Tuesday, October 15, 2013

മാരാരിക്കുളം ഇനി കണികണ്ടുണരും "വെണ്‍മ"

സംസ്ഥാനത്തെ ആദ്യ സ്ത്രീസൗഹൃദ പഞ്ചായത്തായ മാരാരിക്കുളം തെക്കില്‍നിന്നും ഇനി "വെണ്‍മ" എന്ന പേരില്‍ ശുദ്ധമായ പശുവിന്‍പാലും. ക്ഷീരോല്‍പാദനം നൂറുശതമാനമാക്കാന്‍ 14 കുടുംബശ്രീ യൂണിറ്റുകളില്‍നിന്നായി 70 പശുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ ആരംഭിച്ച് പഞ്ചായത്തിന്റെ തനതായ ബ്രാന്‍ഡില്‍ പാല്‍ ഉല്‍പാദന വിതരണ ശൃംഖല സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം അസാനഘട്ടത്തിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി സ്നേഹജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ നിര്‍ദേശത്തില്‍ കാര്‍ഷികരംഗത്തെ നിര്‍ബന്ധിത വകയിരുത്തലുകള്‍ ഒഴിവാക്കിയെങ്കിലും പഞ്ചായത്തിന്റെ സാധ്യതകളെ പരമാവധി ഉപയോഗിച്ച് നെല്ല്, നാളികേര കര്‍ഷകരെ സഹായിക്കുന്നതിന് പദ്ധതികള്‍ നടപ്പാക്കുകയും കിഴങ്ങുവര്‍ഗ കൃഷികള്‍ സാര്‍വത്രികമാക്കുന്നതിനും അടുക്കളത്തോട്ടം പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ ഒരിടമാക്കി പഞ്ചായത്തിനെ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ ആദ്യ സ്ത്രീസൗഹൃദ പഞ്ചായത്ത് എന്ന നിലയിലേക്ക് ഉയരാനായി. ഇതിന്റെ തുടര്‍ച്ചയായി പഞ്ചായത്ത്-വാര്‍ഡുതലത്തില്‍ സ്ത്രീ സൗഹൃദകേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ഇവിടെ സ്ത്രീകള്‍ക്കായി ഹെല്‍ത്ത്ക്ലബ്, യോഗ പരിശീലനകേന്ദ്രം, കൗണ്‍സലിങ് സെന്റര്‍, ലൈബ്രറി എന്നിവ ഏര്‍പ്പെടുത്തി. നിയമസഹായ ക്ലിനിക്കും ആരംഭിച്ചു. സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ആയോധനകല പരിശീലനം നല്‍കി. ആരോഗ്യ വിദ്യാഭ്യാസരംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി സംസ്ഥാന സര്‍ക്കാരിന്റെ 2013ലെ ആരോഗ്യ കേരള പുരസ്കാരം ലഭിച്ചു. ജീവിതശൈലീരോഗങ്ങള്‍ നിര്‍ണയിക്കുന്നതിനായി ആരോഗ്യ വളണ്ടിയര്‍മാര്‍ പഞ്ചായത്തിലെ 15,700 കുടുംബങ്ങളിലും ജനകീയ സര്‍വെയും ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോള്‍ എന്നിവയുടെ ശാസ്ത്രീയപരിശോധനയും നടത്തി. ഇവ ക്രോഡീകരിച്ച് ആയുര്‍രേഖ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു. കുട്ടികള്‍ക്കായി വിളര്‍ച്ചാ പരിശോധന നടത്തുന്നതിനും ശാരീരിക-മാനസിക പരിരക്ഷയ്ക്കായി സ്കൂളുകള്‍ കേന്ദ്രീകരിച്ച് വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതിനും കൗമാരക്കാരായ കുട്ടികള്‍ക്ക് ജീവിതനൈപുണ്യ പരിശീലനത്തിനും പദ്ധതികള്‍ നടപ്പാക്കി.

തൊഴിലുറപ്പ് പദ്ധതിയിലൂടെ കഴിഞ്ഞവര്‍ഷം 1500ലേറെ പേര്‍ക്ക് 100 ദിവസം തൊഴില്‍ നല്‍കാനും കഴിഞ്ഞു. ഈ വര്‍ഷം തൊഴിലുറപ്പില്‍ നാലുകോടി രൂപ ചെലവഴിച്ചു. 1.5 കോടിയിലധികം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഡോ. ടി എം തോമസ് ഐസക് എംഎല്‍എയുടെയും എല്ലാ ജനപ്രതിനിധികളുടെയും ജനങ്ങളുടെയും പിന്തുണയോടെയാണ് ഈ കടലോരഗ്രാമം മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ മുന്നേറുന്നതെന്നും എന്‍ പി സ്നേഹജന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment