Tuesday, October 22, 2013

കല്‍ക്കരി അഴിമതി: പ്രധാനമന്ത്രിയുടെ മൊഴിയെടുക്കും

കല്‍ക്കരിപ്പാടം അഴിമതിക്കേസസുമായി ബന്ധപ്പെട്ട് സിബിഐ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മൊഴിയെടുക്കും. അന്വേഷണത്തില്‍ നിന്നും പ്രധാനമന്ത്രിയെ മാറ്റി നിര്‍ത്താനുള്ള രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ മറികടന്നാണ് അദ്ദേഹത്തിന്റെ മൊഴി എടുക്കാനുള്ള തീരുമാനവുമായി സിബിഐ മുന്നോട്ട് പോകുന്നത്. കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി സി പരേഖ്, കുമാരമംഗലം ബിര്‍ള എന്നിവരെ ചോദ്യംചെയ്തശേഷമായിരിക്കും മൊഴിയെടുക്കല്‍. ഇവരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പ്രധാനമന്ത്രിയില്‍ നിന്നും മൊഴി എടുക്കുക. പരേഖ് മൊഴിയില്‍ ഉറച്ചുനിന്നാല്‍ പ്രധാനമന്ത്രിയില്‍ നിന്നും മൊഴി എടുക്കേണ്ടി വരുമെന്നാണ് വിലയിരുത്തുപ്പെടുന്നത്.

2005ല്‍ മന്‍മോഹന്‍ സിങ്ങ് കല്‍ക്കരിവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന സമയത്താണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍കോ കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിച്ചത്. തീരുമാനം യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും അത് പൂര്‍ണമായും ശരിയാണെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിലപാട്. കല്‍ക്കരിപ്പാടം വിതരണത്തിലെ ക്രമക്കേടിന്റെ പേരില്‍ മന്‍മോഹന്‍ സിങ്ങിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികള്‍ പ്രക്ഷോഭത്തിനൊരുങ്ങുമ്പോഴാണ് വിതരണത്തെ ന്യായീകരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തുവന്നത്.

കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി പരേഖിനെയും കുമാരമംഗലം ബിര്‍ളയേയും കേസിലുള്‍പ്പെടുത്തിയിരുന്നു. താന്‍ തെറ്റുകാരനെന്ന് സിബിഐ കരുതുന്നെങ്കില്‍, പ്രധാനമന്ത്രിക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹത്തെ ഒന്നാം പ്രതിയാക്കണമെന്നു പരേഖ് പറഞ്ഞതോടെയാണ് വിശദീകരണവുമായി പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്.

deshabhimani

No comments:

Post a Comment