Tuesday, October 22, 2013

കോണ്‍ഗ്രസില്‍ ആകെ കുഴപ്പമെന്ന് മുകള്‍വാസ്നിക്

കേരളത്തിലെ കോണ്‍ഗ്രസില്‍ ആകെ കുഴപ്പമാണെന്നും സാഹചര്യം വളരെ മോശമാണെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകള്‍വാസ്നിക് ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചു. ഇതേ കുറിച്ചുള്ള റിപ്പോര്‍ട്ട് വരും ദിവസങ്ങളില്‍ എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിക്ക് സമര്‍പ്പിക്കും. ഗ്രൂപ്പ് പോര് വളരെ കൂടുതലാണെന്നും ഇത് ജില്ലാ തലങ്ങളിലേക്ക് വ്യാപിച്ചുവെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തി. പരസ്യപ്രസ്താവന പാടില്ലെന്ന ഹെക്കമാന്‍ഡ് നിലപാട് പലപ്പോഴും ലംഘിക്കപ്പെട്ടു. നേതാക്കള്‍ തെരുവിലാണ് പ്രശ്നങ്ങള്‍ വിളിച്ചുപറയുന്നത്.

സര്‍ക്കാരിന് പാര്‍ടിയേയോ പാര്‍ടിക്ക് സര്‍ക്കാരിനേയോ വിശ്വാസമില്ലെന്നും മുകള്‍ വാസ്നിക് റിപ്പോര്‍ട്ട് നല്‍കും. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭരണപരാജയവും തട്ടിപ്പ് കേസുകളിലെ പങ്കാളിത്തവും കേരളത്തിലെ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തിയെന്നും ഹൈക്കമാന്‍ഡിനെ ധരിപ്പിക്കും. സോണിയ ഗാന്ധി എത്തി ചര്‍ച്ചനടത്തിയിട്ടും കോണ്‍ഗ്രസിലെ സംഘടനാ പ്രശ്്നങ്ങളും ഭരണതലത്തിലെ പിഴവുകളും പരിഹരിക്കാനാകത്ത സാഹചര്യത്തിലാണ് കൂടുതല്‍ ചര്‍ച്ചകള്‍ക്കും നടപടികള്‍ക്കുമായി മുകള്‍വാസ്നിക്ക് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയതും ചര്‍ച്ച നടത്തിയതും. പരസ്യപ്രസ്താവന പാടില്ലെന്ന ഹൈക്കമാന്‍ഡിന്റെയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെയും പ്രസ്താവനകളെ വെല്ലുവിളിച്ച്കൊണ്ട് മുതിര്‍ന്ന നേതാക്കളായ കെ മുരളീധരനും മുല്ലപ്പള്ളിയും ഹസ്സനും രാജ്മോഹന്‍ ഉണ്ണിത്താനുമെല്ലാം പരസ്യ നിലപാടെടുക്കുന്നുണ്ട്.

ഇതെല്ലാം വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാലാണ് മുകള്‍ വാസ്നിക് വീണ്ടും വീണ്ടും എത്തി ചര്‍ച്ചകള്‍ നടത്തുന്നത്. എന്നാല്‍ ഭരണതലത്തിലേക്ക് രമേശ്ചെന്നിത്തലയെ കൊണ്ടു വരുന്നതിലുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോജിപ്പാണ് കൂടുതല്‍ ഗ്രൂപ്പ് പോരുകള്‍ക്ക് ഇടയാക്കുന്നതെന്നാണ് പറയുന്നത്.

ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസില്‍ നില്‍ക്കാനാവില്ല: സുധീരന്‍

കൊല്ലം:കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം ഒഴിവാക്കേണ്ടവര്‍ തന്നെ ഗ്രൂപ്പ് കളിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. ഗ്രൂപ്പില്ലാതെ ഇപ്പോള്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനോ നിലനില്‍ക്കാനോ പറ്റാത്ത സ്ഥിതിയാണെന്നും സുധീരന്‍ പറഞ്ഞു. സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ ആകെ കുറഴപ്പമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി മുകള്‍വാസ്നിക്കിന്റെ റിപ്പോര്‍ട്ടിനോടുള്ള പ്രതികരണമായിരുന്നു സുധീരന്റെത്.

deshabhimani

No comments:

Post a Comment