Tuesday, October 22, 2013

ജനസമ്പര്‍ക്കം: അപേക്ഷ നാലിലൊന്നായി കുറഞ്ഞു

നവംബര്‍ 22ന് തൃശൂരില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിയിലേക്കുള്ള അപേഷകള്‍ നാലിലൊന്നായി ചുരുങ്ങി. 22,199 പേരാണ് ഇതുവരെ അപേക്ഷിച്ചത്. 2011ല്‍ നടന്ന ആദ്യ ജനസമ്പര്‍ക്കത്തില്‍ ജില്ലയില്‍ നിന്ന് അപേക്ഷ നല്‍കിയ 90,0373പേരില്‍ പത്തിലൊന്നിനുപോലും പ്രയോജനം കിട്ടിയിട്ടില്ല. ഇതിനിടെയാണ് രണ്ടാം ജനസമ്പര്‍ക്കത്തിന് അപേക്ഷ സ്വീകരിക്കുന്നത്. ഇക്കുറി അപേക്ഷ ഓണ്‍ലൈനിലൂടെയേ സമര്‍പ്പിക്കാനാവൂ. ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ തേടിപ്പോകാനുള്ള പ്രയാസത്തിനു പുറമെ ജനസമ്പര്‍ക്കം രാഷ്ട്രീയ മുതലെടുപ്പാണെന്ന് ബോധ്യപ്പെട്ടതും അപേക്ഷ കുറയാന്‍ കാരണമായെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കലക്ടറേറ്റില്‍ ലഭിച്ചതില്‍ 18,000ല്‍പരം അപേക്ഷകള്‍ എപിഎല്ലില്‍നിന്ന് ബിപിഎല്‍ ആക്കുന്നതിനുള്ളതാണ്. നാലായിരിത്തോളം അപേക്ഷകളാണ് മറ്റു കാര്യങ്ങള്‍ക്കുള്ളത്. കഴിഞ്ഞ തവണ എപിഎല്ലില്‍നിന്ന് ബിപിഎല്‍ ആക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷകളില്‍ 33,000 എണ്ണം തദ്ദേശസ്ഥാപനങ്ങളുടെ ലിസ്റ്റില്‍ ബിപിഎല്‍ അല്ല എന്ന് അറിയിച്ച് തീര്‍പ്പാകാതെ വച്ചിരിക്കുകയാണ്. ഇപ്പോള്‍ നല്‍കിയ അപേക്ഷകളിലും സമാന തന്ത്രം പ്രയോഗിക്കാനാണ് നീക്കം.

മറ്റ് അപേക്ഷകളില്‍ മലയോര പട്ടയം, ചികിത്സാസഹായം, വീടുവയ്ക്കാന്‍ സഹായം, ക്ഷേമപെന്‍ഷന്‍, ജോലി, ഭൂമിയുടെ ന്യായവില നിശ്ചയിച്ചതിലെ അപാകം, വാട്ടര്‍ കണക്ഷന്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. അപേക്ഷകളില്‍ ഭൂരിഭാഗവും വില്ലേജ് ഓഫീസിലും പഞ്ചായത്ത് ഓഫീസിലും കലക്ടര്‍ക്കും പൊലീസ് സ്റ്റേഷനിലും അപേക്ഷ കൊടുത്ത് പരിഹാരം തേടാനുള്ളതാണ്. ജോലിയും മലയോര പട്ടയവും ഉള്‍പ്പടെ പെട്ടെന്ന് പരിഹാരം കാണാനാവാത്ത അപേക്ഷകളുമുണ്ട്.

മുഖ്യമന്ത്രിയുടെ മെഗാഷോയ്ക്ക് മികവു കൂട്ടാന്‍ തളര്‍വാതം പിടിപെട്ടവരെയും നടക്കാന്‍ പറ്റാത്തവരെയും വൈകല്യമുള്ള കുട്ടികളെയുമൊക്ക ആംബുലന്‍സില്‍ കൊണ്ടുവരാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറെടുക്കുകയാണ്. 2011 ഡിസംബര്‍ 15നു നടന്ന തൃശൂരിലെ ജനസമ്പര്‍ക്കത്തിന് ഇത്തരം ആളുകള്‍ ധാരാളമുണ്ടായെങ്കിലും കാര്യമായ സാമ്പത്തിക സഹായം ലഭിച്ചില്ല. 3600 അപേക്ഷകര്‍ക്കായി ഒന്നര കോടി രൂപ സാമ്പത്തിക സഹായം നല്‍കിയെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ ഏറ്റവും അധികം അപേക്ഷകള്‍ തള്ളിയ ജില്ലകളിലൊന്ന് തൃശൂര്‍. കഴിഞ്ഞ തവണ ആയിരത്തില്‍പരം മലയോര കര്‍ഷകര്‍ പട്ടയത്തിനായി അപേക്ഷ നല്‍കിയെങ്കിലും ആര്‍ക്കും നല്‍കിയില്ല. ഇക്കുറി 300 അപേക്ഷളാണ് ലഭിച്ചത്. കേന്ദ്രനിയമത്തിന്റെ കുരുക്കില്‍പ്പെട്ട മലയോര കര്‍ഷകരുടെ പട്ടയപ്രശ്നത്തിന് പരിഹാരം കാണാനുള്ള നടപടികളൊന്നും യുഡിഫ് സര്‍ക്കാര്‍ ആരംഭിച്ചിട്ടില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നൂറുകണകിനു പെന്‍ഷന്‍ അപേക്ഷകള്‍ വിവിധ വകുപ്പുകളില്‍ കെട്ടികിടക്കുകയാണ്. ഇതിനൊന്നും തീര്‍പ്പ് കല്‍പ്പിക്കാതെയാണ് പാവപ്പെട്ട വികലാംഗരെയും വിധവകളെയമെല്ലാം മുഖ്യമന്ത്രിയുടെ മുന്നിലേക്ക് വീണ്ടും വരുത്തുന്നത്. ചികിത്സാസഹായം തേടി വരുന്നവര്‍ക്ക് ആയിരവും രണ്ടായിരവും എഴുതിക്കൊടുത്ത് ഒഴിവാക്കുകയാണ്. എ ഗ്രൂപ്പുകാരുടെ മേളയാക്കി ജനസമ്പര്‍ക്കത്തെ മാറ്റുന്നതില്‍ ഐ ഗ്രൂപ്പിന് കടുത്ത അമര്‍ഷമുണ്ട്.

deshabhimani

No comments:

Post a Comment