Tuesday, October 22, 2013

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ പ്രക്ഷോഭം ഉയരണം: എം എം മണി

അടിമാലി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരണമെന്നും റിപ്പോര്‍ട്ടില്‍ കാതലായ മാറ്റം വരുത്തണമെന്നും കര്‍ഷകസംഘം കേന്ദ്രവര്‍ക്കിങ് കമ്മിറ്റിയംഗം എം എം മണി പറഞ്ഞു. കെഎസ്കെടിയു നേതൃത്വത്തില്‍ നടത്തിയ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

റിപ്പോര്‍ട്ടിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. സര്‍വകക്ഷിയോഗത്തില്‍ നല്‍കിയ ഉറപ്പ് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ഗൂഡാലോചനയുടെ ഫലമാണീ റിപ്പോര്‍ട്ട്. ഈ പ്രശ്നത്തില്‍ ഇടുക്കി എംപി ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് കൊടുക്കുന്നതിന് മുമ്പ് യുനസ്കോയ്ക്ക് ഇതിന്റെ കോപ്പി കൊടുത്തത് ഗുരുതരമായ പ്രശ്നമാണ്. മാധവ് ഗാഡ്ഗിലിനെ ചെയര്‍മാന്‍ ആക്കിയത്തന്നെ ഗൂഡാലോചനയുടെ ഭാഗമാണ്. ഏകകൃഷി സമ്പ്രദായം നിര്‍ത്തലാക്കാനാണ് ഈ റിപ്പോര്‍ട്ടിലൂടെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇടുക്കിയിലെ ഏലം കൃഷിയെ ഇല്ലാതാക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണോ ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജീവിതത്തില്‍ ഒരു മരംപോലും നടാത്തവരാണ് ഇതിനുവേണ്ടി വാദിക്കുന്നത്.

പാടശേഖരങ്ങള്‍ വ്യാപകമായി നികത്തുന്നത് തടയണം. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ പദ്ധതി നിയമം യുഡിഎഫ് അട്ടിമറിച്ചു. തരിശുനിലം വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്കും റിസോര്‍ട്ട് മാഫിയകള്‍ക്കും വിറ്റ് തുലയ്ക്കുന്ന നയമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തുടരുന്നത്. ഇതിനെതിരെ ശക്തമായ പോരാട്ടം നടത്തേണ്ടതുണ്ട്. ജനകീയപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉമ്മന്‍ ചാണ്ടിക്ക് സമയമില്ല. ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ അരഡസന്‍പേര്‍ കൊള്ളക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്നു. അവര്‍ക്കുവേണ്ടിയുള്ള ഭരണമാണിപ്പോള്‍ നടത്തുന്നത്. തട്ടിപ്പിന് നേതൃത്വം കൊടുക്കുന്നത് ഉമ്മന്‍ചാണ്ടിയാണ്. അതിനാല്‍ കേരളത്തില്‍ ഒരു രാഷ്ട്രിയ മാറ്റം അനിവാര്യമാണ്. കാര്‍ഷിക മേഖല വലിയ പ്രതിസന്ധി നേരിടുന്നു. ഈ മേഖലയില്‍ സമഗ്രമായ പൊളിച്ചെഴുത്ത് നടത്തുന്നതിന് നിരന്തര പോരാട്ടം അനിവാര്യമാണെന്നും എം എം മണി പറഞ്ഞു.

deshabhimani

No comments:

Post a Comment