Tuesday, October 22, 2013

വാര്‍ത്ത വസ്തുതാ വിരുദ്ധം: സിപിഐ എം

ആലപ്പുഴ: സിപിഐ എം ജില്ലാ കമ്മിറ്റി യോഗവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്താഭാഗങ്ങള്‍ വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് സെക്രട്ടറി സി ബി ചന്ദ്രബാബു പ്രസ്താവനയില്‍ പറഞ്ഞു. 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി 2012 ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സമ്മേളനം അംഗീകരിച്ച ഭാവി പ്രവര്‍ത്തന പരിപാടികള്‍ ഏറ്റെടുത്ത് നടപ്പാക്കി വരികയാണ്. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എന്തെല്ലാം ദൗര്‍ബല്യങ്ങളാണുള്ളതെന്ന് പരിശോധിച്ച് തിരുത്തുന്നതിന് വിവിധ നിലവാരത്തില്‍ പരിശ്രമം തുടങ്ങി.

ഇതിന്റെ ഭാഗമായി 2012 സെപ്തംബറില്‍ പാര്‍ടി ജില്ലാ കമ്മിറ്റികള്‍ കൂടുകയും 2013 ജനുവരിയില്‍ സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ പങ്കെടുത്ത് എല്ലാ ഏരിയ കമ്മിറ്റികളും യോഗം ചേര്‍ന്നു. ഈ യോഗങ്ങളുടെ റിപ്പോര്‍ട്ട് ആഗസ്തില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിന്റെ തുടര്‍ച്ചയായി കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലാ സെക്രട്ടറിയറ്റും ജില്ലാ കമ്മിറ്റിയും പാര്‍ടി സംസ്ഥാന സെക്രട്ടറിയും സെക്രട്ടറിയറ്റംഗങ്ങളും പങ്കെടുത്ത് ചേര്‍ന്നു. ജില്ലാ കമ്മിറ്റിയിലും ഏരിയ- ലോക്കല്‍ കമ്മിറ്റികളിലും ബ്രാഞ്ചുകളിലും നിലനില്‍ക്കുന്ന പ്രധാന ദൗര്‍ബല്യങ്ങള്‍ പരിശോധിച്ച് അവയ്ക്കെല്ലാം പരിഹാരം കാണുന്നതിനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചാണ് ജില്ലാ കമ്മിറ്റിയോഗം അവസാനിച്ചത്.

പല കമ്മിറ്റികളിലും ആ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്ന അംഗങ്ങളിലുമുള്ള പോരായ്മകള്‍ വിശദമായി പരിശോധിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി ഏതെങ്കിലും കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനിച്ചിട്ടില്ല. ഏതെങ്കിലും കമ്മിറ്റി നിഷ്ക്രിയമാണെന്നും വിലയിരുത്തിയിട്ടില്ല. ജില്ലാ സെക്രട്ടറിയറ്റിലെ ഒഴിവിലേക്ക് ടി കെ ദേവകുമാറിനെ തെരഞ്ഞെടുത്തത് ഏകകണ്ഠമായാണ്. ഈ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന ഒന്നിലേറെ യോഗ്യരായ അംഗങ്ങള്‍ പാര്‍ടി ജില്ലാ കമ്മിറ്റിയിലുണ്ട്. വിശദമായ ചര്‍ച്ച നടത്തി ഒരു സഖാവിനെ തെരഞ്ഞെടുക്കുകയായിരുന്നു. വസ്തുത ഇതായിരിക്കെ പാര്‍ടിയുടെ ഏറ്റവും മുതിര്‍ന്ന നേതാവായ പി കെ ചന്ദ്രാനന്ദന്‍ പറയാത്ത കാര്യങ്ങള്‍ യോഗത്തില്‍ പറഞ്ഞെന്ന് വ്യാഖ്യാനിച്ച് ചമച്ച് അദ്ദേഹത്തെയും കമ്മിറ്റിയിലെ മറ്റംഗങ്ങളെയും ആക്ഷേപിക്കാനാണ് ശ്രമമുണ്ടായത്. ഇത് ശരിയായ മാധ്യമ സംസ്കാരത്തിന് നിരക്കുന്നതല്ല. മുകളില്‍നിന്ന് നേതാക്കളെ കെട്ടിയിറക്കുന്ന ബൂര്‍ഷ്വാ പാര്‍ട്ടികളുടെ ശൈലിയല്ല കമ്യൂണിസ്റ്റ് പാര്‍ടിക്കുള്ളത്. ഓരോ നില വാരത്തിലും വിശദമായി ചര്‍ച്ച ചെയ്താണ് വിവിധ സ്ഥാനത്തേക്ക് പ്രവര്‍ത്തകരെ നിശ്ചയിക്കുന്നത്. ആ പ്രക്രിയ തന്നെയാണ് ആലപ്പുഴയിലും ഉണ്ടായതെന്നും ചന്ദ്രബാബു പറഞ്ഞു.

deshabhimani

No comments:

Post a Comment