെ ഭാഗത്തുള്ള ജല അതോറിറ്റി ഭൂമിയാണ് ഇത്. വര്‍ഷങ്ങളായി തങ്ങളുടെ കൈവശമുള്ള ഭൂമിയാണ് ഇതെന്നും വിട്ടുനല്‍കില്ലെന്നും ജല അതോറിറ്റി അധികൃതര്‍ അറിയിച്ചതോടെയാണ് സംഭവം വിവാദമായത്. ജല അതോറിറ്റി അധികൃതര്‍ ഇതുസംബന്ധിച്ച് റവന്യു അധികൃതര്‍ക്ക് രേഖാമൂലം പരാതിയും നല്‍കി. ഇതോടെയാണ് വില്ലേജ് ഓഫീസര്‍ പട്ടയം തിരികെ വാങ്ങി തടിയൂരാന്‍ ശ്രമിച്ചത്. എന്നാല്‍, ഭൂമി തിരികെ വാങ്ങിയതിന്റെ കാരണം ഈ പത്തുപേരോടും റവന്യു അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. കാരണം തിരക്കാനും പകരം ഭൂമി കിട്ടുമോയെന്ന് അറിയാനും വില്ലേജ് ഓഫീസില്‍ ചെന്നെങ്കിലും വ്യക്തമായ മറുപടി പോലും ലഭിച്ചില്ല. ഒരു മാസം കഴിഞ്ഞ് അന്വേഷിക്കൂ എന്നുപറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.

ചട്ടവിരുദ്ധമായി പട്ടയം തിരിച്ചുവാങ്ങിയെന്ന് കുറ്റപ്പെടുത്തിയാണ് വില്ലേജ് ഓഫീസര്‍ എസ് സുനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തത്. പട്ടയം വാങ്ങിവയ്ക്കാനുള്ള അധികാരം വില്ലേജ് ഓഫീസര്‍ക്ക് ഇല്ലെന്നും പരാതിയുണ്ടെങ്കില്‍ ഉടമസ്ഥനില്‍ നിന്ന് പരാതിയും തിരുത്തിനല്‍കാനുള്ള അപേക്ഷയും വാങ്ങണമെന്നും തുടര്‍ന്ന് തഹസില്‍ദാറെ പരാതി അറിയിക്കണമെന്നുമാണ് വ്യവസ്ഥ. തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചതിനുശേഷം മാത്രമേ തുടര്‍നടപടി സ്വീകരിക്കാവൂ എന്നിരിക്കെ പട്ടയം തിരിച്ചുവാങ്ങിയെന്നാണ് വില്ലേജ് ഓഫീസറുടെ പേരിലുള്ള "കുറ്റം." എന്നാല്‍, സ്ഥലം റവന്യു ഭൂമി തന്നെയെന്നാണ് നെടുമങ്ങാട് തഹസില്‍ദാര്‍ അനില്‍കുമാര്‍ അവകാശപ്പെടുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായി കലക്ടര്‍ കെ എന്‍ സതീഷ് പറഞ്ഞു. ചിറയിന്‍കീഴില്‍ ശ്മശാനഭൂമി നല്‍കിയ സംഭവവും "അന്വേഷണ"ത്തിലാണ്. ഭൂമിയുടെ പട്ടയം കിട്ടിയവര്‍ പെരുവഴിയിലും.

deshabhimani

No comments:

Post a Comment